print edition ഈ മണ്ണിൽ ഞങ്ങൾക്കിന്നൊരു ഫ്ലാറ്റുണ്ട്

കിളിമാനൂർ: ‘മണ്ണും വീടും പദ്ധതിയിൽ കിട്ടിയാൽപോലും ഇങ്ങനെയൊന്ന് നിർമിക്കാൻ ഞങ്ങളെ കൊണ്ടാവൂല’–- രോഹിണിയുടെ സന്തോഷം കണ്ണുകളിൽ നിറഞ്ഞു. കയറിക്കിടക്കാനൊരു വീട് സ്വപ്നംപോലും കാണാൻ കഴിയാതിരുന്ന പതിനൊന്നംഗ കുടുംബം എൽഡിഎഫ് തെക്കൻ മേഖലാ വികസനമുന്നേറ്റ ജാഥയെ സ്വീകരിക്കാനെത്തിയത് സ്വന്തം ഫ്ലാറ്റിൽനിന്നാണ്.
ആറ്റിങ്ങൽ മണ്ഡലത്തിലെ സ്വീകരണകേന്ദ്രമായ കിളിമാനൂരിൽ ജാഥാ ക്യാപ്റ്റൻ ബിനോയ് വിശ്വത്തേയും മാനേജർ എം സ്വരാജിനെയും കണ്ട് അവർ ആഹ്ലാദവും നന്ദിയും അറിയിച്ചു. നേതാക്കൾക്കൊപ്പം ഫോട്ടോയുമെടുത്താണ് ലില്ലി, സന്ധ്യ, രശ്മിരാജ്, ഗോമതിയമ്മ, ബാബു, രോഹിണി എന്നിവർ മടങ്ങിയത്.
ഒരു തരി മണ്ണില്ലാതെ വാടകവീട്ടിലും പുറമ്പോക്കിലും കഴിഞ്ഞിരുന്നവർക്ക് ലൈഫ് ഭവനപദ്ധതിയിലൂടെയാണ് കിളിമാനൂർ ബ്ലോക്ക് പഞ്ചായത്ത് വിളയ്ക്കോട്ടുകോണത്താണ് ഫ്ലാറ്റുകൾ നിർമിച്ചുനൽകിയത്. രണ്ട് മുറി, അറ്റാച്ച്ഡ് ബാത്ത്റൂം, ഓപ്പൺ കിച്ചൺ, ഹാൾ എന്നിവയുള്ള ഫ്ലാറ്റാണ്. കുടിവെള്ള കണക്‌ഷനു പുറമേ കിണറുമുണ്ട്.
2010ൽ ഉമ്മൻചാണ്ടിയുടെ കാലത്താണ് ഭവനപദ്ധതിയിലേക്ക് അപേക്ഷ നൽകിയത്. വീടൊരുങ്ങാൻ പിണറായി സർക്കാരിന്റെ കാലം വരെ കാത്തിരിപ്പ്. ഇവിടെ താമസിക്കുന്നവരെല്ലാം വീട്ടുജോലിക്കും തൊഴിലുറപ്പിനും പോകുന്നവരാണ്. ജാഥയ്ക്ക് തൊട്ടടുത്ത് സ്വീകരണമറിഞ്ഞ് നേതാക്കളെ കാണാനുള്ള ആഗ്രഹം ബ്ലോക്ക് പഞ്ചായത്ത് അംഗം ഷെഫിനെ അറിയിക്കുകയായിരുന്നു. അഭിമാനത്തോടെ ശിരസുയർത്തി നേതാക്കളോടൊപ്പംനിന്ന് സദസ്സിനെ കൈവീശി അഭിവാദ്യംചെയ്‌ത് അവർ മടങ്ങി സ്വപ്‌നസൗധങ്ങളിലേക്ക്.










0 comments