Deshabhimani

എൽ‍ഡിഎഫ് മുന്നേറ്റം; ഏഴ് സീറ്റുകൾ പിടിച്ചെടുത്തു: യുഡിഎഫിന് തിരിച്ചടി, ബിജെപി പൂജ്യം

ldf victory 1.jpg

പാമ്പാടി ഗ്രാമപഞ്ചായത്ത് പത്താം വാർഡ് ഉപതെരഞ്ഞെടുപ്പിൽ വിജയിച്ച എൽഡിഎഫ് സ്ഥാനാർഥി സണ്ണി വർഗീസ് പാമ്പാടിയിൽ നടത്തിയ ആഹ്ലാദ പ്രകടനം

വെബ് ഡെസ്ക്

Published on Sep 29, 2026, 01:43 PM | 2 min read

തിരുവനന്തപുരം: യുഡിഎഫ് സർക്കാർ അധികാരത്തിൽ വന്ന ശേഷം നടന്ന ആദ്യ തദ്ദേശ ഉപതെരഞ്ഞെടുപ്പിൽ എൽ‍ഡിഎഫിന് അതി​ഗംഭീരമായ മുന്നേറ്റം. വിവിധ തദ്ദേശ സ്ഥാപനങ്ങളിലെ 38 വാർഡുകളിലേക്ക് നടന്ന ഉപതെരഞ്ഞെടുപ്പിൽ 18 സീറ്റിൽ എൽഡിഎഫ് വിജയിച്ചു. 19 സീറ്റിൽ യുഡിഎഫും ഒരു സീറ്റിൽ ട്വന്റി20യും ജയിച്ചു. യുഡിഎഫിലെ രണ്ട് എംഎൽഎമാരുടെ സിറ്റിങ് സീറ്റ് അടക്കം ഏഴ് സീറ്റുകൾ എൽഡിഎഫ് പിടിച്ചെടുത്തു. 22 സീറ്റിൽ നിന്നാണ് യുഡിഎഫ് 19ലേക്ക് വീണത്. ബിജെപിക്ക് ഒരു സീറ്റും കിട്ടിയില്ല.


തിരുവനന്തപുരത്ത് തെരഞ്ഞെടുപ്പ് നടന്ന അഞ്ചിൽ മൂന്നിടത്തും എൽഡിഎഫ് ജയിച്ചു. കഴിഞ്ഞ തവണ നാല് സീറ്റ്‌ ജയിച്ച യുഡിഎഫിന് ജില്ലയിൽ കനത്ത തിരിച്ചടിയാണ് നേടിയത്. കോട്ടയത്തും യുഡിഎഫ് തകർന്നടിഞ്ഞു. മൂന്ന് സീറ്റിലേക്ക് ഉപതെര‍ഞ്ഞെടുപ്പ് നടന്നപ്പോൾ രണ്ടിടത്തും എൽഡിഎഫ് ജയിച്ചു. യുഡിഎഫിന്റെ സിറ്റിങ് സീറ്റുകളാണ് എൽഡിഎഫ് പിടിച്ചത്. പാലക്കാട്ടും എൽഡിഎഫ് മികച്ച മുന്നേറ്റം നടത്തി. ഏഴിടത്ത് തെരഞ്ഞെടുപ്പ് നടന്നപ്പോൾ അഞ്ചിടത്തും എൽഡിഎഫാണ്. കണ്ണൂരിൽ തെരഞ്ഞെടുപ്പ് നടന്ന രണ്ടിടത്തും എൽഡിഎഫ് ജയിച്ചു. കാസർകോട്ടെ സീറ്റും മലപ്പുറത്തെ രണ്ട് സീറ്റുകളും എൽഡിഎഫ് നിലനിർത്തി.


മൂന്ന് ജില്ലാ പഞ്ചായത്ത് ഡിവിഷനിലേക്ക് നടന്ന തെരഞ്ഞെടുപ്പിൽ രണ്ടിടത്ത്‌ എൽഡിഎഫ് ഉജ്വല വിജയം നേടി. കോട്ടയം ജില്ലാ പഞ്ചായത്ത്‌ തൃക്കൊടിത്താനം ഡിവിഷൻ യുഡിഎഫിൽനിന്ന്‌ തിരിച്ചുപിടിച്ചു. യുഡിഎഫ് എംഎൽഎ വിനു ജോബിന്റെ സിറ്റിങ് സീറ്റിൽ എൽഡിഎഫ്‌ സ്ഥാനാർഥി മഞ്ജു സുജിത്താണ് ജയിച്ചത്‌. പാലക്കാട് ജില്ലാ പഞ്ചായത്ത്‌ പല്ലശന ഡിവിഷനിൽ എൽഡിഎഫ് സ്ഥാനാർഥി വി പൊന്നുകുട്ടൻ ജയിച്ചു. എംഎൽഎയായി തെരഞ്ഞെടുക്കപ്പെട്ട ടി എം ശശിയുടെ ഒഴിവിലേക്ക്‌ നടന്ന തെരഞ്ഞെടുപ്പിൽ എൽഡിഎഫ് സീറ്റ് നിലനിർത്തുകയായിരുന്നു. തിരുവനന്തപുരം ജില്ലാ പഞ്ചായത്തിലെ കല്ലറ ഡിവിഷൻ യുഡിഎഫും നിലനിർത്തി.


മൂന്ന് മുനിസിപ്പാലിറ്റി വാർഡുകളിൽ രണ്ടിലും എൽഡിഎഫ് ജയിച്ചു. കണ്ണൂർ മട്ടന്നൂർ നഗരസഭയിലെ ഉരുവച്ചാൽ ഡിവിഷൻ എൽഡിഎഫ്‌ നിലനിർത്തിയപ്പോൾ തൃശൂരിലെ ചിറ്റൂർ – തത്തമംഗലം നഗരസഭാ സീറ്റ് എൽഡിഎഫ് പിടിച്ചെടുത്തു. ചിറ്റൂർ എംഎൽഎ സുമേഷ് അച്യുതന്റെ സിറ്റിങ് സീറ്റിൽ എൽഡിഎഫ് സ്ഥാനാർഥി വി തുളസീധരൻ വിജയിച്ചു. മട്ടന്നൂർ ഉരുവച്ചാലിൽ എ കെ സുരേഷ്‌കുമാറാണ്‌ ജയിച്ചത്. കൗൺസിലറായിരുന്ന എൽഡിഎഫിലെ കെ കെ അഭിമന്യുവിന്റെ വിയോഗത്തെ തുടർന്നായിരുന്നു ഉപതെരഞ്ഞെടുപ്പ്.


കോർപ്പറേഷൻ വാർഡുകൾ (എറണാകുളം, കോഴിക്കോട്) യുഡിഎഫ് നിലനിർത്തി. കോഴിക്കോട് ഫാത്തിമ തഹ്‌ലിയ 2273 വോട്ടിന് ജയിച്ച വാർഡിൽ യുഡിഎഫിൻ്റെ ലീഡ് കുത്തനെ ഇടിഞ്ഞു. 436 വോട്ടിന്റെ ഭൂരിപക്ഷത്തിലാണ് യുഡിഎഫ് വിജയിച്ചത്. കൊച്ചി കോർപറേഷൻ അയ്യപ്പൻകാവ് ഉപതെരെഞ്ഞടുപ്പിൽ യുഡിഎഫ് സ്ഥാനാർഥി 549 വോട്ടിനും ജയിച്ചു.




deshabhimani section

Related News

View More
0 comments
Sort by

Deshabhimani
Home