'കെ സി എനിക്കൊരു ചുക്കും ചെയ്തിട്ടില്ല, മന്ത്രിക്കസേരയ്ക്കായി നേതാക്കൾ ജാതിപ്പേരും പറഞ്ഞ് ക്യൂവിൽ': രാജ്മോഹൻ ഉണ്ണിത്താൻ

രാജ്‌മോഹൻ ഉണ്ണിത്താൻ
തിരുവനന്തപുരം: എഐസിസി സംഘടനാ ചുമതലയുള്ള ജനറൽ സെക്രട്ടറി കെ.സി വേണുഗോപാലിന്റെയും അന്തരിച്ച നേതാവ് ഉമ്മൻചാണ്ടിയുടെയും ചിത്രങ്ങളുള്ള ഫ്ലക്സ് ബോർഡുകൾ കീറി നശിപ്പിച്ച സംഭവത്തിൽ രൂക്ഷവിമർശനവുമായി രാജ്മോഹൻ ഉണ്ണിത്താൻ. പാർട്ടിയിലെ ഉന്നത പദവികൾക്കായി നേതാക്കൾ ഡൽഹിയിൽ തമ്പടിക്കുകയാണെന്നും ഉണ്ണിത്താൻ വിമർശിച്ചു.
കെ സി വേണുഗോപാൽ ഒരു ചുക്കും ചെയ്തു തന്നിട്ടില്ല, ഞാൻ ആരുടെയും ഔദാര്യവും പറ്റിയിട്ടില്ല. പക്ഷേ, സംഘടനാ ചുമതലയുള്ള ഒരു നേതാവിനെ ഇങ്ങനെ എഴുതിത്തള്ളാൻ പറ്റില്ലെന്നും ഉമ്മൻചാണ്ടിയുടെ ചിത്രം പോലും ചവിട്ടിക്കൂട്ടുന്നവർ കോൺഗ്രസുകാരല്ലെന്നും രാജ്മോഹൻ ഉണ്ണിത്താൻ കൂട്ടിച്ചേർത്തു.
കേരളത്തിലെ കോൺഗ്രസ് നേതാക്കളുടെ പ്രധാന ലക്ഷ്യം മന്ത്രിസ്ഥാനവും വകുപ്പുകളുമാണെന്ന് രാജ്മോഹൻ ഉണ്ണിത്താൻ തുറന്നുകാട്ടുന്നു. കെപിസിസി പ്രസിഡന്റ് മന്ത്രിയാകുമെന്ന് കണ്ടപ്പോൾത്തന്നെ ആ കസേര പിടിക്കാൻ ജാതിപ്പേരും പറഞ്ഞ് നേതാക്കൾ ഡൽഹിയിൽ ക്യൂ നിൽക്കുകയാണ്.
ഇവർ ആരെങ്കിലും ഒരാൾ സംഘടനാ ചുമതലയുള്ള ജനറൽ സെക്രട്ടറിയുടെയോ ഉമ്മൻചാണ്ടിയുടെയോ ഫ്‌ളെക്‌സ് വലിച്ചു കീറിയിട്ട് ഒരക്ഷരം ഉരിയാടിയിട്ടില്ല. അപ്പോൾ എല്ലാവർക്കും ഭയമാണ്, സോഷ്യൽ മീഡിയ ഭയമാണെന്നും നാളെ എന്തെങ്കിലും പ്രതികരിച്ചാൽ പൊങ്കാലയിടുമെന്ന ഭയമാണെന്നും രാജ്മോഹൻ ഉണ്ണിത്താൻ വിമർശിച്ചു.










0 comments