ജാഥ നാളെ അങ്കമാലി, ആലുവ, പറവൂർ, വൈപ്പിൻ മണ്ഡലങ്ങളിൽ
print edition ജനാരവങ്ങളിൽ പടർന്ന് എൽഡിഎഫ് വികസനമുന്നേറ്റ ജാഥ

ജോസ് കെ മാണി എംപി നയിക്കുന്ന എൽഡിഎഫ് മധ്യമേഖലാ വികസനമുന്നേറ്റ ജാഥയ്‌ക്ക് എറണാകുളം പിറവം മണ്ഡലത്തിൽ നൽകിയ സ്വീകരണം / ഫോട്ടോ: വി കെ അഭിജിത്
എം എസ് അശോകൻ
Published on Feb 12, 2026, 02:45 AM | 2 min read
കൊച്ചി
സമസ്‌ത മേഖലയിലും ക്ഷേമവും വികസനവുമെത്തിച്ച എൽഡിഎഫ് സർക്കാരിനോടുള്ള സ്‌നേഹമാണ് പിറവത്ത് മധ്യമേഖലാ ജാഥയുടെ ഭാഗമാകാനെത്തിയ ചെണ്ട കലാകാരൻ പാഴൂർ ഉണ്ണിചന്ദ്രന്റെ വാക്കുകളിൽ. ‘ഞങ്ങളെപ്പോലുള്ള കലാകാരന്മാരെ ഹൃദയത്തോട് ചേർത്തുനിർത്തിയ സർക്കാരാണിത്, അത് തുടരണം’– സാംസ്‌കാരികവകുപ്പിന്റെ വജ്രജൂബിലി ഫെലോഷിപ് ലഭിച്ച അദ്ദേഹം ജാഥാ സ്വീകരണവേദിയിൽ ആദരമേറ്റുവാങ്ങി പറഞ്ഞു.
‘മാസം 11,000 രൂപവീതം ലഭിക്കുന്നുണ്ട്. അതിനുപുറമെ ബ്ലോക്ക് പഞ്ചായത്ത് നൽകുന്ന 7500 രൂപയും. ഈ സർക്കാർ മാത്രമാണ് ഞങ്ങളെ ഇത്തരത്തിൽ പരിഗണിച്ചത്. കലയെയും കലാകാരന്മാരെയും അംഗീകരിക്കുന്ന സർക്കാർ ജനാധിപത്യത്തിന്റെ സൗന്ദര്യമാണ്’– അദ്ദേഹം പറഞ്ഞു.

ജനാരവങ്ങളിൽ പടരുകയാണ് എൽഡിഎഫ് വികസനമുന്നേറ്റ ജാഥ. സുഗന്ധവിളകളുടെ നാട്ടിൽനിന്ന് കൃഷിയും വ്യവസായവും ഒരുപോലെ തളിർക്കുന്ന എറണാകുളം ജില്ലയിലേക്ക് എത്തിയ ജാഥയെ മണ്ഡലങ്ങൾ ഏറ്റെടുക്കുന്നു. കോതമംഗലത്തായിരുന്നു ജില്ലയിലെ ആദ്യ സ്വീകരണം. രണ്ടാംദിനത്തിലെ പര്യടനം മൂവാറ്റുപുഴ മണ്ഡലത്തിൽ തുടങ്ങി. രണ്ട് മണ്ഡലങ്ങൾകൂടി പിന്നിട്ട് പെരുന്പാവൂരിൽ സമാപിക്കുന്പോൾ പത്തു വികസനവർഷങ്ങൾ സമ്മാനിച്ച നേട്ടങ്ങളുടെ സുവർണതിളക്കം.
സിപിഐ എം കേന്ദ്രകമ്മിറ്റി അംഗം കെ കെ ശൈലജ എംഎൽഎ, സംസ്ഥാന സെക്രട്ടറിയറ്റംഗം പി കെ ബിജു, സിപിഐ അസിസ്റ്റന്റ് സെക്രട്ടറി പി പി സുനീർ എംപി, ഇന്ത്യൻ സോഷ്യലിസ്റ്റ് ജനതാദൾ സംസ്ഥാന സെക്രട്ടറി സാബു ജോർജ്, എൻസിപി സംസ്ഥാന സെക്രട്ടറി സുഭാഷ് പുഞ്ചക്കോട്ടിൽ, ആർജെഡി സെക്രട്ടറി ജനറൽ വർഗീസ് ജോർജ്, കോൺഗ്രസ് എസ് സെക്രട്ടറി മാത്യൂസ് കോലഞ്ചേരി, കേരള കോൺഗ്രസ് ബി സെക്രട്ടറി കെ ജി പ്രേംജിത്, ജനാധിപത്യ കേരള കോൺഗ്രസ് സെക്രട്ടറി ഫ്രാൻസിസ് തോമസ്, ഐഎൻഎൽ സംസ്ഥാന സെക്രട്ടറി എം എ ലത്തീഫ്, കേരള കോൺഗ്രസ് സ്കറിയ തോമസ് പ്രസിഡന്റ് ബിനോയ് ജോസഫ് എന്നിവരാണ് ജാഥാംഗങ്ങൾ.
ജനോപകാര നിയമങ്ങൾക്ക് കേന്ദ്രത്തിന്റെ ദയാവധം : ജോസ് കെ മാണി
ജനങ്ങൾക്ക് പ്രയോജനകരമായ നിയമങ്ങൾക്കെല്ലാം കേന്ദ്രസർക്കാർ ദയാവധം നടപ്പാക്കുകയാണെന്ന് ജോസ് കെ മാണി എംപി. വിവരാവകാശ നിയമത്തിന് കേന്ദ്രസർക്കാർ നിയന്ത്രണം ഏർപ്പെടുത്തി. തൊഴിലുറപ്പുപദ്ധതിയും വിദ്യാഭ്യാസ അവകാശവും തകർത്തു. പിഎം കെയർ ഉൾപ്പെടെയുള്ള ഫണ്ടുകളിൽ സുതാര്യതയില്ലാതായി. പാർലമെന്റിൽ എംപിമാരുടെ ചോദ്യത്തിനുപോലും വിലക്കാണെന്നും ജോസ് കെ മാണി വാർത്താസമ്മേളനത്തിൽ പറഞ്ഞു.
അസം മുഖ്യമന്ത്രി ഹിമന്ത ബിസ്വസർമയുടെ സമൂഹമാധ്യമ പേജിൽവന്ന വർഗീയ വീഡിയോക്കെതിരെ പ്രതികരിക്കാൻ പ്രധാനമന്ത്രി തയ്യാറായിട്ടില്ല. മണിപ്പുർ കലാപം തുടങ്ങിയത് ഇങ്ങനെയാണ്. ഒന്നരവർഷത്തിനുശേഷമാണ് മണിപ്പുർ വിഷയത്തിൽ പ്രധാനമന്ത്രി എന്തെങ്കിലും പറഞ്ഞത്. യുഡിഎഫ് അധികാരത്തിൽ വന്നാൽ എന്തുചെയ്യുമെന്ന് പ്രതിപക്ഷനേതാവിന് പറയാനാകുന്നില്ല. കേരളത്തിന്റെ വികസനം മുൻനിർത്തി നാളെ ചെയ്യേണ്ട കാര്യങ്ങളാണ് എൽഡിഎഫ് ഉന്നയിക്കുന്നതെന്നും ജോസ് കെ മാണി പറഞ്ഞു.










0 comments