ad
Deshabhimani

print edition ശ്വാസംമുട്ടി ‘ലൈഫ്‌’: തദ്ദേശസ്ഥാപനങ്ങൾക്ക്‌ ഫണ്ടില്ല

Life.jpg
avatar
റഷീദ്‌ ആനപ്പുറം

Published on Jul 27, 2026, 12:32 AM | 1 min read

തിരുവനന്തപുരം : ബജറ്റിൽ പദ്ധതിവിഹിതം വെട്ടിക്കുറച്ചതിനാൽ തദ്ദേശസ്ഥാപനങ്ങളുടെ കീശ കാലിയായതോടെ, ഭവനരഹിതർക്ക്‌ സുരക്ഷിതമായ പാർപ്പിടം ഒരുക്കുന്ന ലൈഫ്‌ ഭവനപദ്ധതിക്കും പ്രതിസന്ധി. 6,08,475 വീടുകൾ നിർമിക്കാൻ തീരുമാനിച്ചതിൽ 5,01,475 വീടുകൾ പൂർത്തിയായെങ്കിലും ശേഷിക്കുന്ന 1,07,000 വീടുകളുടെ പ്രവർത്തനം ഏത്‌ സമയത്തും നിലയ്‌ക്കുമെന്ന അവസ്ഥയിലാണ്‌. ഇതിൽ 26,638 വീടുകൾ എസ്‌സി വിഭാഗത്തിന്റെയും 6702 വീടുകൾ എസ്‌ടി വിഭാഗത്തിന്റെയുമാണ്‌.


കഴിഞ്ഞ എൽഡിഎഫ്‌ സർക്കാർ നൽകിയ പണംകൊണ്ടാണ്‌ മിക്കയിടത്തും നിർമാണം പുരോഗമിക്കുന്നത്‌. പുതിയ സാന്പത്തിക വർഷത്തെ പദ്ധതി വിഹിതത്തിന്റെ ആദ്യഗഡു യുഡിഎഫ്‌ സർക്കാർ നൽകാത്തതിനാൽ ലൈഫിനുള്ള തദ്ദേശസ്ഥാപനങ്ങളുടെ വിഹിതവും വായ്‌പാതിരിച്ചടവും സ്‌തംഭിച്ചിരിക്കുകയാണ്‌. 2017 മെയ്‌ 23ന്‌ എൽഡിഎഫ്‌ സർക്കാർ ആരംഭിച്ച, കേരളത്തിന്റെ അഭിമാന പദ്ധതിയായ ലൈഫ്‌ തുടരുമോ എന്ന കാര്യത്തിലും വ്യക്തതയില്ല.


തദ്ദേശസ്ഥാപനങ്ങൾക്കുള്ള പദ്ധതി വിഹിതത്തിൽ 20 ശതമാനം ലൈഫിനാണ്‌. നാലുലക്ഷം രൂപയാണ്‌ ലൈഫ്‌ ഭവനത്തിന്‌ നൽകുന്നത്‌. ഇതിൽ രണ്ടുലക്ഷംരൂപ ഹഡ്‌കോയിൽനിന്ന്‌ കെയുആർഡിഎഫ്‌സിയെടുക്കുന്ന വായ്‌പയിൽനിന്ന്‌ നൽകും. ഒരു ലക്ഷംരൂപ വീതം സർക്കാരും തദ്ദേശസ്ഥാപനങ്ങളും നേരിട്ടും നൽകും. പട്ടികജാതി–വർഗ വീടുകൾക്ക്‌ ആറുലക്ഷമാണ്‌. ഇവർക്ക്‌ ഇ‍ൗ വിഹിതം ആനുപാതികമായി കൂടും.


ഹഡ്‌കോ വായ്‌പയുടെ പലിശ സർക്കാരും യാഥാർഥ തുക തദ്ദേശസ്ഥാപനങ്ങളുമാണ്‌ നൽകുന്നത്‌. പത്ത്‌ വർഷമാണ്‌ തിരിച്ചടവ്‌ കാലാവധി. പദ്ധതി വിഹിതത്തിൽനിന്ന്‌ 20 ശതമാനം ഇതിനായാണ്‌ ചെലവഴിക്കുന്നത്‌. ഫണ്ട്‌ നിലച്ചതോടെ ആശങ്കയിലാണ്‌ തദ്ദേശസ്ഥാപനങ്ങൾ.


എൽഡിഎഫ്‌ സർക്കാർ 2025–26 സാന്പത്തിക വർഷം ലൈഫിന്‌ 1057.26 കോടിരൂപ വകയിരുത്തിയിരുന്നു. ഇതോടൊപ്പം 1500 കോടിരൂപയുടെ വായ്‌പ ഹഡ്‌കോയും അനുവദിച്ചു. ഇതിൽ 725 കോടിരൂപ മാത്രമാണ്‌ എടുത്തത്‌. ശേഷിക്കുന്ന 775 കോടിരൂപ ലഭിക്കുമോയെന്ന കാര്യത്തിലും തീർച്ചയില്ല. 2026–27 സാന്പത്തിക വർഷത്തെ എൽഡിഎഫ്‌ സർക്കാരിന്റെ ബജറ്റിൽ ലൈഫിന്‌ 1497.27 കോടിരൂപ വകയിരുത്തിയെങ്കിലും വി ഡി സതീശൻ അവതരിപ്പിച്ച പുതുക്കിയ ബജറ്റിൽ പണം വകയിരുത്തിയിട്ടില്ല. അതിനാൽ പദ്ധതി വിഹിതം കിട്ടിയാലും 20 ശതമാനം ലൈഫിന്‌ മാറ്റിവയ്‌ക്കുമോയെന്നതിലും അനിശ്‌ചിതത്വമുണ്ട്‌.



deshabhimani section

Related News

View More
0 comments
Sort by

Deshabhimani
Home