ഇന്ന് കൊണ്ടോട്ടി, ഏറനാട്, നിലമ്പൂർ, വണ്ടൂർ മണ്ഡലങ്ങളിൽ
print edition ഹൃദയപാതയിൽ ; വടക്കൻ മേഖലാ വികസന മുന്നേറ്റ ജാഥ മലപ്പുറം ജില്ലയിലേക്ക്

എൽഡിഎഫ് വടക്കൻ മേഖലാ വികസനമുന്നേറ്റ ജാഥ മലപ്പുറം വള്ളിക്കുന്ന് മണ്ഡലത്തിലെ തലപ്പാറയിൽ എത്തിയപ്പോൾ ജാഥാ ക്യാപ്-റ്റൻ എം വി ഗോവിന്ദനെ സ്വീകരിക്കുന്ന കുട്ടികൾ ഫോട്ടോ / മിഥുൻ അനില മിത്രൻ
സി പ്രജോഷ്‌കുമാർ
Published on Feb 10, 2026, 04:09 AM | 1 min read
മലപ്പുറം
സ്വപ്‌നങ്ങൾക്ക് നിറംപകർന്ന ഇടതുപക്ഷ സർക്കാരിന്റെ വികസനനേട്ടങ്ങളുടെ അനുഭവസാക്ഷ്യമായി ആറുവരിപ്പാത. വാഗ്‌ദാനങ്ങൾ പൂർത്തിയാക്കി പത്തുവർഷം പിന്നിട്ട സർക്കാർ ജനസംവാദത്തിന്റെ പുത്തൻപാത തീർക്കാനെത്തിയത് ഇൗ സ്വപ്‌നപാതയിലൂടെ. കാലംമായ്ക്കാത്ത വികസന ഗാഥകൾ രചിച്ച ജനകീയ സർക്കാരിന് ആയിരങ്ങൾ ഹൃദയാഭിവാദ്യമേകി. സിപിഐ എം സംസ്ഥാന സെക്രട്ടറി എം വി ഗോവിന്ദൻ നയിക്കുന്ന വടക്കൻ മേഖലാ വികസന മുന്നേറ്റ ജാഥ കോഴിക്കോട് ജില്ലയിലെ പര്യടനം പൂർത്തിയാക്കി മലപ്പുറം ജില്ലയിലേക്ക് പ്രവേശിച്ചു. ഇനി അഞ്ചുനാൾ മലപ്പുറത്തിന്റെ മതനിരപേക്ഷ ഭൂമികയിൽ പ്രയാണം തുടരും.
തിങ്കളാഴ്‌ച രാവിലെ കോഴിക്കോട്ടെ സംവാദസദസ്സിനുശേഷം ബേപ്പൂർ മണ്ഡലത്തിലെ ഫറോക്കിലായിരുന്നു ആദ്യ സ്വീകരണം. പകൽ മൂന്നോടെ ജാഥ രാമനാട്ടുകരവഴി ആറുവരിപ്പാതയിലൂടെ മലപ്പുറം ജില്ലയിലേക്ക്. തേഞ്ഞിപ്പലത്ത് ചെണ്ടമേളവും വെടിക്കെട്ടുമായി എൽഡിഎഫ് നേതാക്കൾ ജാഥയെ വരവേറ്റു.
ആദ്യ സ്വീകരണകേന്ദ്രമായ വള്ളിക്കുന്നിൽ കോൽക്കളിയും ഒപ്പനയും പൂക്കാവടിയുമായി വരവേൽപ്പ്. അരിയല്ലൂർ വില്ലേജിലെ ചേരിയങ്ങാട്ട് കോളനിയിലും പെരുവള്ളൂർ പഞ്ചായത്തിലെ വട്ടപറമ്പിലും പട്ടയം ലഭിച്ച കുടുംബങ്ങൾ, അവരെ മണ്ണിന്റെ അവകാശികളാക്കിയ സർക്കാരിന് ഹൃദയാഭിവാദ്യമർപ്പിക്കാനെത്തി. വർണക്കുടകളും ബലൂണുകളും ചായക്കൂട്ടുകളും വർണമേളം വിതറിയ സ്വീകരണം വേങ്ങരയുടെ മാറുന്ന മനസ്സിന്റെ വിളംബരമായി. സമാപന കേന്ദ്രമായ മലപ്പുറം നഗരത്തിൽ സ്‌ത്രീകളുടെ നേതൃത്വത്തിൽ താലപ്പൊലിയും മുത്തുക്കുടകളുമേന്തിയായിരുന്നു വരവേൽപ്പ്.
പി സന്തോഷ് കുമാര്‍ എംപി (സിപിഐ), കെ എസ് സലീഖ (സിപിഐ എം),മാത്യു കുന്നപ്പള്ളി (കേരള കോണ്‍ഗ്രസ് എം), പി പി ദിവാകരന്‍ (ഇന്ത്യന്‍ സോഷ്യലിസ്റ്റ് ജനതാദള്‍), അഡ്വ. പി എം സുരേഷ് ബാബു (എന്‍സിപി), മനയത്ത് ചന്ദ്രന്‍ (ആര്‍ജെഡി), യു ബാബു ഗോപിനാഥ് (കോണ്‍ഗ്രസ് എസ്), വടകോട് മോനച്ചന്‍ (കേരള കോണ്‍ഗ്രസ് ബി), അഡ്വ. എ ജെ ജോസഫ് (ജനാധിപത്യ കേരള കോണ്‍ഗ്രസ്), കാസിം ഇരിക്കൂര്‍ (ഐഎന്‍എല്‍), അഡ്വ. നൈസ് മാത്യു (കേരള കോണ്‍ഗ്രസ് സ്കറിയ) എന്നിവരാണ് ജാഥാ അംഗങ്ങൾ. ജാഥ ചൊവ്വാഴ്‌ച കൊണ്ടോട്ടി, ഏറനാട്, നിലമ്പൂർ, വണ്ടൂർ മണ്ഡലങ്ങളിൽ പര്യടനം നടത്തും.










0 comments