മീഡിയാവൺ ചാനലിന് വക്കീൽ നോട്ടീസ്

കാസർകോട്: കാസർകോട് നിയമസഭാ മണ്ഡലത്തിൽ ബിജെപി ജയിക്കുമെന്നും 50,000 വോട്ടുകളോടെ എൽഡിഎഫ് രണ്ടാംസ്ഥാനത്താകുമെന്നും സിപിഐ എം മണ്ഡലംകമ്മിറ്റി റിപ്പോർട്ട് നൽകി എന്ന തരത്തിൽ വ്യാജ വാർത്ത നൽകിയതിന് മീഡിയാവൺ ചാനലിനും ചാനലിന്റെ കാസർകോട്ടെ പ്രതിനിധി ഷഫീഖ് നസറുള്ളയ്‌ക്കും സിപിഐ എം മണ്ഡലം കമ്മിറ്റിയുടെ വക്കീൽ നോട്ടീസ്.
2026 ഏപ്രിൽ 15ന് നൽകിയ വാർത്താ റിപ്പോർട്ടും അതുമായി ബന്ധപ്പെട്ട എല്ലാ സമൂഹ മാധ്യമ പോസ്റ്റുകളും ഉടൻ പിൻവലിക്കണമെന്നും പ്രൈംടൈം സമയങ്ങളിൽ (രാത്രി ഏഴിനും ഒമ്പതിനും ഇടയിൽ) നിരുപാധികം ക്ഷമാപണം നടത്തി റിപ്പോർട്ട് കെട്ടിച്ചമച്ചതാണെന്നും തെറ്റായി നൽകിയതാണെന്നും വ്യക്തമാക്കണമെന്നും അല്ലാത്തപക്ഷം സിവിൽ, ക്രിമിനൽ നിയമനടപടികൾ ആരംഭിക്കുമെന്നുമാണ് നോട്ടീസിലൂടെ ആവശ്യപ്പെട്ടത്.
സിപിഐ എമ്മിനെ മനപൂർവം സമൂഹമധ്യത്തിൽ അപമാനിക്കാനായി വാർത്ത കെട്ടിച്ചമക്കുകയാണുണ്ടായത്. ഇത് തെരഞ്ഞെടുപ്പ് ചട്ടലംഘനമാണ്. സിപിഐ എം മത്സരരംഗത്തുള്ള പശ്ചിമ ബംഗാൾ, തമിഴ്‌നാട് നിയമസഭാ തെരഞ്ഞൈടുപ്പുകളിൽ വോട്ടർമാരെ പാർടിയിൽനിന്നും അകറ്റുന്നതിനായി ബോധപൂർവം സൃഷ്ടിച്ചതാണെന്നും നോട്ടീസിൽ വ്യക്തമാക്കുന്നു
മീഡിയാവൺ ചാനലിനെതിരെ നിയമനടപടി വേണം: സിപിഐ എം
രാജ്യത്ത് തെരഞ്ഞെടുപ്പ് വോട്ടിങ്‌കഴിയുംവരെ എക്സിറ്റ് പോളുകൾ നടത്തുന്നതോ പ്രസിദ്ധീകരിക്കുന്നതോ പ്രചരിപ്പിക്കുന്നതോ കർശനമായി നിരോധിച്ചിട്ടും ഇതിന് സമാനമായ രീതിയിൽ വാർത്ത നൽകിയ മീഡിയാവൺ ചാനലിനെതിരെ നിയമനടപടി സ്വീകരിക്കണമെന്നാവശ്യപ്പെട്ട് സിപിഐ എം കാസർകോട് മണ്ഡലംകമ്മിറ്റി സംസ്ഥാന തെരഞ്ഞെടുപ്പ് കമ്മീഷന് പരാതി നൽകി.
മാധ്യമ സ്ഥാപനങ്ങൾ വസ്തുനിഷ്ഠമായ വിവരങ്ങൾ നൽകണമെന്നും സ്ഥിരീകരിക്കാത്ത ആരോപണങ്ങളോ കെട്ടിച്ചമച്ച ഡാറ്റയോ പ്രസിദ്ധീകരിക്കുന്നത് ഒഴിവാക്കണമെന്നും കമീഷൻ ഉത്തരവുണ്ട്. മീഡിയാവണ്ണിൽ പ്രക്ഷേപണം ചെയ്‌ത വാർത്ത നീക്കംചെയ്യണമെന്നും സോഷ്യൽ മീഡിയ പ്ലാറ്റ്‌ഫോമുകളിൽനിന്ന് ആക്ഷേപിക്കപ്പെട്ട വാർത്താ റിപ്പോർട്ടിന്റെ എല്ലാ ഡിജിറ്റൽ ഫോർമാറ്റുകളും നീക്കണമെന്നും ചാനലിനോട് ആവശ്യപ്പെടണമെന്നും ചട്ടംലംഘിച്ച് വാർത്ത നൽകിയതിനാൽ ജനപ്രാതിനിധ്യ നിയമത്തിലെ സെക്ഷൻ 126 എ പ്രകാരം പ്രതിക്കെതിരെ ക്രിമിനൽ പ്രോസിക്യൂഷൻ ആരംഭിക്കണമെന്നും കമീഷന് നൽകിയ പരാതിയിൽ മണ്ഡലം സെക്രട്ടറി കെ എ മുഹമ്മദ് ഹനീഫ ആവശ്യപ്പെട്ടു.










0 comments