print edition അഭിമാനത്തോടെ നാടൊന്നാകെ

എം വി ഗോവിന്ദൻ നയിക്കുന്ന എൽഡിഎഫ് വടക്കൻ മേഖലാ വികസനമുന്നേറ്റ ജാഥയ്‌ക്ക് മലപ്പുറം മങ്കട മണ്ഡലത്തിലെ അങ്ങാടിപ്പുറത്ത് നൽകിയ സ്വീകരണം / ഫോട്ടോ: മിഥുൻ അനില മിത്രൻ
പി അഭിഷേക്
Published on Feb 12, 2026, 02:47 AM | 2 min read
മലപ്പുറം
ഉത്തര്‍പ്രദേശിൽ ജനിച്ച നൂര്‍ജഹാന്‍ അഭിമാനബോധത്തോടെ തലയുയര്‍ത്തിയാണ് എല്‍ഡിഎഫ് ജാഥയെ വരവേല്‍ക്കാന്‍ മഞ്ചേരിയിലെ സ്വീകരണകേന്ദ്രത്തിലെത്തിയത്. മതംനോക്കി ജനതയെ തെരുവിലെറിയുന്ന നാട്ടില്‍നിന്ന് ചേര്‍ത്തുനിര്‍ത്തലിന്റെ മാനവഗാഥ മുഴങ്ങുന്ന മണ്ണിലേക്ക് അഞ്ച് പതിറ്റാണ്ട് മുമ്പെത്തിയതാണ്. ലൈഫ് പദ്ധതിയില്‍ വീട് അനുവദിച്ച് എല്‍ഡിഎഫ് സര്‍ക്കാര്‍ നൂര്‍ജഹാനും കുടുംബത്തിനും തണലൊരുക്കി. എൽഡിഎഫ് വടക്കൻ മേഖല വികസനമുന്നേറ്റ ജാഥാ ക്യാപ്റ്റന്‍ എം വി ഗോവിന്ദനെ ഷാളണിയിച്ചാണ് അവർ സ്നേഹമറിയിച്ചത്.
മഞ്ചേരി മണ്ഡലത്തിലെ സ്വീകരണത്തില്‍ പയ്യനാട് വില്ലേജില്‍ പട്ടയം ലഭിച്ച ഇരുന്നൂറോളം ഗുണഭോക്താക്കളും വീട്ടുനമ്പറില്ലാതെ റേഷന്‍ കാര്‍ഡ് ലഭിച്ച പാണ്ടിക്കാട്ടെ അമ്മിണിയുമെത്തി. 10 വർഷത്തിനിടെ പശ്ചാത്തലസൗകര്യത്തിൽ അഭൂതപൂർവമായ വളർച്ചയുണ്ടായ മങ്കടയിൽ ഇടതുപക്ഷം ഇനിയുമെന്ന മുദ്രാവാക്യമുയര്‍ന്നു. വൈലോങ്ങര ഓരാടംപാലം ബൈപാസ് നിർമാണത്തിന് സ്ഥലംവിട്ടുനൽകിയവർക്ക് നഷ്ടപരിഹാരം നൽകിയ സർക്കാരിന് അഭിവാദ്യമറിയിക്കാൻ അവരുടെ പ്രതിനിധികളെത്തി.
പെരിന്തൽമണ്ണ മണ്ഡലത്തിലെ സ്വീകരണത്തിൽ ലൈഫ് പദ്ധതിയിൽ ഒടിയൻചോലയിൽ ഫ്ലാറ്റ് ലഭിച്ച ഗുണഭോക്താക്കളെത്തി. ഇഎംഎസ് പഠിച്ച സ്കൂൾ ആധുനികരീതിയിൽ നവീകരിച്ച മണ്ഡലത്തിൽ, ഇടതുസർക്കാരിന്റെ ജനക്ഷേമപ്രവർത്തനങ്ങൾ നെഞ്ചേറ്റിയവർ ഏറെയാണ്.
