ഞാറ്റ്യേല ശ്രീധരൻ അന്തരിച്ചു; വിടപറഞ്ഞത് തലശേരിയുടെ രണ്ടാംഗുണ്ടർട്ട്

ഞാറ്റ്യേല ശ്രീധരൻ
പി ദിനേശൻ
Published on Aug 14, 2025, 12:17 PM | 3 min read
തലശേരി: വാക്കുകളും അർഥങ്ങളും തേടിയുള്ള ഞാറ്റ്യേല ശ്രീധരന്റെ (87) പതിറ്റാണ്ടുകൾ നീണ്ട യാത്ര അവസാനിച്ചു. രണ്ടാംഗുണ്ടർട്ട് എന്ന് സാഹിത്യലോകം വിശേഷിപ്പിച്ച ചതുർഭാഷാനിഘണ്ടു രചയിതാവ് ഇനി അക്ഷരങ്ങളിലൂടെ ജീവിക്കും. തലശേരി കോ-ഓപ്പറേറ്റീവ് ഹോസ്പിറ്റലിലായിരുന്നു അന്ത്യം.
നാലാംക്ലാസിൽ പഠനം അവസാനിപ്പിച്ച് ബീഡി തൊഴിലാളിയായ തിരുവങ്ങാട്‌പപ്പന്റെ പീടികക്കടുത്ത ഞാറ്റ്യേല ഹൗസിൽ ശ്രീധരൻ തമിഴ്, തെലുങ്ക്, കന്നഡ ഭാഷകൾ പഠിച്ചാണ് മലയാള ഭാഷ എക്കാലവും ഓർക്കുന്ന അമൂല്യമായ നിഘണ്ടു സമ്മാനിച്ചത്. 2020ലാണ് ചതുർഭാഷാ നിഘണ്ടു പ്രകാശിപ്പിച്ചത്. വാക്കുകൾ തേടിയുള്ള യാത്രയിലായിരുന്നു കാൽനൂറ്റാണ്ടിലേറെ കാലം. പാലക്കാട് ബീഡിപ്പണിക്കാരനായി ജോലി ചെയ്യുമ്പോഴാണ് തമിഴ് ഭാഷയോട് ഇഷ്‌ടം തോന്നിയതും പഠിച്ചതും. 22 വർഷം ബീഡിതൊഴിലാളിയായി ജോലിചെയ്‌തു. ഇതിനിടയിൽ പഠിച്ച് ഇഎസ്‌എൽസി പാസായി. പൊതുമരാമത്ത് വകുപ്പിൽ പ്യൂൺ ആയി 1970ൽ ജോലിയിൽ പ്രവേശിച്ചു. 1994ൽ ബ്ലൂപ്രിന്റ് തസ്‌തികയിൽ വിരമിച്ചു. സാക്ഷരതയഞ്ജകാലത്ത് കണ്ണൂർ കക്കാട് ദേശാഭിവർധിനി വായനശാല കേന്ദ്രീകരിച്ച് നിരവധി പേർക്ക് അക്ഷരാഭ്യാസം നൽകി.
ചതുർഭാഷാ നിഘണ്ടു പ്രകാശനം
ഭാഷാ ഇൻസ്‌റ്റിറ്റ്യൂട്ട് 2012ൽ തമിഴ്–മലയാളം ഭാഷാനിഘണ്ടു പ്രസിദ്ധീകരിച്ചു. ഓർമകളുടെ തിറയാട്ടം എന്ന പേരിൽ ആത്മകഥയും എഴുതി. ഡോ ടി പി സുകുമാരൻ സ്‌മാരക ട്രസ്‌റ്റ് അവാർഡ്, ദ്രാവിഡിയൻ ലിംഗ്വസ്‌റ്റിക് അസോസിയേഷൻ ഗുണ്ടർട്ട് അവാർഡ്, ഹൈദരാബാദ് ഫുഡ്‌ഫോർതോട്ട് ഫൗണ്ടേഷൻ ഇന്ത്യാ റീഡിങ്ങ് ഒളിമ്പ്യാഡ് പ്രത്യേക ജൂറി പുരസ്‌കാരം എന്നിവ ലഭിച്ചു.
