കേന്ദ്രത്തിന്റെ നശീകരണത്തിന് നിന്നുകൊടുക്കാൻ മനസ്സില്ല: എം വി ഗോവിന്ദൻ
print edition വിസ്മയ വികസനപാതയിലൂടെ

വികസനമുന്നേറ്റ യാത്രക്ക് കാലിക്കടവിൽ നൽകിയ സ്വീകരണം / ഫോട്ടോ: പി ദിലീപ്കുമാർ

വിനോദ് പായം
Published on Feb 03, 2026, 04:12 AM | 4 min read
കാസർകോട്
ആവേശം വാനോളമുയർത്തിയ ജനസഞ്ചയത്തിന്റെ അകമ്പടിയോടെ എൽഡിഎഫ് വടക്കൻ മേഖലാ വികസനമുന്നേറ്റ ജാഥയ്‌ക്ക് നാടെങ്ങും വീരോചിത വരവേൽപ്പ്. കേരളം ഒരുക്കിയ വികസനപാതകളിലൂടെ, ക്ഷേമപദ്ധതികളുടെ ഗുണഫലം അനുഭവിക്കുന്ന മനുഷ്യരുടെ നിറചിരി കണ്ട് മുന്നേറുന്ന ജനകീയയാത്ര മൂന്നാം ദിനത്തിലേക്ക്. സിപിഐ എം സംസ്ഥാന സെക്രട്ടറി എം വി ഗോവിന്ദൻ നയിക്കുന്ന ജാഥ ഞായറാഴ്‌ച മഞ്ചേശ്വരം മണ്ഡലത്തിലെ കുന്പളയിൽനിന്നാണ് പ്രയാണം തുടങ്ങിയത്. രണ്ടാംദിനം കാസർകോട് ജില്ലയിലെ മൂന്ന് മണ്ഡലത്തിലും കണ്ണൂർ ജില്ലയിലെ പയ്യന്നൂരിലുമായിരുന്നു പര്യടനം.
പത്തുവർഷത്തെ എൽഡിഎഫ് തുടർഭരണത്തിൽ കേരളമുണ്ടാക്കിയ മാറ്റത്തെ തൊട്ടുകാട്ടിയും വികസനവിരുദ്ധരായ പ്രതിപക്ഷ കക്ഷികളെ തുറന്നുകാട്ടിയുമുള്ള സ്വീകരണം ജനസംവാദമായി. ജാഥാ ലീഡർ എം വി ഗോവിന്ദന്റെ ചോദ്യരൂപണേയുള്ള പ്രസംഗത്തിന് അപ്പപ്പോൾ ഉത്തരം നൽകി ആയിരങ്ങൾ ആവേശംകൊണ്ടു. തിങ്കൾ രാവിലെ കാസർകോട് മുനിസിപ്പൽ കോൺഫറൻസ് ഹാളിൽ ക്ഷണിക്കപ്പെട്ടവരുമായുള്ള സംവാദത്തോടെയാണ് ജാഥ രണ്ടാം നാളിലെ പര്യടനം തുടങ്ങിയത്. കാസർകോട് നഗരത്തിലെ പ്രമുഖ വ്യക്തികൾ ജാഥാ ലീഡറുമായി സംവദിച്ചു. നാളെത്തെ കേരളത്തിന് എന്തൊക്കെ പദ്ധതികൾ രൂപപ്പെടുത്തണമെന്ന ആശയവും ക്ഷണിക്കപ്പെട്ടവർ പങ്കുവച്ചു.

ജാഥാ ലീഡർ എം വി ഗോവിന്ദൻ കാഞ്ഞങ്ങാട്ടെ സ്വീകരണ വേദിയിലേക്ക്
ഉദുമ നിയമസഭാമണ്ഡലത്തിലെ പെരിയാട്ടടുക്കത്തായിരുന്നു തിങ്കളാഴ്‌ച ആദ്യ സ്വീകരണം. പതിനായിരത്തിലേറെ എൽഡിഎഫ് പ്രവർത്തകർ ദേശീയപാതയോരത്തെ വിശാലമായ മൈതാനത്ത് അണിനിരന്നു. സി എച്ച് കുഞ്ഞന്പു എംഎൽഎ അധ്യക്ഷനായി. ജാഥാ മാനേജർ പി സന്തോഷ്‌കുമാർ എംപി, എ ജെ ജോസഫ-് എന്നിവർ സംസാരിച്ചു. കെ വി കുഞ്ഞിരാമൻ സ്വാഗതം പറഞ്ഞു.
