'കുട്ടികൾ ഭരണഘടനയെ വായിച്ചും ഉൾക്കൊണ്ടും വളരട്ടെ' ; ഭരണഘടനാ ആമുഖം ഉയര്‍ത്തിക്കാട്ടി മന്ത്രി

v sivankutty constitution
വെബ് ഡെസ്ക്

Published on Aug 15, 2025, 10:47 AM | 2 min read

കൊല്ലം : സ്വാതന്ത്ര്യം എന്നത് ഭരണഘടന ഉയർത്തിപ്പിടിക്കുന്ന മൂല്യങ്ങളെയും തത്വങ്ങളെയും സംരക്ഷിക്കാനുള്ള പ്രതിജ്ഞ കൂടിയാണെന്ന് മന്ത്രി വി ശിവൻകുട്ടി. എല്ലാ പാഠപുസ്തകങ്ങളിലും ഭരണഘടനയുടെ ആമുഖം ഉൾപ്പെടുത്തിയ ഏക സംസ്ഥാനം കേരളമാണ് എന്നതിൽ നമുക്ക് അഭിമാനിക്കാമെന്നും കുട്ടികൾ ഭരണഘടനയെ വായിച്ചും ഉൾക്കൊണ്ടുമാണ് വളരേണ്ടതെന്നും മന്ത്രി പറഞ്ഞു. കൊല്ലത്ത് നടന്ന സ്വാതന്ത്ര്യദിനാഘോഷ ചടങ്ങിൽ സംസാരിക്കുകയായിരുന്നു മന്ത്രി. ചടങ്ങിൽ പാഠപുസ്തകത്തിലെ ഭരണഘടനാ ആമുഖം മന്ത്രി ഉയർത്തിക്കാട്ടി.


തുല്യത, സാഹോദര്യം, മതേതരത്വം, ജനാധിപത്യം എന്നിവയാണ് നമ്മുടെ ഭരണഘടനയുടെ കാതൽ. ഈ തത്വങ്ങൾ ജീവിതത്തിലും സമൂഹത്തിലും പ്രാവർത്തികമാക്കുമ്പോഴാണ് നമ്മുടെ സ്വാതന്ത്ര്യം അർത്ഥപൂർണ്ണമാകുന്നത്. നമ്മുടെ ഭരണഘടനയുടെ പ്രാധാന്യം തിരിച്ചറിഞ്ഞുകൊണ്ട്, എല്ലാ പാഠപുസ്തകങ്ങളിലും ഭരണഘടനയുടെ ആമുഖം ഉൾപ്പെടുത്തിയ ഏക സംസ്ഥാനം കേരളമാണ് എന്നതിൽ നമുക്ക് അഭിമാനിക്കാം. കുട്ടികൾ ഭരണഘടനയെ വായിച്ചും ഉൾക്കൊണ്ടും വളരട്ടെ.


ഭരണഘടന വിഭാവനം ചെയ്യുന്നത് മതേതരത്വം, ജനാധിപത്യം, സാമൂഹിക നീതി, തുല്യത എന്നിവയാണ്. ഇന്ന് രാജ്യത്തിൻ്റെ പല ഭാഗങ്ങളിലും വർഗീയ ചിന്തകൾ വളർന്നു വരുന്നു. ഒരുമിച്ച് നിൽക്കേണ്ട മനുഷ്യർ മതത്തിൻ്റെയും ജാതിയുടെയും പേരിൽ പരസ്പരം അകലുന്നത് ഖേദകരമാണ്. എന്നാൽ ഈ സങ്കീർണ്ണമായ സാഹചര്യത്തിലും, കേരളം ഒരു തിളക്കമുള്ള നക്ഷത്രമായി നിലകൊള്ളുന്നു. മതസൗഹാർദ്ദവും സാമൂഹിക ഐക്യവുമാണ് കേരളത്തിൻ്റെ ശക്തി. വർഗീയമായ വിഭജനങ്ങൾക്കെതിരെ ശക്തമായ പ്രതിരോധം തീർക്കാൻ നമുക്ക് കഴിഞ്ഞിട്ടുണ്ട്. നമ്മുടെ ഭരണഘടന ഓരോ പൗരനും തുല്യത ഉറപ്പാക്കുന്നു. ഭരണഘടനയുടെ മൂല്യങ്ങൾ ഉയർത്തിപ്പിടിക്കേണ്ടത് ഓരോ ഇന്ത്യക്കാരന്റെയും കടമയാണ്. വിദ്യാഭ്യാസത്തിലൂടെയും സാമൂഹിക ഇടപെടലുകളിലൂടെയും ഈ മൂല്യങ്ങൾ നാം അടുത്ത തലമുറയിലേക്ക് പകർന്നു നൽകണം. ഭരണഘടനയെ സംരക്ഷിക്കുക എന്നാൽ നമ്മുടെ രാജ്യത്തിൻ്റെ ആത്മാവിനെ സംരക്ഷിക്കുക എന്നതാണ്.


വോട്ടവകാശം വിനിയോഗിക്കുമ്പോൾ നാം നമ്മുടെ രാജ്യത്തിൻ്റെ ഭാവിയാണ് നിർണ്ണയിക്കുന്നത്. ഓരോ വ്യക്തിയുടെയും ശബ്ദം പ്രധാനമാണ്. ജനാധിപത്യപരമായ സംവാദങ്ങളും വിയോജിപ്പുകൾ പ്രകടിപ്പിക്കാനുള്ള സ്വാതന്ത്ര്യവും നിലനിർത്തേണ്ടത് അത്യാവശ്യമാണ്. പുതിയ കാലഘട്ടത്തിൽ നാം നേരിടുന്ന വെല്ലുവിളികൾക്ക് നമ്മുടെ ഐക്യവും സാഹോദര്യവും കൊണ്ടേ പരിഹാരം കാണാൻ സാധിക്കൂ. നമ്മുടെ കേരളം ഈ വെല്ലുവിളികളെ അതിജീവിച്ചതിൻ്റെ ഉത്തമ ഉദാഹരണമാണ്. മതത്തിൻ്റെയോ ജാതിയുടെയോ പേരിൽ ഒരു കുട്ടിയെയും മാറ്റിനിർത്താൻ പാടില്ല. എല്ലാ കുട്ടികൾക്കും തുല്യമായ അവസരങ്ങൾ നൽകണം. എല്ലാവർക്കും മികച്ച വിദ്യാഭ്യാസം ലഭ്യമാക്കാൻ സർക്കാർ പ്രതിജ്ഞാബദ്ധമാണെന്നും മന്ത്രി പറഞ്ഞു.



deshabhimani section

Related News

View More
0 comments
Sort by

Home