മരണത്തിലും വേർപിരിയാതെ ആഷ്‌ലിയും കൃപയും; നിറമുള്ള സ്വപ്‌നങ്ങൾ ബാക്കി

കൃപയും ആഷ്‌ലിയും ഇൻസ്റ്റാഗ്രാമിൽ പങ്കുവച്ച റീൽ (ഇടത്), കൃപയുടെയും, ആഷ്‌ലിന്റെയും മൃതദേഹം മണർകാട് സെന്റ്. മേരീസ് ആശുപത്രി മോർച്ചറിയിൽ എത്തിച്ചപ്പോൾ വിതുമ്പലോടെ ബന്ധുക്കൾ (വലത്)

സ്വന്തം ലേഖകൻ
Published on Oct 22, 2026, 07:52 AM | 1 min read
കോട്ടയം: നഴ്‌സറിമുതൽ പ്ലസ്ടുവരെ ഒരേ ക്ലാസ്‌മുറികളിൽ ഒന്നിച്ച് പഠിച്ചുവളർന്ന കൂട്ടുകാരായിരുന്നു അവർ ഇരുവരും. ജീവിതത്തിലെ നിറമുള്ള സ്വപ്‌നങ്ങൾ ബാക്കിയാക്കിയാണ് ആഷ്‌ലി ആൻ തോമസും കൃപ മെറിൻ കുര്യനും യാത്രയാകുന്നത്. അപകടത്തിന് മുമ്പുള്ള രണ്ടു ദിവസവും ഇരുവരും ഒന്നിച്ച് യാത്രകളിലായിരുന്നു.
പാമ്പാടി ബിഎംഎം സ്‌കൂളിലായിരുന്നു ഇരുവരുടെയും പഠനം. നഴ്‌സറി കാലത്ത് തുടങ്ങിയ കൂട്ടുകെട്ട് പ്ലസ്ടു വരെയും തുടർന്നു. പഠനശേഷം കൃപ ഉന്നതവിദ്യാഭ്യാസത്തിനായി ഓസ്‌ട്രേലിയയിലേക്ക് പോയി. ആഷ്‌ലി നാട്ടിലും പഠനം തുടർന്നു. അവധിക്കാലത്ത് കൃപ നാട്ടിലെത്തുമ്പോൾ ഇരുവരും വീണ്ടും ഒത്തുചേരും. കഫേകളിൽ ചായകുടിച്ചും റീലുകളെടുത്തും ഒത്തുചേരലുകളെ സുന്ദര നിമിഷങ്ങളാക്കും.
ഓസ്‌ട്രേലിയയിൽ പഠിക്കുന്ന ബിഎംഎം പൂർവവിദ്യാർഥികൾ കഴിഞ്ഞ ആഴ്ച ഒത്തുചേർന്നിരുന്നു. പലരുടെയും ബിരുദദാനച്ചടങ്ങുകൾ വരാനിരിക്കുന്ന ഡിസംബർ, മാർച്ച് മാസങ്ങളിലായിരുന്നു. ചടങ്ങുകൾക്കായി മാതാപിതാക്കളെയും സഹോദരങ്ങളെയും ഓസ്‌ട്രേലിയയിലേക്ക് കൊണ്ടുപോകുന്നതടക്കമുള്ള പദ്ധതികളും അവർ പങ്കിട്ടിരുന്നു. ഓസ്‌ട്രേലിയയിൽ പഠിക്കുന്ന കൃപയുടെ സഹോദരൻ നാട്ടിലേക്ക് മടങ്ങാൻ ടിക്കറ്റെടുത്തപ്പോൾ കൃപയും ഒപ്പം പോരുകയായിരുന്നു.
കാനത്തുള്ള സുഹൃത്തിനെ കാണാൻ സ്‌കൂട്ടറിൽ പുറപ്പെട്ട ആഷ്‌ലിയും കൃപയും പാമ്പാടി പതിമൂന്നാം മൈലിൽവച്ചാണ് അപകടത്തിൽപ്പെട്ടത്.








0 comments