പകൽ മൂന്നിന് കാഞ്ഞങ്ങാട് കോട്ടച്ചേരിയിലായിരുന്നു രണ്ടാമത്തെ സ്വീകരണം. എല്ലാക്കാലത്തും ഇടതുപക്ഷത്തിന്റെ ചെങ്കോട്ടയായ കാഞ്ഞങ്ങാട്ട് അഭൂതപൂർവമായ ജനസഞ്ചയമാണ് ജാഥയെ വരവേറ്റത്. ഇ ചന്ദ്രശേഖരൻ എംഎൽഎ അധ്യക്ഷനായി. പി സന്തോഷ്‌കുമാർ, പി പി ദിവാകരൻ, എ ജെ ജോസഫ് എന്നിവർ സംസാരിച്ചു. കെ രാജ്മോഹൻ സ്വാഗതം പറഞ്ഞു.
ജില്ലാ അതിർത്തിയായ, തൃക്കരിപ്പൂർ മണ്ഡലത്തിലെ കാലിക്കടവിൽ കണ്ണൂരിലെ പ്രവർത്തകരും ജാഥയെ വരവേൽക്കാനെത്തി. കഴിഞ്ഞ പത്തുവർഷം തൃക്കരിപ്പൂരിന്റെ മുഖച്ഛായ മാറ്റിയ കോടിക്കണക്കിന് രൂപയുടെ വികസന പ്രവർത്തനങ്ങളുടെ മഹിമയിൽ, എൽഡിഎഫ് തുടരുമെന്ന മുദ്രവാക്യമുയർന്നു. വി വി കൃഷ്ണൻ അധ്യക്ഷനായി. കെ എസ് സലീഖ, മാത്യു കുന്നപ്പള്ളി, വടകോട് മോനച്ചൻ എന്നിവർ സംസാരിച്ചു. പി ജനാർദനൻ സ്വാഗതം പറഞ്ഞു.
ദേശീയ പ്രസ്ഥാനത്തിന്റെയും സാമ്രാജ്യത്വവിരുദ്ധ പോരാട്ടങ്ങളുടെയും സ്‌മരണയിരമ്പുന്ന പയ്യന്നൂരിലായിരുന്നു തിങ്കളാഴ്‌ചത്തെ അവസാന സ്വീകരണം. നാടിതുവരെ ദർശിക്കാത്ത വൻ ജനസഞ്ചയമാണ് ജാഥയെ വരവേൽക്കാൻ ഒഴുകിയെത്തിയത്. പയ്യന്നൂരിന്റെ ചുവന്ന മണ്ണിനെ ലക്ഷ്യംവച്ച് മാധ്യമങ്ങളുയർത്തിയ നുണക്കോട്ടകൾ തകർന്നടിഞ്ഞെന്ന് ഉദ്‌ഘോഷിക്കുന്നതായി ജനബാഹുല്യം. കള്ളനാണയങ്ങളെ നാട് തിരിച്ചറിയുന്നുവെന്ന പ്രഖ്യാപനവുമായി സ്വീകരണം. കെ വി ബാബു അധ്യക്ഷനായി. പി എം സുരേഷ് ബാബു, യു ബാബു ഗോപിനാഥ്, കാസിം ഇരിക്കൂർ , പി സന്തോഷ് കുമാർ എം പി എന്നിവർ സംസാരിച്ചു. പി സന്തോഷ് സ്വാഗതം പറഞ്ഞു.
പി സന്തോഷ്‌കുമാർ എംപി (സിപിഐ ദേശീയ സെക്രട്ടറിയറ്റംഗം), കെ എസ് സലീഖ (സിപിഐ എം കേന്ദ്ര കമ്മിറ്റി അംഗം), മനയത്ത് ചന്ദ്രൻ (ആർജെഡി സംസ്ഥാന സെക്രട്ടറി), പി പി ദിവാകരൻ (ഇന്ത്യൻ സോഷ്യലിസ്റ്റ് ജനതാദൾ സംസ്ഥാന ജനറൽ സെക്രട്ടറി), യു ബാബു ഗോപിനാഥ് (കോൺഗ്രസ് എസ് സംസ്ഥാന സെക്രട്ടറി), കാസിം ഇരിക്കൂർ (ഐഎൻഎൽ സംസ്ഥാന ജനറൽ സെക്രട്ടറി), പി എം സുരേഷ്ബാബു (എൻസിപി വർക്കിങ് പ്രസിഡന്റ്), അഡ്വ. എ ജെ ജോസഫ് (ജനാധിപത്യ കേരള കോൺഗ്രസ് ഡെപ്യൂട്ടി ചെയർമാൻ), മാത്യു കുന്നപ്പള്ളി (കേരള കോൺഗ്രസ് എം ഉന്നതാധികാര സമിതി അംഗം), വടകോട് മോനിച്ചൻ (കേരള കോൺഗ്രസ് ബി സംസ്ഥാന ജനറൽ സെക്രട്ടറി), നൈസ് മാത്യു (കേരള കോൺഗ്രസ് (സ്കറിയ) സംസ്ഥാന സെക്രട്ടറി) എന്നിവരാണ് ജാഥാംഗങ്ങൾ.
