123 കിലോ കഞ്ചാവുമായി ലീഗ് നേതാവും കൂട്ടാളികളും അറസ്റ്റിൽ

മംഗളൂരു: നാൽപ്പത്തിമൂന്ന് ലക്ഷം രൂപ വിലവരുന്ന 123 കിലോ കഞ്ചാവുമായി മുസ്ലിംലീഗ് നേതാവ് ഉൾപ്പടെ മൂന്ന് മലയാളികൾ മംഗളൂരുവിൽ പിടിയിൽ. ദേലംപാടി പഞ്ചായത്തിലെ മുസ്ലിംലീഗിന്റെ നേതാവ് ഉരുഡൂർ അടൂരിലെ എം കെ മസൂദ് (45), ദേലംപാടി പരപ്പ സ്വദേശികളായ മുഹമ്മദ് ആഷിഖ് (24), സുബൈർ (30) എന്നിവരാണ് മംഗളൂരുസിറ്റി ക്രൈം ബ്രാഞ്ച് പൊലീസിന്റെ പിടിയിലായത്.
രണ്ടു കാറുകളിലായി മംഗളൂരുവിലേക്ക് കഞ്ചാവ് കടത്തുന്നുവെന്ന വിവരത്തിന്റെ അടിസ്‌ഥാനത്തിലാണ് മൂഡബിദ്രി മത്തഡെക്കരെയിൽനിന്ന് അറസ്റ്റുചെയ്തത്. ആന്ധ്രയിൽനിന്ന് എത്തിക്കുന്ന കഞ്ചാവ് കാസർകോട്ട് കൊണ്ടുവന്ന് മംഗളൂരു ഉൾപ്പെടെയുള്ള സ്ഥലങ്ങളിലേക്ക് വിതരണം ചെയ്യുന്ന സംഘമാണ് പിടിയിലായത്. 123 കിലോ കഞ്ചാവും രണ്ട് കാറും 5 മൊബൈൽ ഫോണുമാണ് പൊലീസ് പിടിച്ചെടുത്തത്. പ്രതികളെ മൂഡബിദ്രി പൊലീസിന് കൈമാറി . കൂടുതൽ അന്വേഷണം നടക്കുകയാണെന്ന് എസിപി മനോജ്‌കുമാർ പറഞ്ഞു.









0 comments