1956ൽ കമ്യുണിസ്‌റ്റ് പാർടി അംഗമായ ശ്രീധരൻ, കെഎസ്‌വൈഎഫ് തലശേരി താലൂക്ക് കമ്മിറ്റി ഭാരവാഹിയായും പ്രവർത്തിച്ചു. കമ്യൂണിസ്‌റ്റ് പ്രസ്ഥാനം ഭിന്നിക്കുമ്പോൾ തലശേരി ബീഡിതൊഴിലാളി യൂനിയൻ ജോ.സെക്രട്ടറിയായിരുന്നു. സിപിഐ എം അവിഭക്ത തലശേരി ലോക്കൽകമ്മിറ്റി മുൻ അംഗമാണ്. എൻജിഒ യൂനിയൻ സംസ്ഥാന കൗൺസിൽ അംഗവും പുരോഗമനകലാസാഹിത്യസംഘം കണ്ണൂർ മേഖല പ്രസിഡന്റുമായിരുന്നു. 1979ൽ ആർഎസ്‌എസ് വധശ്രമത്തിൽനിന്ന് അദ്‌ഭുതകരമായാണ് രക്ഷപ്പെട്ടത്.
പരേതരായ തട്ടാരിയിൽ ചാത്തന്റെയും–ദേവിയുടെയും ഏകമകനാണ്. ഭാര്യ: യശോദ. മക്കൾ: ശ്രീവത്സൻ, ശ്രീധന്യൻ (എക്‌സിക്യൂട്ടീവ് ഡയരക്‌ടർ ,ഐഐഎച്ച്‌ടി കണ്ണൂർ), ശ്രീജ, ശ്രീ ദയൻ (എസ്‌ഡി ഇന്റസ്‌ട്രീസ്, കണ്ണൂർ). മരുമക്കൾ: ഷീജ, സ്‌മിത, സതീശൻ. ധന്യ. സംസ്‌കാരം വ്യാഴം വൈകിട്ട് നാലിന് കണ്ടിക്കൽ നിദ്രാതീരം. മുഖ്യമന്ത്രി പിണറായി വിജയൻ,സിപിഐ എം സംസ്ഥാന സെക്രട്ടറ എം വി ഗോവിന്ദൻ, സ്‌പീക്കർ എ എൻ ഷംസീർ എന്നിവർ അനുശോചിച്ചു.
വിടപറഞ്ഞത് തലശേരിയുടെ രണ്ടാംഗുണ്ടർട്ട്
തലശേരി: മലയാളത്തിന് അമൂല്യമായ ഭാഷാനിഘണ്ടു സമ്മാനിച്ചാണ് രണ്ടാംഗുണ്ടർട്ട് എന്ന് വിശേഷിപ്പിക്കപ്പെട്ട ഞാറ്റ്യേല ശ്രീധരൻ വിടപറഞ്ഞത്. വാക്കുകൾ തേടിയുള്ള ഒരു സാധാരണ മനുഷ്യന്റെ അസാധാരണമായ ജീവിതമായിരുന്നു ഞാറ്റ്യേല ശ്രീധരന്റേത്. ദക്ഷിണേന്ത്യൻ ഭാഷകളും അർഥവും തേടി പതിറ്റാണ്ടുകളോളം അലഞ്ഞാണ് മലയാളത്തിന്റെ അക്ഷരസുകൃതമായ ചതുർഭാഷാനിഘണ്ടുവെന്ന സ്വപ്‌നം സഫലമാക്കിയത്.