കേന്ദ്രത്തിന്റെ നശീകരണത്തിന് നിന്നുകൊടുക്കാൻ മനസ്സില്ല: എം വി ഗോവിന്ദൻ
കാസർകോട്
ബജറ്റിലുൾപ്പെടെ ഇന്ത്യയുടെ ഭൂപടത്തിൽ കേരളത്തെ ഉൾപ്പെടുത്താത്ത കേന്ദ്രത്തിന്റെ വിനാശ പ്രവർത്തനങ്ങൾക്ക് നിന്നുകൊടുക്കാൻ കേരളജനതയ്‌ക്ക് മനസ്സില്ലെന്ന് സിപിഐ എം സംസ്ഥാന സെക്രട്ടറി എം വി ഗോവിന്ദൻ പറഞ്ഞു. എൽഡിഎഫ് വികസനമുന്നേറ്റ ജാഥയ്‌ക്ക് കാസർകോട് ജില്ലയിലെ വിവിധ കേന്ദ്രങ്ങളിൽ നൽകിയ സ്വീകരണത്തിൽ സംസാരിക്കുകയായിരുന്നു അദ്ദേഹം.
കേരളത്തെ ബുദ്ധിമുട്ടിക്കുന്നതിനെ ചെറുക്കാൻ ലോകോത്തരമായ പദ്ധതികൾ തയ്യാറാക്കി കേന്ദ്രത്തിന്റെ ശീട്ടില്ലാതെ മുന്നോട്ടുപോകുകയാണ്. ഇത്തരം ശ്രമങ്ങളുടെ ഭാവനാപൂർണമായ ഇടപെടലാണ് കിഫ്‌ബി. ബജറ്റിനുപുറത്ത് 96,000 കോടിയുടെ പദ്ധതികളാണ് കിഫ്‌ബിയിലൂടെ തയ്യാറാക്കിയത്. അതിദാരിദ്ര്യനിർമാർജനം മുതൽ ലോകോത്തര പശ്ചാത്തലവികസനം വരെ കഴിഞ്ഞ 10 വർഷത്തിനുള്ളിൽ കേരളത്തിലുണ്ടായി.
എല്ലാത്തരം വർഗീയതയെയും ചെറുത്ത് കഴിഞ്ഞ പത്തുവർഷമായി കലാപമില്ലാത്ത നാടായി കേരളത്തെ മാറ്റി. മതനിരപേക്ഷതയുടെ കാവലാളായി കേരളജനത മാറി. ഇൗ സമാധാനാന്തരീക്ഷത്തിലേക്കാണ് മൂന്നുലക്ഷം കോടി നിക്ഷേപവുമായി വിദേശ വ്യവസായികൾവരെ വരുന്നത്. അസാധ്യമെന്നു പറഞ്ഞതെല്ലാം സാധ്യമാക്കിയ സർക്കാരാണിത്. ചെയ്യുന്ന കാര്യം പറയും, പറയുന്നത് ചെയ്‌തിരിക്കും എന്നത് എൽഡിഎഫ് സർക്കാരിന്റെ ഗാരന്റിയാണ് .
ഭരിക്കാൻ അവസരം കിട്ടാത്തതിനാൽ ബേജറായി പലതും വിളിച്ചുപറയുന്ന ലീഗുകാരുടെ മുദ്രവാക്യമല്ല ഇടതുപക്ഷത്തിന്റേത്. അവരിൽ ചിലർ, തങ്ങൾ ഇടതുപക്ഷമാണെന്ന് കാപട്യം പറയുകയാണിപ്പോൾ. കോൺഗ്രസിന്റെ വലതുപക്ഷ നയങ്ങളുടെ നേതാവ് ഇപ്പോൾ പറയുന്നു, താൻ ഇടതുപക്ഷമാണെന്ന്. ഇടതുപക്ഷമെന്നാൽ ഏറ്റവും അടിത്തട്ടിലുള്ളവർക്ക് സഹായമെത്തിക്കുന്ന പക്ഷമാണ്. കോൺഗ്രസ് ഒരിക്കലും പാവപ്പെട്ടവരുടെ പക്ഷത്തല്ലെന്നും എം വി ഗോവിന്ദൻ പറഞ്ഞു.