തുടർന്ന് കോട്ടക്കൽ മണ്ഡലത്തിലേക്കു കടന്നു. ദേശീയപാതയ്ക്കായി ഖബറിടം വിട്ടുനൽകിയ വെട്ടിച്ചിറ ജുമാമസ്ജിദും അപകട വളവിനുപകരം ആകാശപ്പാതയായ വട്ടപ്പാറയും സർക്കാരിന്റെ വികസനമുന്നേറ്റത്തിന് സാക്ഷ്യം പറഞ്ഞു.
പി സന്തോഷ് കുമാർ എംപി (സിപിഐ), കെ എസ് സലീഖ (സിപിഐ എം), മാത്യു കുന്നപ്പള്ളി (കേരള കോൺഗ്രസ് എം), പി പി ദിവാകരൻ (ഇന്ത്യൻ സോഷ്യലിസ്റ്റ് ജനതാദൾ), പി എം സുരേഷ്ബാബു (എൻസിപി), മനയത്ത് ചന്ദ്രൻ (ആർജെഡി), യു ബാബു ഗോപിനാഥ് (കോൺഗ്രസ് എസ്), വടകോട് മോനച്ചൻ (കേരള കോൺഗ്രസ് ബി), അഡ്വ. എ ജെ ജോസഫ് (ജനാധിപത്യ കേരള കോൺഗ്രസ്), കാസിം ഇരിക്കൂർ (ഐഎൻഎൽ), അഡ്വ. നൈസ് മാത്യു (കേരള കോൺഗ്രസ് സ്കറിയ) എന്നിവരാണ് ജാഥാ അംഗങ്ങൾ.
കേരളത്തെ ലോകഭൂപടത്തിൽ അടയാളപ്പെടുത്തും : എം വി ഗോവിന്ദൻ
ബിജെപിയുടെ ഭൂപടത്തിൽ ഇടമില്ലാത്ത കേരളത്തെ ലോകഭൂപടത്തിൽ അടയാളപ്പെടുത്തുകയാണ് എൽഡിഎഫ് ലക്ഷ്യമെന്ന് സിപിഐ എം സംസ്ഥാന സെക്രട്ടറി എം വി ഗോവിന്ദൻ. ലോകനിലവാരമുള്ള നാടായി കേരളത്തെ മാറ്റും. വടക്കൻ മേഖല ജാഥയ്ക്ക് മലപ്പുറം ജില്ലയിലെ വിവിധ കേന്ദ്രങ്ങളിൽ നൽകിയ സ്വീകരണത്തിൽ സംസാരിക്കുകയായിരുന്നു അദ്ദേഹം.
ഒരുലക്ഷം കോടി രൂപയുടെ വികസനമാണ് കിഫ്‌ബിയിലൂടെ കേരളത്തിനുണ്ടായത്. കിഫ്‌ബി എന്ന വാക്ക് മിണ്ടാൻപോലും പ്രതിപക്ഷനേതാവിന് കഴിയാത്ത അവസ്ഥയാണ്. ലീഗിന്റെ ചില എംഎൽഎമാർ കിഫ്‌ബി ഫണ്ട് വിനിയോഗിക്കാത്തതിനാൽ തിരിച്ചടയ്ക്കേണ്ടിവന്നു. അത്ര അന്ധമായ രാഷ്‌ട്രീയവിരോധമാണ്.
കേരളത്തിലെ ഇടതുപക്ഷം യുഡിഎഫ് ആണെന്ന അസംബന്ധമാണ് സതീശൻ പറയുന്നത്. കുത്തകകൾക്കുവേണ്ടിയാണ് എക്കാലത്തും യുഡിഎഫ് നിന്നത്. എൽഡിഎഫ് നിലകൊള്ളുന്നത് അരികുവൽക്കരിക്കപ്പെട്ടവർക്കുവേണ്ടിയാണ്. സാധാരണ ജനങ്ങളുടെ ജീവിതനിലവാരം ഉയർത്താനുള്ള ഇടപെടലാണ് സർക്കാർ നടത്തിക്കൊണ്ടിരിക്കുന്നതെന്നും അദ്ദേഹം പറഞ്ഞു.










0 comments