നാലാംക്ലാസ് തോറ്റ ബീഡിതൊഴിലാളി ചതുർഭാഷാനിഘണ്ടു രചിച്ചപ്പോൾ ഒന്നും അസാധ്യമല്ലെന്ന പാഠമാണ് ലോകത്തിന് അദ്ദേഹം നൽകിയത്. തലശേരിക്കടുത്ത തിരുവങ്ങാട് പപ്പന്റെ പീടികയിലെ ഞാറ്റ്യേല ശ്രീധരനെന്ന എൺപത്തേഴുകാരന്റെ ദ്രാവിഡ ഭാഷാനിഘണ്ടു 2020ലെ കേരളപ്പിറവിദിനത്തിലാണ് പുറത്തിറങ്ങിയത്. ഉന്നത വിദ്യാഭ്യാസ ബിരുദങ്ങളോ അക്കാഡമിക് പാണ്ഡിത്യത്തിന്റെ പിൻബലമോ ഇല്ലാതെ സ്വപരിശ്രമത്താൽ ഭാഷകൾ പഠിച്ച് ശബ്ദകോശം തയാറാക്കിയ സാഹസികനാണ് ശ്രീധരൻ. വൈതരണികൾ ഒരുപാട് പിന്നിട്ടാണ് ജീവിതസാഫല്യംപോലെ നിഘണ്ടു അച്ചടിമഷി പുരണ്ടത്. തലശേരിയിലെ ഇല്ലിക്കുന്നിൽ താമസിച്ചാണ് ജർമൻകാരനായ ഹെർമൻ ഗുണ്ടർട്ട് ശാസ്ത്രീയമായ നിഘണ്ടു മലയാള ഭാഷയ്ക്ക് സമർപ്പിച്ചത്. അതേ തലശേരിയിലെ തിരുവങ്ങാടിനടുത്ത മറ്റൊരു കുന്നിൻപുറത്തെ കൊച്ചുവീട്ടിലിരുന്നാണ് രണ്ടാംഗുണ്ടർട്ട് എന്ന് വിശേഷിപ്പിക്കപ്പെട്ട ഞാറ്റ്യേല ശ്രീധരൻ വാക്കുകൾ സ്വപ്‌നം കണ്ടത്.
ഭാഷാപഠന സഞ്ചാരങ്ങൾ
പൊതുമരാമത്ത് വകുപ്പ് ഓഫീസിലുണ്ടായിരുന്ന സുള്ള്യസ്വദേശി ഗോവിന്ദ നായ്‌കിനോട് ചങ്ങാത്തംകൂടിയാണ് ശ്രീധരൻ കന്നഡ ഭാഷ പഠിക്കാൻ തുടങ്ങിയത്. വിവർത്തകനും എഴുത്തുകാരനുമായ കാസർകോട്ടെ സി രാഘവൻമാഷും വഴികാട്ടി. ഭാഷ പഠിക്കാൻ ദിവസവും ഉച്ചക്ക് മംഗള എക്‌സ്‌പ്രസിന് കാസർകോട് പോയി, രാത്രി വെസ്‌റ്റ് കോസ്‌റ്റിന് മടങ്ങുന്നതായിരുന്നു ആ കാലത്തെ ദിനചര്യ.
അവധിയെടുത്ത് മൈസൂരുവിൽ താമസിച്ച് കന്നഡയിലെ വാക്കുകളും അർഥവും തേടിനടന്ന നാളുകൾ. തെലുങ്ക് പഠിപ്പിക്കാൻ ആരുണ്ടെന്ന ചോദ്യത്തിന് ഉത്തരമായിരുന്നു തളിപ്പറമ്പ് കരിമ്പം കൃഷിഗവേഷണകേന്ദ്രത്തിലെ ഈശ്വര പ്രസാദ് റാവു. തെലുങ്ക് പഠിക്കാനുള്ള താൽപര്യം അറിയിച്ചപ്പോൾ അദ്ദേഹത്തിനും സന്തോഷം. അതിരാവിലെ കരിമ്പത്ത് പോവും. റാവുവിന് തിരക്കുള്ള ദിവസങ്ങളിൽ ഭാര്യ സീതമ്മയും ഗുരുവായി. അവധിയെടുത്ത് ആന്ധ്രയിലെ നെല്ലൂരിൽ മാസങ്ങളോളം താമസിച്ചു. തമിഴ്‌നാട്ടിലെ ബന്ധുക്കളോടൊപ്പം താമസിച്ച് കൂടുതൽ പഠിച്ചു. 1994ൽ സർവീസിൽ നിന്ന് വിരമിച്ച ശേഷമാണ് പൂർണസമയം നിഘണ്ടു നിർമാണത്തിൽ മുഴുകിയത്.










0 comments