നിങ്ങൾക്കോ നിങ്ങളുടെ വീട്ടിലുള്ളവർക്കോ ഈ അവസ്ഥ വരാതിരിക്കട്ടെ, എന്നെ ജീവിക്കാൻ അനുവദിക്കുക; വൈകാരിക കുറിപ്പുമായി അതിജീവിത

തിരുവനന്തപുരം: നടിയെ ആക്രമിച്ച കേസിൽ വൈകാരിക കുറിപ്പുമായി അതിജീവിത. അന്നേ സംഭവിച്ചതെല്ലാം വിധിയാണെന്ന് സമാധാനിച്ച് ആരോടും ഒന്നും പറയാതെ മിണ്ടാതെ ഇരിക്കണമായിരുന്നുവെന്നും പിന്നീട് എപ്പോഴെങ്കിലും ആ വീഡിയോ പുറത്ത് വരുമ്പോൾ ഇത് എന്തുകൊണ്ട് അന്നേ പോലീസിൽ പരാതിപ്പെട്ടില്ല എന്ന് കുറ്റപ്പെടുത്തുന്നവരോട് എന്ത് പറയണം എന്നറിയാതെ ആത്മഹത്യ ചെയ്യണമായിരുന്നോവെന്നും നടി സമൂഹമാധ്യമത്തിൽ കുറിച്ചു.
കേസിൽ കോടതി ശിക്ഷിച്ച രണ്ടാം പ്രതി മാർട്ടിന്റെ പ്രതികരണ വീഡിയോ വൈറലാകുന്നതിനിടയിലാണ് അതിജീവിതയുടെ പ്രതികരണം. അതിജീവിതയുടെ പേര് വെളിപ്പെടുത്തിയാണ് മാർട്ടിൻ വീഡിയോ പ്രചരിപ്പിച്ചത്. വീഡിയോയ്ക്ക് പിന്നാലെ സൈബർ ആക്രമണത്തിൽ അതീജീവിത പരാതി നൽകിയിരുന്നു.
'20 വർഷം ശിക്ഷക്ക് വിധിച്ച് ജയിലിൽ പോയ രണ്ടാം പ്രതി പോകുന്നതിന് മുൻപേ ഒരു വീഡിയോ എടുത്തത് കണ്ടു, അതിൽ ഞാൻ ആണ് നിങ്ങളുടെ നഗ്ന വീഡിയോ എടുത്തത് എന്നുകൂടെ പറയാമായിരുന്നു. ഇത്തരം വൈകൃതങ്ങൾ പറയുന്നവരോടും പ്രചരിപ്പിക്കുന്നവരോടും, നിങ്ങൾക്കോ, നിങ്ങളുടെ വീട്ടിലുള്ളവർക്കോ ഈ അവസ്ഥ വരാതിരിക്കട്ടെ, എന്നെ ജീവിക്കാൻ അനുവദിക്കുക' - അതിജീവിത എഴുതി.
പോസ്റ്റിന്റെ പൂർണ രൂപം:
"ഞാൻ ചെയ്ത തെറ്റ്. എനിക്കെതിരെ ഒരു അക്രമം നടന്നപ്പോൾ അതപ്പോൾ തന്നെ പോലീസിൽ പരാതിപ്പെട്ടത്, നിയമ നടപടി വേണമെന്ന് ആവശ്യപ്പെട്ട് മുന്നോട്ട് പോയത്!!
അന്നേ സംഭവിച്ചതെല്ലാം വിധിയാണെന്ന് സമാധാനിച്ച് ആരോടും ഒന്നും പറയാതെ മിണ്ടാതെ ഇരിക്കണമായിരുന്നു. പിന്നീട് എപ്പോഴെങ്കിലും ആ video പുറത്ത് വരുമ്പോൾ ഇത് എന്തുകൊണ്ട് അന്നേ പോലീസിൽ പരാതിപ്പെട്ടില്ല എന്ന് കുറ്റപ്പെടുത്തുന്നവരോട് എന്ത് പറയണം എന്നറിയാതെ ആത്മഹത്യ ചെയ്യണമായിരുന്നു.
20 വർഷം ശിക്ഷക്ക് വിധിച്ച് ജയിലിൽ പോയ രണ്ടാം പ്രതി പോകുന്നതിന് മുൻപേ ഒരു വീഡിയോ എടുത്തത് കണ്ടു, അതിൽ ഞാൻ ആണ് നിങ്ങളുടെ നഗ്ന വീഡിയോ എടുത്തത് എന്നുകൂടെ പറയാമായിരുന്നു!!
ഇത്തരം വൈകൃതങ്ങൾ പറയുന്നവരോടും പ്രചരിപ്പിക്കുന്നവരോടും, നിങ്ങൾക്കോ, നിങ്ങളുടെ വീട്ടിലുള്ളവർക്കോ ഈ അവസ്ഥ വരാതിരിക്കട്ടെ!!
Not a victim, not a survivor, just a simple human being!! let me live."
ഈ വിധിയില്‍ തനിക്കത്ഭുതമില്ലെന്നും പലപ്പോഴായി വിചാരണകോടതിയില്‍ തന്‍റെ അവകാശങ്ങള്‍ നിഷേധിക്കപ്പെട്ടുവെന്നും കേസിലെ ആദ്യ പ്രതികരണമായി നടി ഞായറാഴ്ച എഴുതിയിരുന്നു. 'നിയമത്തിനു മുന്നിൽ എല്ലാവരും തുല്യരല്ലെന്ന തിരിച്ചറിവിന് നന്ദി. പ്രതികളില്‍ ഒരാളുടെ കാര്യം വരുമ്പോള്‍ മാത്രം കേസ് കൈകാര്യം ചെയ്തു വന്ന രീതിയില്‍ മാറ്റം സംഭവിക്കുന്നത് വ്യക്തമായിരുന്നു എന്നും അവര്‍ കുറിച്ചു. കേസില്‍ 6 വരെയുള്ള പ്രതികളാണ് ശിക്ഷിക്കപ്പെട്ടത്.
ഈ വിധി, തൻ്റെ വേദനകളെ നുണയെന്നും കേസ് കെട്ടിച്ചമച്ചതെന്നും പരിഹസിച്ചവർക്ക് സമർപ്പിക്കുന്നുവെന്ന് അവർ സമൂഹമാധ്യമത്തിൽ കുറിച്ചു. വിധി വന്നതിനു ശേഷമുള്ള അതിജീവിതയുടെ ആദ്യ പ്രതികരണമാണിത്.
"എട്ടു വർഷം, ഒൻപത് മാസം, 23 ദിവസങ്ങൾ... ഏറ്റവും വേദനാജനകമായ ഈ യാത്രയുടെ അവസാനമെന്നോണം വെളിച്ചത്തിൻ്റെ നേരിയ ഒരു കണിക ഞാൻ കാണുന്നു,"- ഈ വിധി പലരെയും നിരാശപ്പെടുത്തിയിരിക്കാമെന്നും, എന്നാൽ തനിക്ക് ഇതിൽ അത്ഭുതമില്ലെന്നും അതിജീവിത മുൻപത്തെ പ്രതികരണത്തിൽ കൂട്ടിച്ചേർത്തിരുന്നു.










0 comments