'വാഹനങ്ങളെ അടുത്തറിയാം'; ട്രാൻസ്പോ 2025ന് തുടക്കമായി

തിരുവനന്തപുരം: വാഹന പ്രേമികൾക്ക് പുത്തൻ സാങ്കേതിക വിദ്യകളും വാഹനങ്ങളുടെ സവിശേഷതകളും അടുത്തറിയാനുള്ള അവസരമൊരുക്കുന്ന ട്രാൻസ്പോ 2025ന് തുടക്കമായി. കെഎസ്ആർടിസിയും കേരള മോട്ടോർ വാഹന വകുപ്പും സംയുക്തമായി സംഘടിപ്പിക്കുന്ന ട്രാൻസ്പോയുടെ ഉദ്ഘാടനം മന്ത്രി കെ എൻ ബാലഗോപാൽ നിർവഹിച്ചു.
ആനവണ്ടി എന്ന് പറഞ്ഞാൽ കേരളത്തിന്റെ ഒരു ഐഡന്റിറ്റിയാണ്. കെഎസ്ആർടിസിക്ക് വളരെ സജീവമായി മുന്നോട്ടു പോകാൻ കഴിയും എന്ന് തെളിയിക്കുന്ന സന്ദേശം നല്കാൻ സംസ്ഥാന സർക്കാരിന് കഴിയുന്നുണ്ടെന്നും മന്ത്രി കെ എൻ ബാലഗോപാൽ പറഞ്ഞു. ചടങ്ങിൽ അധ്യക്ഷനായ ഗതാഗത വകുപ്പ് മന്ത്രി കെ ബി ഗണേഷ് കുമാർ കെഎസ്ആർടിസി പൂർണ്ണമായും ഡിജിറ്റലൈസ് ചെയ്തു കഴിഞ്ഞത്തിന്റെ സന്തോഷം പങ്കുവച്ചു. വി കെ പ്രശാന്ത് എംഎൽഎ, കെഎസ്ആർടിസി ചെയർമാൻ ആൻഡ് മാനേജിംഗ് ഡയറക്ടർ ഡോ. പി എസ് പ്രമോജ് ശങ്കർ, ഗതാഗത കമ്മീഷണർ നാഗരാജു ചകിലം തുടങ്ങിയവർ ചടങ്ങിൽ പങ്കെടുത്തു.
ആഗസ്ത് 22 മുതൽ 24 വരെ തിരുവനന്തപുരം കനകക്കുന്നിൽ നടക്കുന്ന മൂന്ന് ദിവസത്തെ എക്‌സ്‌പോയിൽ ആധുനിക സൗകര്യങ്ങളോടുകൂടിയ കെഎസ്ആർടിസി ബസുകളുടെ മെഗാ ലോഞ്ചിംഗിനൊപ്പം ട്രാൻസ്‌പോർട്ട്, ഓട്ടോമൊബൈൽ, ഇ- മൊബിലിറ്റി, ടൂറിസം, ടെക്‌നോളജി, സേവന മേഖലകളിൽ പ്രവർത്തിക്കുന്ന സ്ഥാപനങ്ങളും മേളയിൽ പങ്കെടുക്കുന്നു. എക്‌സ്‌പോ എല്ലാ ദിവസവും രാവിലെ 11 മുതൽ രാത്രി 11 വരെ സന്ദർശകർക്കായി തുറന്നിരിക്കും.
എക്‌സ്‌പോയിൽ മൂന്ന് ദിവസങ്ങളിലായി കലാസാംസ്‌കാരിക പരിപാടികളും വിനോദ വിജ്ഞാന പരിപാടികളും നടക്കും. ആഗസ്ത് 22ന് വൈകിട്ട് ആറു മുതൽ കെഎസ്ആർടിസി കുടുംബാംഗങ്ങളുടെ വിവിധ കലാപരിപാടികൾ അരങ്ങേറും. ആഗസ്ത് 23ന് രാവിലെ 11 മുതൽ ഉച്ചയ്ക്ക് ഒന്ന് വരെ ഗതാഗത വകുപ്പ് മന്ത്രി കെ ബി ഗണേഷ് കുമാർ ഉദ്ഘാടനം ചെയ്യുന്ന 'ആനവണ്ടി ഒരു സംവാദം' നടക്കും.
ഗതാഗത രംഗത്തെ പ്രമുഖരും ആനവണ്ടി പ്രേമികളും ഇതിൽ പങ്കെടുക്കും. വൈകിട്ട് 6.30 മുതൽ പ്രശസ്ത സിനിമാതാരം കൃഷ്ണപ്രഭയും സംഘവും അവതരിപ്പിക്കുന്ന 'കൃഷ്ണപ്രഭ മ്യൂസിക് ലൈവ്' നടക്കും. ആഗസ്ത് 24ന് രാവിലെ 9 മുതൽ 11 വരെ 'സേഫ് ഡ്രൈവ്, സേവ് ലൈവ്‌സ്: ബിൽഡിംഗ് എ കൾചർ ഓഫ് റോഡ് ഡിസിപ്ലിൻ' എന്ന വിഷയത്തിൽ എംവിഡി സംഘടിപ്പിക്കുന്ന സെമിനാർ നടക്കും. രാവിലെ 11.30 മുതൽ 1.30 വരെ സൊസൈറ്റി ഫോർ എമർജൻസി മെഡിസിൻ ഇന്ത്യയുടെ എമർജൻസി ലൈഫ് സപ്പോർട്ട് ആന്‍ഡ് ട്രോമ കെയർ ട്രെയിനിംഗ് പ്രോഗ്രാം ഡോ. ഷിജു സ്റ്റാൻലി നയിക്കും. വൈകിട്ട് 6.30 മുതൽ പ്രശസ്ത ഗായകൻ മുരളീകൃഷ്ണയും സംഘവും അവതരിപ്പിക്കുന്ന 'എംകെ ലൈവ്' സംഗീതനിശയും നടക്കും.









0 comments