ഇന്ന് ധർമടം, കൂത്തുപറന്പ്, മാനന്തവാടി, ബത്തേരി മണ്ഡലങ്ങളിൽ
print edition വീഥികളിൽ ജനാരവം ; വടക്കൻ മേഖലാ ജാഥ അഞ്ചാംനാളിലേക്ക്

എൽഡിഎഫ് വടക്കൻ മേഖലാ വികസനമുന്നേറ്റ ജാഥയ്-ക്ക് തലശേരിയിൽ നൽകിയ സ്വീകരണ /ഫോട്ടോ: പി ദിലീപ് കുമാർ

വിനോദ് പായം
Published on Feb 05, 2026, 03:00 AM | 1 min read
കണ്ണൂർ
കേരളത്തിന്റെ വികസനക്കുതിപ്പിന് ഭരണത്തുടർച്ച അനിവാര്യമെന്ന പൊതുബോധത്തിന്റെ അലകളുയർത്തി എൽഡിഎഫ് വടക്കൻ മേഖലാ വികസനമുന്നേറ്റ ജാഥ അഞ്ചാംനാളിലേക്ക്. 14 നിയമസഭാമണ്ഡലങ്ങൾ പിന്നിട്ടപ്പോൾ വികസനത്തുടർച്ച ഉറപ്പാക്കണമെന്ന ജനകീയ ചർച്ചകൾ സജീവമായി.
ബുധൻ രാവിലെ മട്ടന്നൂരിൽ ക്ഷണിക്കപ്പെട്ടവരുമായി നടത്തിയ ചർച്ചയ്ക്കുശേഷമാണ് ക്യാപ്‌റ്റൻ എം വി ഗോവിന്ദനും മാനേജർ പി സന്തോഷ്‌കുമാർ എംപിയും ഉൾപ്പെടെയുള്ള ജാഥാംഗങ്ങൾ മട്ടന്നൂർ എച്ച്‌എൻസി ആശുപത്രിക്ക് മുൻവശത്തെ സ്വീകരണകേന്ദ്രത്തിലെത്തിയത്. തുറന്ന ജീപ്പിൽ നേതാക്കളെ ആനയിച്ചു.
കലാപ്രകടനങ്ങൾ അകന്പടിയായി. അഴീക്കോട് വൻകുളത്തുവയലിലെ പഞ്ചായത്ത് മിനി സ്റ്റേഡിയത്തിലായിരുന്നു സ്വീകരണം. കണ്ണൂരിൽ സ്റ്റേഡിയം പവിലിയന് മുന്നിൽ തയ്യാറാക്കിയ സ്വീകരണസ്ഥലം നിറഞ്ഞുകവിഞ്ഞ് മഹാറാലിയായി. മന്ത്രി രാമചന്ദ്രൻ കടന്നപ്പള്ളിയും സ്വീകരണയോഗത്തിൽ പങ്കെടുത്തു. കണ്ണൂർ നഗരം ഉൾപ്പെടുന്ന മണ്ഡലത്തിൽ പത്തുവർഷം സർക്കാർ നടത്തിയ വികസനം ചർച്ചയായി. ചുവപ്പിന്റെ ഗരിമയേറ്റിയ സ്വീകരണമായിരുന്നു തലശേരിയിൽ. വെടിക്കെട്ടും വർണമേളങ്ങളും ആഘോഷമുയർത്തിയ സായാഹ്നത്തിൽ ആബാലവൃദ്ധം സംഗമിച്ചു. ജാഥ വ്യാഴാഴ്ച ധർമടം, കൂത്തുപറന്പ് മണ്ഡലങ്ങളിലും തുടർന്ന് വയനാട് ജില്ലയിലെ മാനന്തവാടി, ബത്തേരി മണ്ഡലങ്ങളിലും പര്യടനം നടത്തും.
പി സന്തോഷ്‌കുമാർ (മാനേജർ– സിപിഐ ദേശീയ സെക്രട്ടറിയറ്റംഗം ), കെ എസ് സലീഖ (സിപിഐ എം കേന്ദ്ര കമ്മിറ്റിയംഗം), മനയത്ത് ചന്ദ്രൻ (ആർജെഡി സംസ്ഥാന സെക്രട്ടറി), പി പി ദിവാകരൻ (ഇന്ത്യൻ സോഷ്യലിസ്റ്റ് ജനതാദൾ സംസ്ഥാന ജനറൽ സെക്രട്ടറി), യു ബാബു ഗോപിനാഥ് (കോൺഗ്രസ് എസ് സംസ്ഥാന സെക്രട്ടറി), കാസിം ഇരിക്കൂർ (ഐഎൻഎൻ സംസ്ഥാന ജനറൽ സെക്രട്ടറി), പി എം സുരേഷ്ബാബു (എൻസിപി സംസ്ഥാന വർക്കിങ് കമ്മിറ്റിയംഗം ), എ ജെ ജോസഫ് (ജനാധിപത്യ കേരള കോൺഗ്രസ് ഡെപ്യൂട്ടി ചെയർമാൻ), മാത്യു കുന്നപ്പള്ളി (കേരള കോൺഗ്രസ് എം ഉന്നതാധികാര സമിതി അംഗം), വടകോട് മോനിച്ചൻ (കേരള കോൺഗ്രസ് ബി സംസ്ഥാന ജനറൽ സെക്രട്ടറി), നൈസ് മാത്യു (കേരള കോൺഗ്രസ്– സ്കറിയ സംസ്ഥാന ജനറൽ സെക്രട്ടറി) എന്നിവരാണ് ജാഥാംഗങ്ങൾ.









0 comments