print edition മുഖ്യമന്ത്രിയുടെ ഹെലികോപ്‌റ്റർ യാത്രയിലും കള്ളം; അജ്ഞാത നിക്ഷേപകർ ആര് ?

തിരുവനന്തപുരം: നാട് മഴക്കെടുതിയിൽ വലയുന്പോൾ സർക്കാരിന്റെ വാടക ഹെലികോപ്‌റ്ററിൽ കൊച്ചിയിലേക്ക് പറന്നത് സ്വകാര്യ ആവശ്യത്തിനല്ലെന്നും നിക്ഷേപക ഗ്രൂപ്പ് പ്രതിനിധികളെ കാണാനാണെന്നും മുഖ്യമന്ത്രി വി ഡി സതീശൻ. എന്നാല്‍ വാർത്താസമ്മേളനത്തിൽ ആവർത്തിച്ച് ചോദിച്ചിട്ടും നിക്ഷേപകർ ആരെന്നോ, എന്തിനായിരുന്നു കൂടിക്കാഴ്‌ചയെന്നോ വെളിപ്പെടുത്തിയില്ല. ഇതോടെ, രഹസ്യചർച്ച സംശയ നിഴലിലായി.
‘‘ഒരു ഇൻവെസ്‌റ്റ്‌മെന്റ് ഗ്രൂപ്പ് കൊച്ചിയിൽ കാത്തുനിൽക്കുന്നുണ്ടായിരുന്നു. വെള്ളിയാഴ്‌ച രാത്രി ഡിന്നറിന് കാണാമെന്നാണ് പറഞ്ഞത്. യാത്രയ്‌ക്ക് വന്ദേഭാരതിൽ ടിക്കറ്റെടുത്തിരുന്നു. അവർക്ക് പെട്ടെന്ന് തിരിച്ചുപോകാനുള്ളതിനാലാണ് ഹെലികോപ്‌റ്ററിൽ പോയി കണ്ടത്. അതിന്റെ ഭാഗമായി കൂടുതൽ ചെലവ് വന്നിട്ടില്ല’’–എന്നായിരുന്നു മുഖ്യമന്ത്രിയുടെ മറുപടി.
ഹെലികോപ്‌റ്ററിൽ പോയി ഭാര്യാപിതാവിനെ സന്ദശിച്ചത് വിവാദമായിരുന്നു. അതിനിടെയാണ് പുതിയ വെളിപ്പെടുത്തൽ. പേര് വെളിപ്പെടുത്താൻ കഴിയാത്ത നിക്ഷേപകരുമായി കൊച്ചിയിൽ ചർച്ച നടത്തിയതായാണ് മുഖ്യമന്ത്രി പറയുന്നത്. വോട്ടെണ്ണുന്നതിന് തൊട്ടുമുന്പ് ചാർട്ടേഡ് വിമാനത്തിൽ മംഗളൂരുവിലേക്കുപോയതും നിഗൂഢമായിരുന്നു.
അദാനി ഗ്രൂപ്പ് പ്രതിനിധിയെും എൻഡിഎ നേതാക്കളെയും കണ്ടത് എന്തിനാണെന്ന് വി ഡി സതീശൻ ഇപ്പോഴും വ്യക്തമാക്കിയിട്ടില്ല.
നാട് പ്രകൃതി ദുരന്തത്തിൽ തേങ്ങുന്പോൾ പൊന്നാനിയിൽ ലീഗ് നേതാവിന്റെ വീട്ടിലെ വിരുന്നുസൽക്കാരത്തിൽ പങ്കെടുത്തതിനെയും മുഖ്യമന്ത്രി ന്യായീകരിച്ചു.










0 comments