യുഡിഎഫ് ശ്രമിച്ചത് ‘ലൈഫ് ’ പദ്ധതി തകർക്കാൻ

മുഖ്യമന്ത്രി പിണറായി വിജയൻ
തൃശൂർ: ജനങ്ങൾക്ക് സുരക്ഷിത ജീവിതമൊരുക്കാനും ജീവനോപാധി ഉറപ്പാക്കാനും ആസൂത്രിത ഇടപെടലാണ് എൽഡിഎഫ് സർക്കാർ നടത്തിയതെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ തൃശൂരിൽ വാർത്താസമ്മേളനത്തിൽ പറഞ്ഞു. ലൈഫ് പദ്ധതിയിൽ അഞ്ചുലക്ഷം പേർക്കാണ് വീടുനൽകിയത്. ഇതിനായി 19,000 കോടിരൂപയാണ് സംസ്ഥാനം ചെലവഴിച്ചത്. കേന്ദ്ര വിഹിതമായി ലഭിച്ചത് 2,300 കോടി രൂപ മാത്രം. കേസും മറ്റുമായി പദ്ധതി തടസ്സപ്പെടുത്താനാണ് യുഡിഎഫ് ശ്രമിച്ചത്. ഇൗ നീക്കത്തിന്റെ ഭാഗമായി തൃശൂരിൽ ഒരു പദ്ധതിതന്നെ നിലച്ചു. ലൈഫ് മിഷൻ പിരിച്ചുവിടുമെന്നുവരെ യുഡിഎഫ് കൺവീനർ പരസ്യ നിലപാടെടുത്തു.
മത്സ്യത്തൊഴിലാളികളുടെ പുനരധിവാസത്തിനുള്ള പുനർഗേഹം പദ്ധതിക്ക് 2,480 കോടിരൂപയാണ് ചെലവഴിച്ചത്. 2,625 വീടുകളും 738 ഫ്‌ളാറ്റുകളും പുനർഗേഹം പദ്ധതിയിൽ പൂർത്തിയായി. 1,200 വീടുകളുടെയും 788 ഫ്‌ളാറ്റുകളുടെയും നിർമാണം നടക്കുന്നു. ഇൻഷൂറൻസ് പരിരക്ഷ അഞ്ചുലക്ഷത്തിൽനിന്ന് 10 ലക്ഷമാക്കി ഉയർത്തി. മത്സ്യത്തൊഴിലാളികളുടെ വിദ്യാർഥികളായ മക്കൾക്ക് സ്‌കോളർഷിപ്പിനായി 25 ലക്ഷം വകയിരുത്തി. നാല് മത്സ്യബന്ധന തുറമുഖങ്ങൾ പൂർത്തിയായി. നാലെണ്ണത്തിന്റെ നിർമാണം പുരോഗമിക്കുന്നു.
കേരളത്തിൽ തീര സംരക്ഷണം അതീവ പ്രാധാന്യമുള്ളതാണ്. ഇതിന് കേന്ദ്ര സഹായം ലഭിക്കണം. തീരം നമ്മുടെ രാജ്യത്തിന്റെ അതിർത്തികൂടിയാണ്. കടലാക്രമണത്തിൽ തീരം നഷ്‌ടപ്പെടുന്ന സ്ഥിതിയുമുണ്ട്. പലതവണ കേന്ദ്രത്തെ സമീപിച്ചെങ്കിലും സമഗ്രമായ ഒരു പദ്ധതി അനുവദിച്ചിട്ടില്ല. 1,600 കോടി രൂപ തീരസംരക്ഷണത്തിന് സംസ്ഥാന ബജറ്റിൽ വകയിരുത്തി. 344 കോടി ചെലവഴിച്ച് ചെല്ലാനത്ത് 7.3 കിലോമീറ്ററിൽ കടൽഭിത്തി പൂർത്തിയാക്കി. രണ്ടാംഘട്ടമായി 6.1 കിലോമീറ്റർ കൂടി പൂർത്തിയാവുന്നതോടെ ചെല്ലാനത്ത് കടലാക്രമണ ഭീഷണിക്ക് ശാശ്വത പരിഹാരമാകും. എഡിബി സഹായത്തോടെ തീരസംരക്ഷണ പദ്ധതി നടപ്പാക്കുമെന്നും മുഖ്യമന്ത്രി പറഞ്ഞു.
നുണയാണ് പ്രതിപക്ഷനേതാവിന്റെ പ്രചാരണ ആയുധം: മുഖ്യമന്ത്രി
ശുദ്ധ അസംബന്ധം പറയാൻ പ്രതിപക്ഷ നേതാവിന് ഒരു മടിയുമില്ലെന്ന നില വന്നിരിക്കുകയാണെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ പറഞ്ഞു. നുണയാണല്ലോ ഇപ്പോൾ പ്രധാന പ്രചാരണായുധം. ആർഎസ്‌എസിനെതിരെ ശക്തമായ നിലപാടെടുത്തത് ആരാണെന്ന് എല്ലാവർക്കും അറിയാമെന്നും തൃശൂരിൽ വാർത്താസമ്മേളനത്തിൽ അദ്ദേഹം പറഞ്ഞു. ഒരുഘട്ടത്തിൽ ആർഎസ്‌എസിന്റെ ശാഖയ്‌ക്ക് സംരക്ഷണമേകാൻ കാവൽനിന്നത് തങ്ങളാണെന്ന് വെളിപ്പെടുത്തിയത് കെപിസിസിയുടെ മുൻ പ്രസിഡന്റുതന്നെയല്ലേ. ആർഎസ്‌എസിന്റെ പ്രവർത്തന ശൈലി എന്താണെന്ന് എല്ലാവർക്കും അറിയാം. ഒരുഘട്ടത്തിൽ അവരുടെ ടാർഗറ്റ് താൻതന്നെയായിരുന്നു. പട്ടാമ്പിയിൽ ഇ എം എസിനെ തോൽപ്പിക്കാൻ ആരുമായാണ് കോൺഗ്രസ് ബന്ധം സ്ഥാപിച്ചത്? ആരുടെ പ്രചാരണത്തിനാണ് ജനസംഘം നേതാവ് ദീൻദയാൽ ഉപാധ്യായ വന്നത്–പിണറായി ചോദിച്ചു.











0 comments