‘ഒറ്റുകാരെ അംഗീകരിക്കാനാകില്ല’
പാർടിയെ തകർക്കാൻ ഒറ്റുകാരനെപ്പോലെ വന്നാൽ അംഗീകരിക്കാനാകില്ലെന്ന് സിപിഐ എം സംസ്ഥാന സെക്രട്ടറി എം വി ഗോവിന്ദൻ പറഞ്ഞു. മാധ്യമ ശൃംഖലയെ ഉപയോഗിച്ച് സിപിഐ എമ്മിനെ തകർക്കാനാണ് പയ്യന്നൂരിൽ വി കുഞ്ഞിക്കൃഷ്ണൻ ശ്രമിച്ചത്. ജില്ലാ കമ്മിറ്റിയംഗമായ ഒരാൾ പാർടിയെ വഞ്ചിക്കുകയാണ് ചെയ്തത്. ചർച്ചചെയ്ത് പരിഹരിച്ച കാര്യങ്ങളുടെ പേരിലാണ് കള്ളക്കഥ പ്രചരിപ്പിക്കുന്നത്. കമ്യൂണിസ്റ്റുവിരുദ്ധ ശക്തികളുടെ കോടാലിക്കൈയായവർക്ക് ചരിത്രത്തിന്റെ ചവറ്റുകൊട്ടയിലാണ് സ്ഥാനം. ബിജെപി സംസ്ഥാന പ്രസിഡന്റിന്റെ ചാനലിനെ കൂട്ടുപിടിച്ച് പാർടിക്കെതിരെ കുഞ്ഞിക്കൃഷ്ണൻ സ്വീകരിക്കുന്ന നിലപാടിന് ജനങ്ങൾ കൃത്യമായ മറുപടി നൽകും. പാർടിവിരുദ്ധ നീക്കങ്ങൾക്ക് കീഴടങ്ങാൻ മനസ്സുള്ള നാടല്ല പയ്യന്നൂരെന്നും എം വി ഗോവിന്ദൻ പറഞ്ഞു.
ജാഥ ഇന്ന് കണ്ണൂർ ജില്ലയിൽ
തുളുനാട്ടിൽനിന്ന് പുതുകരുത്തുമായി കണ്ണൂർ ജില്ലയിലേക്ക് കടന്ന എൽഡിഎഫ് വടക്കൻ മേഖലാ വികസനമുന്നേറ്റ ജാഥയ്‌ക്ക് ചൊവ്വാഴ്‌ച നാല് നിയമസഭാ മണ്ഡലംകേന്ദ്രങ്ങളിൽ സ്വീകരണം നൽകും. രാവിലെ 10ന് കല്യാശേരി മണ്ഡലത്തിലെ പഴയങ്ങാടി ബസ് സ്‌റ്റാൻഡിലാണ് ആദ്യ സ്വീകരണ സമ്മേളനം. പകൽ 2.30ന് തളിപ്പറന്പ് മണ്ഡലം കാക്കത്തോട് ബസ്‌സ്‌റ്റാൻഡിലും മൂന്നിന് ഇരിക്കൂർ മണ്ഡലത്തിലെ ശ്രീകണ്ഠപുരം ബസ്‌സ്‌റ്റാൻഡിലുമാണ് സ്വീകരണം. വൈകിട്ട് അഞ്ചിന് പേരാവൂർ മണ്ഡലം ഇരിട്ടിയിലെ സ്വീകരണത്തോടെ ചൊവ്വാഴ്‌ചത്തെ പര്യടനം സമാപിക്കും. ഇരിട്ടി പാലം പരിസരത്താണ് പൊതുയോഗം.
ചൊവ്വ രാവിലെ എട്ടരക്ക് ജാഥാലീഡർ എം വി ഗോവിന്ദൻ പഴയങ്ങാടി എരിപുരത്ത് പിസിസി ഹാളിൽ ക്ഷണിക്കപ്പെട്ടവരുമായി സംവദിക്കും. വാർത്താസമ്മേളനവുമുണ്ടാകും.
വ്യാഴം വരെ ജാഥ ജില്ലയിലുണ്ട്. ബുധനാഴ്‌ച രാവിലെ 10ന് മട്ടന്നൂർ, പകൽ മൂന്നിന് അഴീക്കോട് മണ്ഡലത്തിലെ വൻകുളത്തുവയൽ, നാലിന് കണ്ണൂർ, അഞ്ചിന് തലശേരി എന്നിവിടങ്ങളിലാണ് സ്വീകരണം. വ്യാഴാഴ്‌ച രാവിലെ 10ന് ധർമടം മണ്ഡലത്തിലെ മന്പറത്തും പകൽ മൂന്നിന് കൂത്തുപറന്പ് മണ്ഡലത്തിലെ പാനൂരിലുമാണ് സ്വീകരണം. തുടർന്ന്, ജാഥ വയനാട് ജില്ലയിലേക്ക് പ്രവേശിക്കും.









0 comments