ad
Deshabhimani

print edition ഹൈക്കമാൻഡിന്റെ അവസാന ശ്രമവും തള്ളി: ലീഗിന്റെ കമാൻഡ്‌

muslim league.jpg
avatar
സി കെ ദിനേശ്‌

Published on May 15, 2026, 12:07 AM | 1 min read

തിരുവനന്തപുരം: മുഖ്യമന്ത്രി സ്ഥാനത്തെ ചൊല്ലി കോൺഗ്രസിലെ പ്രധാന നേതാക്കളായ മൂന്നുപേർ കൊമ്പുകോർത്തപ്പോൾ വി ഡി സതീശനെ മുന്നിൽ നിർത്തി മുസ്ലിംലീഗ്‌ നടത്തിയ ഒളിപ്പോരിനെതിരെ വ്യാപകവിമർശനം. ഇ‍ൗ സമ്മർദ്ദത്തിന്‌ ഹൈക്കമാൻഡ്‌ വഴങ്ങിയത്‌ ലീഗിന്റെ വിലപേശൽ ശേഷി കൂട്ടുമെന്നും അത്‌ കേരളത്തിൽ സമുദായിക ധ്രുവീകരണത്തിന്‌ വഴിവെക്കുമെന്നും കോൺഗ്രസിൽ അഭിപ്രായമുയർന്നു.


പത്തുനാളത്തെ മാരത്തോൻ മുഖ്യമന്ത്രി ചർച്ചകളിൽ കെ സി വേണുഗോപാലായിരുന്നു മുന്നിൽ. എംഎൽഎ മാരിലും മുതിർന്ന നേതാക്കളിലുമുള്ള ഭൂരിപക്ഷമാണ്‌ ഹൈക്കമാൻഡും പരിഗണിച്ചത്‌. എന്നാൽ, ലീഗിന്റെ കടുംപിടുത്തവും അനുയായികളെ ഇറക്കി സതീശൻ നടത്തിയ തെരുവുയുദ്ധവും കളം മാറ്റിമറിച്ചു. കുഞ്ഞാലിക്കുട്ടി മറ്റു ഘടകകക്ഷകളേയും രംഗത്തിറക്കി. ഒടുവിൽ തിങ്കളാഴ്‌ച നേതൃയോഗം ചേർന്ന്‌ കോൺഗ്രസ്‌ നേതാവിനെ പ്രഖ്യാപിച്ചാൽ ലീഗ്‌ അഭിപ്രായം പറയുമെന്നും ഭീഷണിമുഴക്കി.


ബുധനാഴ്‌ച നടത്തിയ അവസാനവട്ട ശ്രമത്തിൽ ഒത്തുതീർപ്പ്‌ എന്ന നിലയിൽ രമേശ്‌ ചെന്നിത്തലയെ പരിഗണിച്ചുകൂടെ എന്ന ഹൈക്കമാൻഡ്‌ ചോദ്യത്തിനുമുന്നിലും ലീഗ്‌ ‘ നോ ’ പറഞ്ഞു. വ്യാഴാഴ്‌ചത്തെ യുഡിഎഫ്‌ യോഗത്തിന്‌ എത്തില്ലെന്നും വേണ്ടിവന്നാൽ ‘ മാറിയിരിക്കാനും സന്നദ്ധർ ’ എന്ന സന്ദേശവും പങ്കുവച്ചു. ഇതോടെയാണ്‌ രാഹുൽ ഗാന്ധി വേണുഗോപാലിനെ വീണ്ടും വിളിച്ചുവരുത്തി ചർച്ച നടത്തിയത്‌.


ലീഗ്‌ ഉൾപ്പെടെ ഘടക കക്ഷികളെ സതീശൻ ‘ ഇരയിട്ട്‌ മീൻപിടിക്കുക ’ യായിരുന്നുവെന്ന ആക്ഷേപമാണ്‌ കോൺഗ്രസിലെ മറുപക്ഷത്തിനുള്ളത്‌. മംഗലാപുരം യാത്രയും അദാനി ബന്ധവും അതിന്റെ ഭാഗമാണെന്നും ഇവർ പറയുന്നു. പുതിയ പോരിന്റെ തുടക്കമായും ഇത്‌ മാറും. ദേശീയ തലത്തിൽ ബിജെപിയുടെയും മാധ്യമങ്ങളുടെയും ആക്ഷേപം കേൾക്കേണ്ടിവരുമെന്നതിനാൽ ലീഗ്‌ സമ്മർദത്തിൽ നിന്ന്‌ കരകയറാൻ ഹൈക്കമാൻഡ്‌ നടത്തിയ എല്ലാ ശ്രമവും അടപടലം പാളുകയായിരുന്നു.


മതനിരപേക്ഷ പാരമ്പര്യമുള്ള കേരളത്തിന്റെ മണ്ണിനെ വിഭാഗീയ ചിന്തകൾക്ക്‌ വേരോട്ടമുണ്ടാക്കാൻ കോൺഗ്രസ്‌ കീഴടങ്ങൽ സഹായകരമാകുമെന്നാണ്‌ എന്നാണ്‌ പൊതുചർച്ച. ഇത്‌ മുതലെടുത്ത്‌ വർഗീയ ചേരിതിരിവിന്‌ ശ്രമിക്കുന്ന ബിജെപി നീക്കത്തെ കടുത്ത ജാഗ്രതയോടെ നേരിടുകയെന്ന സുപ്രധാന ദ‍ൗത്യവും വരുംനാളുകളിൽ സംസ്ഥാനം ഏറ്റെടുക്കേണ്ടിവരും.



deshabhimani section

Related News

View More
0 comments
Sort by

Deshabhimani
Home