ഇന്ന് കൽപ്പറ്റ, തിരുവമ്പാടി, കൊടുവള്ളി, ബാലുശേരി മണ്ഡലങ്ങളിൽ
print edition ഉള്ളാലെ വയനാട് ; കർഷകനാടിന്റെ മനംതൊട്ട് വികസന മുന്നേറ്റ ജാഥ

മാനന്തവാടിയിൽ നൽകിയ സ്വീകരണത്തിൽ ജാഥാ ക്യാപ്റ്റൻ എം വി ഗോവിന്ദൻ ജനങ്ങളെ അഭിവാദ്യം ചെയ്യുന്നു / ഫോട്ടോ: സുമേഷ് കോടിയത്ത്
വി ജെ വർഗീസ്
Published on Feb 06, 2026, 02:45 AM | 2 min read
മാനന്തവാടി
ഉള്ളുപൊട്ടിയൊഴുകിയ ജീവിതങ്ങളെ ചേർത്തണച്ച കരുതലിന് അതിജീവന ജനതയുടെ ഹൃദയാഭിവാദ്യം. ഒന്നിരുട്ടി വെളുത്തപ്പോഴേക്കും ഒലിച്ചുപോയ നാടിനെ അതിശയകരമായി ഉയിർപ്പിച്ച ഭരണക്കരുത്തിന്റെ തുടർച്ചയ്ക്ക് ഒപ്പമുണ്ടെന്ന് മലയോരജനത പ്രഖ്യാപിച്ചു. ഉരുളെടുത്ത മുണ്ടക്കൈക്കും ചൂരൽമലയ്ക്കും മീതേ വികസനത്തിന്റെ പുഞ്ചിരിമട്ടം തീർത്തവരെ വരവേൽക്കാൻ ജനാവലി ഒഴുകി. സിപിഐ എം സംസ്ഥാന സെക്രട്ടറി എം വി ഗോവിന്ദൻ നയിക്കുന്ന എൽഡിഎഫ് വടക്കൻ മേഖല വികസന മുന്നേറ്റ ജാഥ കർഷകനാടിന്റെ മനംതൊട്ടു.
പ്രതിസന്ധികളുടെ കുത്തൊഴുക്കിൽ കാലിടറാതെ പത്താണ്ടിൽ മുഖച്ഛായ മാറ്റിയ നാടിന്റെ നന്മ വിളംബരംചെയ്‌താണ് വ്യാഴാഴ്‌ച വൈകിട്ട് ജാഥ ചുരം കയറിയെത്തിയത്. രാവിലെ കണ്ണൂർ ജില്ലയിലെ ധർമ്മടം, കൂത്തുപറന്പ് മണ്ഡലങ്ങളിൽ സ്വീകരണകേന്ദ്രങ്ങളിലേക്ക് പതിനായിരങ്ങളുടെ പ്രവാഹമായിരുന്നു. വൈകിട്ട് അഞ്ചോടെ വയനാട് ജില്ലാ അതിർത്തിയിലെ ടൗണായ തലപ്പുഴയിൽ ജാഥാ ക്യാപ്‌റ്റനെയും അംഗങ്ങളെയും എൽഡിഎഫ് നേതാക്കൾ സ്വീകരിച്ചു. ഇവിടെനിന്ന് ഇരുചക്രവാഹനങ്ങളുടെ അകന്പടിയോടെ മാനന്തവാടിയിലേക്ക് ആനയിച്ചു. വാദ്യമേളങ്ങളുടെ അകന്പടിയോടെ നഗരത്തിൽ ഉജ്വല വരവേൽപ്പേകി. രാത്രി ഏഴോടെയാണ് ബത്തേരിയിലേക്ക് എത്തിയത്. കോട്ടക്കുന്നിൽ കോട്ടകെട്ടി കാത്തുനിന്ന ആയിരങ്ങൾ ഗംഭീര സ‍്വീകരണമൊരുക്കി.
വെള്ളി രാവിലെ 10ന് കൽപ്പറ്റ, പകൽ മൂന്നിന് കോഴിക്കോട് തിരുവന്പാടി മണ്ഡലത്തിലെ മുക്കം, നാലിന് കൊടുവള്ളി, അഞ്ചിന് ബാലുശേരി എന്നിവിടങ്ങളിൽ ജാഥ എത്തിച്ചേരും. പി സന്തോഷ്‌കുമാർ (മാനേജർ– സിപിഐ ദേശീയ സെക്രട്ടറിയറ്റംഗം ), കെ എസ് സലീഖ (സിപിഐ എം കേന്ദ്ര കമ്മിറ്റിയംഗം), മനയത്ത് ചന്ദ്രൻ (ആർജെഡി സംസ്ഥാന സെക്രട്ടറി), പി പി ദിവാകരൻ (ഇന്ത്യൻ സോഷ്യലിസ്റ്റ് ജനതാദൾ സംസ്ഥാന ജനറൽ സെക്രട്ടറി), യു ബാബു ഗോപിനാഥ് (കോൺഗ്രസ് എസ് സംസ്ഥാന സെക്രട്ടറി), കാസിം ഇരിക്കൂർ (ഐഎൻഎൻ സംസ്ഥാന ജനറൽ സെക്രട്ടറി), പി എം സുരേഷ്ബാബു (എൻസിപി സംസ്ഥാന വർക്കിങ് കമ്മിറ്റിയംഗം ), എ ജെ ജോസഫ് (ജനാധിപത്യ കേരള കോൺഗ്രസ് ഡെപ്യൂട്ടി ചെയർമാൻ), മാത്യു കുന്നപ്പള്ളി (കേരള കോൺഗ്രസ് എം ഉന്നതാധികാര സമിതി അംഗം), വടകോട് മോനിച്ചൻ (കേരള കോൺഗ്രസ് ബി സംസ്ഥാന ജനറൽ സെക്രട്ടറി), നൈസ് മാത്യു (കേരള കോൺഗ്രസ്– സ്കറിയ സംസ്ഥാന ജനറൽ സെക്രട്ടറി) എന്നിവരാണ് ജാഥാംഗങ്ങൾ.










0 comments