എൽഡിഎഫിന്റെ രാഷ്ട്രീയ അടിത്തറ ഭദ്രം; ഫലം പരിശോധിച്ച് മുന്നോട്ട് പോകും: എം വി ഗോവിന്ദൻ

നിലമ്പൂര്‍: വർഗീയ ശക്തിയുടെ പിൻബലത്തോടെയാണ് നിലമ്പൂരിൽ യുഡിഎഫ് വിജയിച്ചതെന്ന് സിപിഐ എം സംസ്ഥാന സെക്രട്ടറി എം വി ഗോവിന്ദൻ. ഫലം പരിശോധിച്ച് ആവശ്യമായ നിലപാടുകൾ സ്വീകരിച്ചുകൊണ്ട് എൽഡിഎഫ് മുന്നോട്ട് പോകുമെന്നും എം വി ഗോവിന്ദൻ മാധ്യമങ്ങളോട് പറഞ്ഞു. തിരുത്തലുകൾ വരുത്തേണ്ടതുണ്ടെങ്കിൽ അവ വരുത്തിക്കൊണ്ടു തന്നെ മുന്നോട്ടേക്ക് പോകും.
2021ലെ തെരഞ്ഞെടുപ്പിൽ യുഡിഎഫിന് ലഭിച്ച വോട്ട് 78, 527 ആയിരുന്നു. എന്നാൽ ഇത്തവണ യുഡിഎഫിന് 77,057 വോട്ടുകളാണ് ലഭിച്ചത്. കഴിഞ്ഞ തവണ ലഭിച്ച വോട്ട് ഇത്തവണ നിലനിർത്താൻ അവർക്ക് കഴിഞ്ഞില്ല. 1470 വോട്ട് കഴിഞ്ഞ തവണത്തേക്കാൾ യുഡിഎഫിന് കുറഞ്ഞു. എൽഡിഎഫിനെ സംബന്ധിച്ച് രാഷ്ട്രീയമായി മത്സരിച്ച് ജയിക്കാൻ കഴിയുന്ന മണ്ഡലങ്ങളുടെ പട്ടികയിലല്ല നിലമ്പൂർ മണ്ഡലമുള്ളത്. എൽഡിഎഫിന് പുറമെ കുറച്ച് വോട്ടുകൾ കൂടി ലഭിക്കുമ്പോഴാണ് പാർടി പിന്തുണയുള്ള സ്വതന്ത്ര സ്ഥാനാർഥിക്ക് അവിടെ വിജയിക്കാനാകുന്നത്. യുഡിഎഫിന് എതിരെയുള്ള വോട്ടുകളുടെ എണ്ണം വർധിച്ചു. കഴിഞ്ഞ വർഷത്തേക്കാൾ കുറഞ്ഞ വോട്ടാണ് യുഡിഎഫിന് ലഭിച്ചത്. അതിൽ തന്നെ വോട്ടുകൾ ലഭിച്ചത് വർഗീയ ശക്തിയുടെ പിൻബലത്തോടുകൂടിയാണ്.
