print edition തുടരും നാടാകെ ; ജനങ്ങളുടെ ഹൃദയാഭിവാദ്യമേറ്റുവാങ്ങി വികസന മുന്നേറ്റ ജാഥകൾ.

എറണാകുളം ജില്ലാ അതിർത്തിയായ പൈങ്ങോട്ടൂരിൽ എൽഡിഎഫ് മധ്യമേഖല വികസനമുന്നേറ്റ ജാഥയുടെ ക്യാപ്‌റ്റൻ കേരള കോൺഗ്രസ് എം ചെയർമാൻ ജോസ് കെ മാണി എംപിയെ സിപിഐ എം ജില്ലാ സെക്രട്ടറി എസ് സതീഷ് ഹാരമണിയിച്ച് സ്വീകരിക്കുന്നു ഫോട്ടോ : വി കെ അഭിജിത്
മലപ്പുറം/കൊല്ലം/ഇടുക്കി/ എറണാകുളം
പ്രതിസന്ധി ഘട്ടങ്ങളിൽ ഒപ്പം നിൽക്കുകയും നാടിന്റെ വികസനക്കുതിപ്പിന് ചാലകശക്തിയാകുകയും ചെയ്‌ത എൽഡിഎഫ് സർക്കാരിനൊപ്പമാണെന്ന പ്രഖ്യാപനവുമായി ഒഴുകിയെത്തുന്ന ജനങ്ങളുടെ ഹൃദയാഭിവാദ്യമേറ്റുവാങ്ങി എൽഡിഎഫ് വികസന മുന്നേറ്റ ജാഥകൾ.
സിപിഐ എം സംസ്ഥാന സെക്രട്ടറി എം വി ഗോവിന്ദൻ നയിക്കുന്ന എൽഡിഎഫ് വടക്കൻ മേഖല ജാഥ മലപ്പുറം ജില്ലയിൽ പര്യടനം തുടരുന്നു. കൊണ്ടോട്ടി, ഏറനാട്, നിലന്പൂർ, വണ്ടൂർ മണ്ഡലങ്ങളിലായിരുന്നു ചൊവ്വയിലെ പര്യടനം. വിവിധ കേന്ദ്രങ്ങളിൽ പി സന്തോഷ്‌കുമാർ, കെ എസ് സലീഖ, മനയത്ത് ചന്ദ്രൻ, പി പി ദിവാകരൻ, യു ബാബു ഗോപിനാഥ്, കാസിം ഇരിക്കൂർ, പി എം സുരേഷ്ബാബു, എ ജെ ജോസഫ്, മാത്യു കുന്നപ്പള്ളി, വടകോട് മോനിച്ചൻ, നൈസ് മാത്യു എന്നിവർ സംസാരിച്ചു.
സിപിഐ സംസ്ഥാന സെക്രട്ടറി ബിനോയ് വിശ്വം നയിക്കുന്ന തെക്കൻ മേഖലാ ജാഥ കൊല്ലം ജില്ലയിൽ രണ്ടാംദിനം അഞ്ച് മണ്ഡലങ്ങളിൽ പര്യടനം നടത്തി. കരുനാഗപ്പള്ളി, ചവറ, കുണ്ടറ മണ്ഡലങ്ങളിലെ സ്വീകരണശേഷം കൊല്ലം കന്റോൺമെന്റ് മൈതാനിയിലേക്ക്. ഇരവിപുരം, കൊല്ലം മണ്ഡലങ്ങളുടെ സംയുക്താഭിമുഖ്യത്തിലായിരുന്നു സ്വീകരണം. വിവിധ കേന്ദ്രങ്ങളിൽ സി എസ് സുജാത, എം സ്വരാജ്, പി വസന്തം, വി ടി ജോസഫ്, കെ വി ബാലസുബ്രഹ്‌മണ്യൻ, പി കെ രാജൻ, യൂജിൻ മൊറേലി, ഉഴമലയ്‌ക്കൽ വേണുഗോപാൽ, എ ഷാജു, ജോർജ് അഗസ്റ്റിൻ, സി പി അൻവർ സാദത്ത്, ജോണി ചെറുപറമ്പിൽ എന്നിവർ സംസാരിച്ചു.
കേരള കോൺഗ്രസ് എം ചെയർമാൻ ജോസ് കെ മാണി എംപി നയിക്കുന്ന മധ്യമേഖല ജാഥ ഇടുക്കി ജില്ലയിലെ പര്യടനം പൂർത്തിയാക്കി എറണാകുളം ജില്ലയിൽ പ്രവേശിച്ചു. ചൊവ്വ രാവിലെ അടിമാലി മരങ്ങാട്ട് റെസിഡൻസിയിൽ വിവിധ മേഖലകളിലുള്ളവരുമായി ജാഥ ക്യാപ്റ്റൻ സംവദിച്ചു. ഇടുക്കി ദേവികുളം മണ്ഡലത്തിലായിരുന്നു ആദ്യ സ്വീകരണം. തുടർന്ന് ഇടുക്കി, തൊടുപുഴ മണ്ഡലങ്ങളിലെ പര്യടനശേഷം എറണാകുളം ജില്ലയിലെ കോതമംഗലം ഗാന്ധി സ്‌ക്വയറിൽ ചൊവ്വാഴ്‌ചത്തെ പര്യടനം അവസാനിച്ചു. വിവിധ കേന്ദ്രങ്ങളിൽ കെ കെ ശൈലജ, പി കെ ബിജു, പി പി സുനീർ, സാബു ജോർജ്, സുഭാഷ് പുഞ്ചക്കോട്ടിൽ, ഡോ. വർഗീസ് ജോർജ്, മാത്യൂസ് കോലഞ്ചേരി, കെ ജി പ്രേംജിത്, ഫ്രാൻസിസ് തോമസ്, എം എ ലത്തീഫ്, ബിനോയ് ജോസഫ് എന്നിവർ സംസാരിച്ചു.










0 comments