ഡോ. എം ലീലാവതി സാഹിത്യോത്സവം 28ന്
print edition മലയാളത്തിന്റെ തലവര മാറ്റിയ രണ്ടുവരി കവിത

കൊച്ചി
‘ചെങ്കോല് നിലത്തിട്ട് യോഗദണ്ഡെടുക്കുന്നു പൊൻകിരീടത്തെജ്ജടാജ്ജൂടമായ് മാറ്റീടുന്നു’
ഇതാണ് ആ ഇൗരടികൾ. ഡോ. എം ലീലാവതി എന്ന ഭാഷാധ്യാപികയെയും സാഹിത്യ നിരൂപകരത്നത്തെയും മലയാളത്തിന് സമ്മാനിച്ച കവിതാഖണ്ഡം. വില്യം ഷേക്‌സ്‌പിയറിന്റെ ‘കിങ് റിച്ചാർഡ് ദ സെക്കൻഡ്’ എന്ന നാടകത്തിൽ രാജാവിന്റെ ആത്മഗതമായി വരുന്ന ആംഗലേയ വരികൾ ഇന്റർമീഡിയറ്റുകാരുടെ ക്ലാസ്‌മുറിയിൽ ഉദ്ധരിച്ച അധ്യാപകൻ പ്രൊഫ. പി ശങ്കരൻ നമ്പ്യാർ, അതിനോടു സാമ്യമുള്ള മലയാള പദ്യഭാഗമേതെന്ന ചോദ്യമെറിഞ്ഞു. മറുപടിയായി ‘വള്ളത്തോളിന്റെ പുരാണങ്ങൾ’ എന്ന കവിതയിലെ ഇൗരടികൾ ചൊല്ലി ലീലാവതി. ക്ലാസ് അവസാനിച്ചശേഷം ലീലാവതിയെ വിളിപ്പിച്ച ശങ്കരൻ നമ്പ്യാർ, ഇന്റർമീഡിയറ്റിന് ശേഷം മലയാളം ബിഎക്ക് ചേരണം എന്ന് ഉപദേശിച്ചു. മനസ്സില്ലാമനസ്സോടെയാണെങ്കിലും പിന്നീട് ആ വഴിക്ക് തിരിഞ്ഞത് ലീലാവതിയുടെ മാത്രമല്ല, മലയാളത്തിന്റെയും തലവര മാറ്റി.
മഹാരാജാസ് കോളേജിൽ ഇന്റർമീഡിയറ്റ് പഠനം പൂർത്തിയാകുമ്പോൾ ബിരുദപഠനത്തിന് മാത്തമാറ്റിക്‌സോ കെമിസ്‌ട്രിയോ മെയിൻ എടുക്കേണ്ടത് എന്ന ചിന്തയിലായിരുന്നു ലീലാവതി. ഒന്നാംഗ്രൂപ്പിൽ ഒന്നാംറാങ്കായിരുന്നു. ഉപരിപഠനത്തിന് തടസ്സമില്ല. ബിഎസ്‌സി കെമിസ്‌ട്രിക്ക് ചേർന്ന വിവരമറിഞ്ഞ് നന്പ്യാർ മാഷ് വിളിപ്പിച്ചു. മലയാളം ബിഎക്ക് ചേർന്നാലുള്ള നേട്ടങ്ങൾ ആവർത്തിച്ചു. വഴങ്ങാതെ പിടിച്ചുനിന്ന ലീലാവതിക്ക് മുന്നിൽ, പാസായാൽ ഉടൻ ജോലി എന്ന തുരുപ്പുചീട്ടിറക്കി. വീട്ടിലെ സ്ഥിതിയും അനുജന്മാരുടെ വിദ്യാഭ്യാസ കാര്യവുമൊക്കെ ഓർത്തപ്പോൾ ജോലി വാഗ്‌ദാനം പ്രലോഭനമായി. കെമിസ്‌ട്രി ക്ലാസിൽനിന്ന് ഭാഷയുടെ രസതന്ത്രത്തിലേക്ക് വഴിപിരിയാൻ കൂടുതൽ ആലോചിക്കേണ്ടിവന്നില്ല.
ബിഎ പരീക്ഷാഫലം വരുമ്പോൾ നന്പ്യാർ മാഷ് തൃശൂർ കേരളവർമ കോളേജിലേക്ക് പ്രിൻസിപ്പലായി പോയിരുന്നു. മദ്രാസ് സർവകലാശാലയിൽനിന്ന് ഫലം മുൻകൂട്ടി അറിഞ്ഞ് ലീലാവതിയെ അറിയിച്ച അദ്ദേഹം തൃശൂർ സെന്റ് മേരീസ് കോളേജിലേക്കുള്ള ശുപാർശക്കത്തും നൽകി. ‘ഇവർ കോളേജിന് മുതൽക്കൂട്ടായി മാറു’മെന്ന് അതിലെഴുതിയിരുന്നു. ലീലാവതിയെ മലയാളത്തോട് ചേർക്കാൻ നന്പ്യാർ മാഷ് നൽകിയ പ്രലോഭനം നിയമന ഉത്തരവായി ലീലാവതി കൈപ്പറ്റി.










0 comments