ad
Deshabhimani

print edition നവകേരളനിർമിതിക്ക്‌ കരുത്തുപകർന്ന്‌

vikasana munnetta jadha tvm

എൽഡിഎഫ്‌ തെക്കൻ മേഖലാ വികസനമുന്നേറ്റ ജാഥാ അംഗങ്ങളായ യൂജിൻ മൊറേലി, സി പി അൻവർ സാദത്ത്, കെ വി ബാലസുബ്രഹ്മണ്യൻ, പി കെ രാജൻ, ജോർജ് അഗസ്റ്റിൻ, പി വസന്തം, ജോണി ചെറുപറമ്പിൽ, സി എസ് സുജാത, എ ഷാജു, ഉഴമലയ്ക്കൽ വേണുഗോപാൽ, വി ടി ജോസഫ് എന്നിവർ ക്യാപ്‌റ്റൻ ബിനോയ്‌ വിശ്വത്തിനും മാനേജർ എം സ്വരാജിനുമൊപ്പം

avatar
സ്വാതി സുജാത

Published on Feb 15, 2026, 02:35 AM | 1 min read

കാട്ടാക്കട: നൂതനവും പ്രായോഗികവുമായ ആശയങ്ങൾ, പ്രതീക്ഷയും ലക്ഷ്യബോധവും നൽകുന്ന പ്രതികരണങ്ങൾ. എൽഡിഎഫ്‌ തെക്കൻ മേഖലാ വികസന മുന്നേറ്റ ജാഥാ ക്യാപ്‌റ്റനും അംഗങ്ങളുമായുള്ള മുഖാമുഖത്തിൽ അതിഥികൾ പങ്കുവച്ചത്‌ നവകേരളനിർമിതിക്ക്‌ കരുത്തുപകരുന്ന നിർദേശങ്ങൾ.


കാട്ടാക്കട, പാറശാല, നെയ്യാറ്റിൻകര, കോവളം മണ്ഡലങ്ങളിലെ ക്ഷണിക്കപ്പെട്ട പ്രതിനിധികളാണ് മുഖാമുഖത്തിൽ പങ്കെടുത്തത്. ഉന്നതവിദ്യാഭ്യാസം, നിയമം, സാംസ്കാരികം, ആരോഗ്യം, കാർഷികരംഗം തുടങ്ങിയ മേഖലകളിൽനിന്നുള്ളവർ ആശയങ്ങളും നിർദേശങ്ങളും പങ്കുവച്ചു.


കപ്പക്കൃഷിക്ക്‌ പ്രാധാന്യമുള്ള ജില്ലയായതിനാൽ, അതിൽനിന്നുള്ള മൂല്യവർധിത ഉൽപ്പന്നങ്ങൾ നിർമിക്കുന്ന ഫാക്ടറി തിരുവനന്തപുരത്ത്‌ സ്ഥാപിക്കണമെന്നാണ്‌ കർഷകനായ ജനാർദനൻനായർ മുന്നോട്ടുവച്ച നിർദേശം. കർഷകരുടെ വിപണനപ്രതിസന്ധി പരിഹരിക്കാൻ ഇത്‌ സഹായിക്കുമെന്നും അദ്ദേഹം അഭിപ്രായപ്പെട്ടു.


നിർമിത ബുദ്ധി ഭാവിയിൽ ഉണ്ടാക്കിയേക്കാവുന്ന തൊഴിൽനഷ്ടം പരിഹരിക്കാൻ വിജ്ഞാനകേരളം മാതൃകയിൽ പദ്ധതികൾ നടപ്പാക്കണമെന്ന്‌ കെ എ വേണുഗോപാൽ നിർദേശിച്ചു. ട്രാൻസ്പോർട്ട് പെൻഷനറായ സുരേന്ദ്രൻനായർ കെഎസ്ആർടിസി പെൻഷൻകാർക്ക് ആനുകൂല്യങ്ങളും ഉത്സവബത്തയും അനുവദിക്കണമെന്നും പെൻഷൻതുക വർധിപ്പിക്കുന്നത് തെരഞ്ഞെടുപ്പിനുമുമ്പായി പരിഗണിക്കണമെന്നും ആവശ്യപ്പെട്ടു.


ആശുപത്രികളിലെ ലാബ് സമയം രാവിലെ എട്ടുമുതലെന്നത്‌ മാറ്റി, ആറുമുതലാക്കണമെന്ന് ഷൈൻകുമാർ നിർദേശിച്ചു. ഇത് ഫാസ്റ്റിങ് പരിശോധന നടത്തുന്നതിന്‌ സ്വകാര്യ ലാബുകളെ ആശ്രയിക്കേണ്ട അവസ്ഥയിൽനിന്ന്‌ സാധാരണക്കാരെ രക്ഷിക്കുമെന്നും അദ്ദേഹം പറഞ്ഞു.


കെഎസ്ഇബിയെ പൊതുമേഖലാ സ്ഥാപനമായി നിലനിർത്തുന്നതിനുള്ള നടപടികൾ സ്വീകരിക്കണമെന്ന് കെഎസ്ഇബി ജീവനക്കാരൻ ബിനു ആവശ്യപ്പെട്ടു. ആരോഗ്യമേഖലയിൽ കൂടുതൽ ജീവനക്കാരെ നിയമിക്കുക, മരുന്ന് വീടുകളിൽ എത്തിക്കുക, ചെറുതും വലുതുമായ വികസനപ്രവർത്തനങ്ങൾ ജനങ്ങളിൽ എത്തിക്കുന്നതിനുള്ള നടപടികൾ സ്വീകരിക്കുക തുടങ്ങിയ നിരവധി നിർദേശങ്ങളാണ് ഉയർന്നുവന്നത്.


ന്യായമായ എല്ലാ ആവശ്യങ്ങളും സർക്കാരിന്റെ ശ്രദ്ധയിൽപ്പെടുത്തുമെന്ന്‌ ജാഥാ ക്യാപ്റ്റൻ ബിനോയ്‌ വിശ്വം ഉറപ്പുനൽകി. ജാഥാ മാനേജർ എം സ്വരാജും അംഗങ്ങളും പങ്കെടുത്തു.



deshabhimani section

Related News

View More
0 comments
Sort by

Deshabhimani
Home