വിപഞ്ചികയുടെ കുടുംബത്തിന് നിയമസഹായം ഉറപ്പാക്കും: എസ് സുദേവൻ


സ്വന്തം ലേഖകൻ
Published on Jul 13, 2025, 07:20 AM | 1 min read
കുണ്ടറ : ഷാർജയിൽ തൂങ്ങിമരിച്ച നിലയിൽ കണ്ടെത്തിയ കേരളപുരം പൂട്ടാണിമുക്ക് ഷീലഭവനിൽ എം വിപഞ്ചിക (32)യുടെയും മകൾ ഒന്നര വയസ്സുകാരി വൈഭവിയുടെയും മരണത്തിന് കാരണക്കാരായവരെ നിയമത്തിനു മുന്നിലെത്തിക്കാൻ ആവശ്യമായ നിയമസഹായം ലഭ്യമാക്കുമെന്ന് സിപിഐ എം കൊല്ലം ജില്ലാ സെക്രട്ടറി എസ് സുദേവൻ പറഞ്ഞു. മരണവുമായി ബന്ധപ്പെട്ട വിവരങ്ങളും കുടുംബത്തിന്റെ ആവശ്യങ്ങളും കേട്ട ശേഷമാണ് എസ് സുദേവൻ വിപഞ്ചികയുടെ അമ്മ ഷൈലജയ്ക്ക് ഇതുസംബന്ധിച്ച ഉറപ്പുനൽകിയത്.
കഴിഞ്ഞ ചൊവ്വ ഉച്ചയ്ക്ക് ഷാർജ അൽ നഹ്ദയിലെ ഫ്ലാറ്റിലായിരുന്നു ഇരുവരെയും മരിച്ച നിലയിൽ കണ്ടെത്തിയത്. മകളെ കൊലപ്പെടുത്തിയശേഷം വിപഞ്ചിക തൂങ്ങി മരിച്ചതാകാമെന്നാണ് കരുതുന്നത്. ഭർത്താവ് കോട്ടയം സ്വദേശി ദുബായിലെ സ്വകാര്യ കമ്പനിയിൽ ഫെസിലിറ്റീസ് എൻജിനിയറായ നിധീഷ് മറ്റൊരു ഫ്ലാറ്റിൽ സഹോദരിയുടെ കുടുംബത്തോടും അച്ഛനോടും ഒപ്പമാണ് താമസിച്ചിരുന്നത്. മൂന്നര വർഷം മുമ്പാണ് ഇരുവരുടെയും വിവാഹം നടന്നത്. വിവാഹശേഷം താൻ നിരന്തരം മാനസ്സിക, ശാരീരിക പീഡനങ്ങൾക്ക് വിധേയയായതായി വിപഞ്ചികയുടെ ആത്മഹത്യാ കുറിപ്പിലും ബന്ധുവിന് അയച്ച ഫെയ്‌സ്ബുക്ക് സന്ദേശത്തിലും പറയുന്നു. സ്ത്രീധനം കുറവായിരുന്നെന്നും കാർ നൽകിയില്ലെന്നും പറഞ്ഞ് നിരന്തരം ശകാരിച്ചിരുന്നത്രെ. മറ്റൊരു സ്ത്രീയുമായി ബന്ധം പുലർത്തിയിരുന്ന നിധീഷ് സമ്പത്ത് മുഴുവൻ പലവഴിക്ക് ചിലവഴിച്ചതായും പറയുന്നു.
കൂടുതൽ പണം കണ്ടെത്താനായി ജോലിചെയ്തിരുന്ന സ്ഥാപനത്തിന്റെ ഓഹരികൾ കൈക്കാലാക്കി ഉയർന്ന വിലയ്ക്ക് വിറ്റു. ഇങ്ങനെ ചെയ്യരുതെന്ന് വിലക്കിയതിനെത്തുടർന്ന് നിധീഷ് കടുത്ത വിരോധം കാട്ടിത്തുടങ്ങി. മറ്റൊരു സ്ത്രീയുമായി പുലർത്തിവന്ന ബന്ധം വിപഞ്ചിക കണ്ടെത്തിയതോടെയാണ് ഇയാൾ താമസം മാറിയത്. സഹോദരിയുടെ പ്രേരണമൂലം നിധീഷ് പലതവണ വിപഞ്ചികയെ ദേഹോപദ്രവം ഏൽപ്പിച്ചിട്ടുണ്ട്. ഇതിനിടെ മൂന്നുതവണ നാട്ടിലെത്തിയ നിധീഷ് ഭാര്യയെയും മകളെയും ഒപ്പംകൂട്ടാതെ സഹോദരിയെയും കുട്ടിയെയുമാണ് കൂടെക്കൊണ്ടുവന്നത്.
തന്നെ പൂർണമായും ഒഴിവാക്കിയതിന്റെ മനോവിഷമത്തിലായിരുന്നു വിപഞ്ചിക എന്നാണ് കരുതുന്നത്. വിവാഹബന്ധം വേർപെടുത്തുന്നതിന് നിധീഷ് നിയമനടപടി ആരംഭിച്ചതിനെത്തുടർന്നാണ് മരണം സംഭവിച്ചത്. ഷാർജയിലെ പൊലീസ് നടപടികൾ പൂർത്തിയാക്കി ചൊവ്വാഴ്ചയോടെ മൃതദേഹങ്ങൾ നാട്ടിലെത്തിക്കും. ജില്ലാ സെക്രട്ടറിയറ്റ് അംഗം എസ് എൽ സജികുമാർ, ഏരിയ സെക്രട്ടറി ആർ സുരേഷ് ബാബു എന്നിവരും ജില്ലാ സെക്രട്ടറി എസ് സുദേവന് ഒപ്പമുണ്ടായിരുന്നു.









0 comments