ജയസാധ്യതയില്ല എന്ന് മനസിലാക്കി ഇടതുപക്ഷ ജനാധിപത്യമുന്നണി ജയിക്കാതെയിരിക്കാൻ വലതു പക്ഷത്തിന് ബിജെപി വോട്ട് നൽകിയതായി ബിജെപി സ്ഥാനാർഥി തന്നെ പറഞ്ഞു. ആര്യാടൻ ഷൗക്കത്തിന് വോട്ട് നൽകിയെന്ന് കരുതുന്നുണ്ടെന്ന് ബിജെപി സ്ഥാനാർഥി തെരഞ്ഞെടുപ്പിന് മുമ്പ് പരസ്യമായി തന്നെ പ്രസ്താവിച്ചിരുന്നു. 12,284 വോട്ടുകൾ വരെ കഴിഞ്ഞ തെരഞ്ഞെടുപ്പിൽ ലഭിച്ച അവർക്ക് ഇത്തവണ 8,706 വോട്ടാണ് ലഭിച്ചത്. തെരഞ്ഞെടുപ്പിന് മുമ്പും ശേഷവും പ്രതിപക്ഷ നേതാവ് വി ഡി സതീശൻ പറഞ്ഞത് ജമാ അത്തെ ഇസ്ലാമി ഞങ്ങളെ സഹായിച്ചിട്ടുണ്ട്, അവരുടെ പിന്തുണ ഞങ്ങൾക്ക് ലഭിച്ചിട്ടുണ്ട് എന്നാണ്. അത് ഈ തെരഞ്ഞെടുപ്പിൽ മാത്രമല്ല ഇതിനു മുമ്പുള്ള തെരഞ്ഞെടുപ്പിലും പോപ്പുലർ ഫ്രണ്ടിന്റെയും ജമാ അത്തെ ഇസ്ലാമിയുടെയും വോട്ട് ഞങ്ങൾക്ക് ലഭിച്ചു എന്ന് പറഞ്ഞിട്ടുണ്ട്. അന്ന് പ്രതിഷേധിക്കാതെയിരുന്നവർ എന്തുകൊണ്ടാണ് ഇപ്പോൾ പ്രതിഷേധിക്കുന്നത് എന്നാണ് അദ്ദേഹത്തിന്റെ ചോദ്യം. ഈ നിലപാട് കാലങ്ങളായി സ്വീകരിച്ചുവരുന്നവരാണ് കോൺഗ്രസ്. ഇപ്പോൾ ഇതിലൂടെ അവർക്ക് കുറച്ച് വോട്ട് ലഭിച്ചു. പക്ഷേ അത് ദൂരവ്യാപകമായ ഫലങ്ങൾ ഉണ്ടാക്കുന്ന ഒന്നായിരിക്കും എന്ന കാര്യത്തിൽ സംശയമില്ല. ഒരു ഭാഗത്ത് ഭൂരി പക്ഷ വർഗീയതയെ ഉപയോഗിക്കുക, മറുഭാഗത്ത് ന്യൂനപക്ഷ വർഗീയതയെ, ജമാ അത്തെ ഇസ്ലാമി പോലുള്ള സംഘടനകളെ പൂർണമായി ഉപയോഗിക്കുക ഇതാണ് തെരഞ്ഞെടുപ്പിന്റെ ഭാഗമായി കോൺഗ്രസിൽ നിന്ന് കണ്ടത്. തെരഞ്ഞെടുപ്പിന്റെ ഭാഗമായി മുഴുവൻ വോട്ടിൽ വർധനവ് ഉണ്ടായിട്ടും യുഡിഎഫിന് കഴിഞ്ഞ തവണത്തെ വോട്ട് നിലനിർത്താൻ കഴിഞ്ഞിട്ടില്ല.
വിജയത്തിൽ യുഡിഎഫിനെ സംബന്ധിച്ച് എല്ലാ ഘടകങ്ങളും സൂക്ഷ്മമായി പരിശോധിച്ചാൽ വർഗീയ ശക്തികളുമായി ചേർത്ത് നടത്തിയ തെരഞ്ഞെടുപ്പ് പ്രവർത്തനങ്ങളുടെ ഭാഗമായി നേടിയിട്ടുള്ള വിജയമാണിത്. ഇത് രാഷ്ട്രീയ സമൂഹത്തിൽ ഗൗരവതരമായ പ്രത്യാഘാതം സൃഷ്ടിക്കും. മതനിരപേക്ഷ നിലപാടുകൾ സ്വീകരിക്കുന്ന ജനാധിപത്യ ശക്തികൾ ഈ ഗൗരവതരമായ പ്രത്യാഘാതം തിരിച്ചറിയണം.
