print edition ബിജെപിയെ എതിർക്കാതെ ലീഗ്; വിനീതവിധേയൻ ഷാജി


പി വി ജീജോ
Published on Oct 03, 2026, 01:31 AM | 1 min read
കോഴിക്കോട് : ബിജെപി–ആർഎസ്എസ് പ്രവർത്തകർ മന്ത്രി കെ എം ഷാജിയെ വാഹനം തടഞ്ഞ് വഴിയിൽ ഇറക്കിവിട്ടിട്ടും നാവനക്കാതെ ലീഗ്. ബിജെപിയോടുള്ള വിധേയത്വവും ഡീലുമാണ് നേതാക്കളുടെ നിസ്സംഗതക്ക് പിന്നിലെന്ന ആരോപണം ശരിവയ്ക്കുന്നതാണ് ലീഗിന്റെ നിസ്സഹായാവസ്ഥ.
മുഖ്യമന്ത്രി വി ഡി സതീശനടക്കം കോൺഗ്രസ് നേതാക്കളും മന്ത്രിക്കെതിരായ സമരത്തെ തള്ളിപ്പറഞ്ഞില്ല. മൂന്നുകോടിയുടെ റേഞ്ച് റോവറിൽ സഞ്ചരിക്കുന്ന ഷാജി ഓട്ടോറിക്ഷയിൽപ്പോലും കയറാനാകാതെ തലസ്ഥാന നഗരിയിലൂടെ നടന്നു. ആർഎസ്എസിനെതിരെ യുദ്ധം നടത്തുന്നെന്ന് വീന്പിളക്കാറുള്ള ഷാജി ബിജെപിക്കാർക്കുമുന്നിൽ വിനീതവിധേയനായി. ആർഎസ്എസിനെ പിടിച്ചുകെട്ടുന്നത് ലീഗാണെന്ന് പ്രസംഗിക്കാറുള്ള നേതാവ് രാഷ്ട്രീയമായി അരയക്ഷരംപോലും പറയാത്തത് ലീഗണികളിൽ അമർഷം സൃഷ്ടിച്ചിട്ടുണ്ട്. ആർഎസ്എസ് സമരത്തിന് ‘നാരങ്ങാവെള്ളം’കൊടുത്ത് പിന്തുണച്ചതിന്റെ ബാക്കിയാണ് ഷാജിയും ലീഗും തുടരുന്നതെന്ന കളിയാക്കൽ സമൂഹമാധ്യമങ്ങളിലുണ്ട്.
അധികാരത്തിലേറിയതുമുതൽ ഷാജിക്ക് ആർഎസ്എസ് നയം സ്വീകാര്യമാണെന്ന ചർച്ച ലീഗ് കേന്ദ്രങ്ങളിൽ സജീവമാണ്. പിഎം ശ്രീ പദ്ധതി അറബിക്കടലിൽ വലിച്ചെറിയുമെന്ന് പ്രഖ്യാപിച്ച ഷാജി മന്ത്രിയായപ്പോൾ എതിർപ്പ് കടലിൽ വലിച്ചെറിഞ്ഞു. ഭവനപദ്ധതിയുടെ പേരിൽ മോദിയുടെ ചിത്രം പതിക്കാൻ സമ്മതിച്ച മന്ത്രി ബിജെപിക്ക് മുന്നിൽ കുന്പിടുന്നതിൽ അത്ഭുതമില്ലെന്നും പരിഹാസം ഉയരുന്നു. സർവകലാശാലകളുടെ തലപ്പത്ത് ആർഎസ്എസുകാരെ നിയമിച്ചതും ലീഗ് പിന്തുണയിലാണ്. സർക്കാർ അഭിഭാഷകരായി സംഘപരിവാർ ബന്ധമുള്ളവരെ നിയമിച്ചതിനെയും എതിർത്തില്ല. ഷാജിയടക്കം ലീഗിന്റെ അര ഡസനിലധികം നേതാക്കൾ ഇഡിയെ ഭയന്നാണ് കഴിയുന്നത്. ഷാജിയെയും ഭാര്യയെയും മന്ത്രി പി കെ കുഞ്ഞാലിക്കുട്ടി, ഭരണപരിഷ്കാര കമീഷൻ ചെയർമാൻ എം കെ മുനീർ, പാണക്കാട് ഹൈദരലി ശിഹാബ് തങ്ങൾ, മുൻ മന്ത്രി വി കെ ഇബ്രാഹിംകുഞ്ഞ് എന്നിവരെല്ലാം ഇഡി കുരുക്കിൽ ചോദ്യംചെയ്യപ്പെട്ടരാണ്. ഇതിൽനിന്ന് അവർ രക്ഷപ്പെട്ടത് ബിജെപിയുമായി ഉണ്ടാക്കിയ ഡീലിലാണ്.









0 comments