print edition വിശദീകരിച്ചും സംവദിച്ചും...


വിനോദ് പായം
Published on Feb 04, 2026, 02:15 AM | 1 min read
കണ്ണൂർ
നാളത്തെ കേരളം എങ്ങനെയാകണമെന്ന ചർച്ച, മൂന്നാം തുടർഭരണ ലക്ഷ്യത്തിലേക്കുള്ള ആശയസംവാദം, ജനകീയപ്രശ്‌നങ്ങളിൽ ചോദ്യം ചോദിച്ചും ഉത്തരം കണ്ടെത്തിയും ഐക്യപ്പെടൽ... ചൊവ്വാഴ്‌ച കണ്ണൂർ ജില്ലയിലായിരുന്നു എൽഡിഎഫ് വടക്കൻ മേഖലാ വികസനമുന്നേറ്റ ജാഥയുടെ പര്യടനം. വീരചരിത്രങ്ങളുടെ നാട് അത്യാവേശത്തോടെയാണ് ജാഥയെ വരവേറ്റത്.
സ്വീകരണകേന്ദ്രങ്ങളിലെത്തുന്ന പതിനായിരങ്ങൾ ജാഥയ്‌ക്ക് ആവേശമാകുന്നു. ദിവസവും ശരാശരി അരലക്ഷം ആളുകളോട് സംവദിച്ച് ജാഥ നാലാംനാളിലേക്ക് കടന്നു. സിപിഐ എം സംസ്ഥാന സെക്രട്ടറി എം വി ഗോവിന്ദൻ നായകനും സിപിഐ കേന്ദ്ര സെക്രട്ടറിയറ്റംഗം പി സന്തോഷ്‌കുമാർ എംപി മാനേജരുമായ പന്ത്രണ്ടംഗ ജാഥ ചൊവ്വാഴ്‌ച കല്യാശേരി മണ്ഡലത്തിലെ പഴയങ്ങാടിയിലാണ് പര്യടനം തുടങ്ങിയത്.
എരിപുരം പിസിസി ഹാളിൽ ക്ഷണിക്കപ്പെട്ടവരുമായി എം വി ഗോവിന്ദൻ ആശയസംവാദം നടത്തി. തുടർന്ന് പഴയങ്ങാടിയിലെ സ്വീകരണം. കാക്കത്തോട് ബസ് സ്റ്റാൻഡ് നിറഞ്ഞുകവിഞ്ഞ വൻ ജനാവലി തളിപ്പറന്പിൽ ജാഥയെ എതിരേറ്റു. ഇരിക്കൂർ മണ്ഡലത്തിലെ ശ്രീകണ്ഠപുരത്ത് നൽകിയ വരവേൽപ്പ് ഇടതുപക്ഷത്തിന് മലയോരമേഖലയിലുണ്ടായ വളർച്ച വിളിച്ചോതി. ചൊവ്വാഴ്‌ച അവസാന സ്വീകരണകേന്ദ്രമായ പേരാവൂർ മണ്ഡലത്തിലെ ഇരിട്ടിയിൽ എത്തിയപ്പോൾ കാത്തുനിന്നത് ജനസാഗരം
എല്ലാ കേന്ദ്രങ്ങളിലും വിവിധ കലാരൂപങ്ങളും അഭിവാദ്യ ബാനറുകളും വെടിക്കെട്ടും വർണബലൂണും സ്വീകരണത്തിന് ഉത്സവച്ഛായ പകർന്നു. ബുധനാഴ്‌ച കണ്ണൂർ ജില്ലയിലെ മട്ടന്നൂർ, അഴീക്കോട്, കണ്ണൂർ, തലശേരി നിയമസഭാ മണ്ഡലങ്ങളിലാണ് പര്യടനം.









0 comments