എല്ലാ വർഗീയ ശക്തികളെയും മാറ്റി നിർത്തിക്കൊണ്ടാണ് നിലമ്പൂരിലെ മതനിരപേക്ഷ ജനത എൽഡിഎഫിന് ഇത്രയും വമ്പിച്ച വോട്ട് നൽകിയത്. 66,660 എൽഡിഎഫിന് വോട്ട് നിലമ്പൂരിലെ എൽഡിഎഫ് സ്ഥാനാർഥി എം സ്വരാജിന് ലഭിച്ചു എന്നത് വളരെ പ്രധാനമാണ്. എല്ലാ വർഗീയ ശക്തികളെയും ഒന്നിച്ച് നിർത്തി, കള്ള പ്രചരണങ്ങൾ നടത്തി എൽഡിഎഫിനെ ആക്രമിക്കുന്നതിനുള്ള ശ്രമമാണ് അവർ നടത്തിയിരുന്നത്. അതിനെ അതിജീവിച്ചുകൊണ്ട് മതനിരപേക്ഷ നിലപാടുകൾ ഉയർത്തിപ്പിടിക്കാനും മതനിരപേക്ഷജനങ്ങളുടെ പിന്തുണ നേടാനും എൽഡിഎഫിന് കഴിഞ്ഞു. ഈ രാഷ്ട്രീയം കൂടുതൽ ശക്തിയായി മുന്നോട്ട് കൊണ്ടുപോകും. അവിശുദ്ധമായ കൂട്ടുകെട്ടിനേയും ഭാവിയിൽ കേരളത്തിനുണ്ടാകാവുന്ന സാമൂഹിക പ്രത്യാഘാതങ്ങളേയും നാടിനെ സ്നേഹിക്കുന്ന എല്ലാ ജനങ്ങളും തിരിച്ചറിയേണ്ടതുണ്ട്.
ന്യൂനപക്ഷ ഭൂരിപക്ഷ വർഗീയതയെ തരം പോലെ ഉപയോഗിക്കുന്ന യുഡിഎഫ് മതനിരപേക്ഷതയ്ക്ക് വരുത്തുന്ന അപകടകരമായ ഭീഷണിക്ക് കേരളം പ്രതിരോധം തീർക്കണം. കേരള ജനതയ്ക്ക് അത് സാധിക്കും. കോൺഗ്രസും ലീഗും ബിജെപിയും ചേർന്ന് മത്സരിച്ച തെരഞ്ഞെടുപ്പുകൾ മുൻകാലങ്ങളിലുണ്ടായിട്ടുണ്ട്. അന്നൊന്നും അത് പരസ്യമായി പറഞ്ഞിരുന്നില്ല. എന്നാൽ ഇന്ന് വർഗീയ ശക്തികളുടെ പിന്തുണ തങ്ങൾക്കുണ്ട് എന്ന് യോതൊരു മാനസിക പ്രയാസങ്ങളുമില്ലാതെ വിളിച്ച് പറയുന്ന നിലയിലേക്ക് യുഡിഎഫ് എത്തിയിരിക്കുന്നു. ഇത് പരിശോധിച്ചാൽ യുഡിഎഫിന് ജനപിന്തുണ വർധിച്ചു എന്ന വാദം അടിസ്ഥാനരഹിതമാണ്. സർക്കാർവിരുദ്ധമായ ഒരു കാര്യവും നിലമ്പൂർ ഉപതെരഞ്ഞെടുപ്പിന്റെ പ്രചാരണത്തിൽ ഉന്നയിക്കാൻ യുഡിഎഫിന് കഴിഞ്ഞിട്ടില്ല. സർക്കാർ എപ്പോഴും ജനഹിതത്തിനൊപ്പമാണ്. ജനങ്ങളുടെ താത്പര്യത്തിനൊപ്പമാണ് സർക്കാർ എല്ലാ കാര്യങ്ങളും ചെയ്തിട്ടുള്ളത്. എൽഡിഎഫിന് തുടർഭരണത്തിലേക്കുള്ള നീക്കം ഇപ്പോഴും സാധ്യമാകുന്ന ഒന്നാണ്. എൽഡിഎഫിന് മുന്നേറാൻ കഴിയുന്ന ഒരു രാഷ്ട്രീയ പശ്ചാത്തലം നിലമ്പൂരും ഉള്ളതായാണ് ഇത്രയും വോട്ടുകളിലൂടെ മനസിലാകുന്നതെന്നും എം വി ഗോവിന്ദൻ പറഞ്ഞു.









0 comments