എസ്‌ഐആർ ദുരൂഹത: ഇലക്‌ഷൻ ഓഫീസിലേക്ക് എൽഡിഎഫ് മാർച്ച്

കണ്ണൂർ: എസ്‌ഐആർ നടപടിക്രമങ്ങളിലെ അപാകതകൾ പരിഹരിക്കണമെന്നാവശ്യപ്പെട്ട് എൽഡിഎഫ് നേതൃത്വത്തിൽ ജില്ലാ ഇലക്‌ഷൻ ഓഫീസിലേക്ക് ബഹുജന മാർച്ച്. വോട്ടർപട്ടിക പരിഷ്‌കരണത്തിൽ അടിമുടി ദുരൂഹതകൾ ഉണ്ടായ സാഹചര്യത്തിലാണ് എൽഡിഎഫ് മാർച്ച് നടത്തിയത്. സിപിഐ എം ജില്ലാ സെക്രട്ടറി കെ കെ രാഗേഷ് മാർച്ച് ഉദ്‌ഘാടനം ചെയ്‌തു. ലക്ഷക്കണക്കിനാളുകൾ പട്ടികയിൽനിന്ന് പുറത്തുപോകുന്ന അവസ്ഥയാണെന്ന് കെ കെ രാഗേഷ് പറഞ്ഞു. പുതുതായി പേരുകൾ ഉൾപ്പെടുത്തുന്നത് സംബന്ധിച്ചും വ്യാപക പരാതിയാണ് ഉയർന്നിട്ടുള്ളത്. അസ്വാഭാവികമായ രീതിയിൽ പേരുകൾ കൂട്ടിച്ചേർക്കുന്നതായാണ് തെളിയുന്നത്.
കേരളത്തിൽ പ്രവാസി വോട്ടർമാരിൽ എട്ടാം സ്ഥാനത്തുള്ള കണ്ണൂർ ജില്ലയിലാണ് ഏറ്റവും കൂടുതൽ പ്രവാസി വോട്ടുകൾ ചേർക്കപ്പെട്ടത്. ഇത് പരിശോധിക്കണം. അന്യ സംസ്ഥാനങ്ങളിലെ ആളുകളടക്കം പട്ടികയിൽ കടന്നുവരുന്ന സ്ഥിതിയുണ്ട്. ബിഎൽഒമാർ അറിയാതെ തന്നെ പട്ടികയിൽ പേര് ഉൾപ്പെടുത്തുന്ന സാഹചര്യം ഉണ്ടാകരുത്. ബിഎൽഒമാർക്ക് പരിശോധനയ്‌ക്ക് കിട്ടിയതിലും നാലിരട്ടിയാണ് അപേക്ഷകൾ. കൃത്യമായി പരിശോധിക്കുന്നതിന് അവസരമുണ്ടാകണം. വ്യാജവോട്ട് ചേർക്കാനുള്ള അവസരമായി ഇതിനെ ഉപയോഗിക്കുന്നത് തടയാൻ നടപടിയുണ്ടാകണമെന്നും കെ കെ രാഗേഷ് പറഞ്ഞു.
സിപിഐ ജില്ലാ സെക്രട്ടറി സി പി സന്തോഷ് കുമാർ അധ്യക്ഷനായി. എൽഡിഎഫ് ജില്ലാ കൺവീനർ എൻ ചന്ദ്രൻ സ്വാഗതം പറഞ്ഞു. സി പി മുരളി, കെ കെ ജയപ്രകാശ്, എം പി മുരളി, കെ പി പ്രശാന്ത്, ഇക്‌ബാൽ പോപ്പുലർ, സുഭാഷ്‌അയ്യോത്ത്, കെ പി സുരേഷ് കുമാർ, ജോസഫ് പരപ്പനാൽ എന്നിവർ സംസാരിച്ചു. സിപിഐ എം സംസ്ഥാന കമ്മിറ്റിയംഗങ്ങളായ ടി വി രാജേഷ്, എം പ്രകാശൻ, കാരായി രാജൻ, എം സുരേന്ദ്രൻ, പി ഹരീന്ദ്രൻ, ടി കെ ഗോവിന്ദൻ, പി വി ഗോപിനാഥ്, പി പുരുഷോത്തമൻ തുടങ്ങിയവർ പങ്കെടുത്തു.










0 comments