print edition ജനറിക് മരുന്നിന്റെ ‘പേറ്റന്റ് ’എൽഡിഎഫിന്


അഖില ബാലകൃഷ്ണൻ
Published on Oct 25, 2026, 12:22 AM | 1 min read
തിരുവനന്തപുരം: ജനറിക് മരുന്നുകൾ കേരളത്തിൽ വ്യാപകമാക്കിയത് എൽഡിഎഫ് സർക്കാരുകൾ. അർബുദമടക്കം മാരകരോഗങ്ങൾക്ക് വൻ വിലകൊടുത്ത് വാങ്ങിയിരുന്ന മരുന്നുകൾക്ക് പകരമാണ് 1037 ജനറിക് മരുന്നുകൾ സർക്കാർ ആശുപത്രികൾ വഴി വിതരണം ചെയ്‌തത്. കെഎംഎസ്‌സിഎൽ വഴി എല്ലാ നടപടിക്രമവും പാലിച്ചാണ് ആരോഗ്യവകുപ്പ് ഇൗ ദൗത്യമേറ്റെടുത്തത്. രക്താർബുദത്തിനുള്ള റിറ്റുക്‌സിമാബ്, പ്രമേഹത്തിനുള്ള മെറ്റ്ഫോർമിൻ, ഗ്ലിമെപിറൈഡ്, ആന്റിബയോട്ടിക് അസിത്രോമൈസിൻ എന്നിവ മുതൽ പാരസെറ്റമോൾ വരെയുള്ള ജനറിക് മരുന്നുകൾ പട്ടികയിലുണ്ട്. ഇതിൽ 865ഉം അവശ്യവിഭാഗത്തിലുള്ളവ.
കാൻസർ ചികിത്സയ്‌ക്കായി 2024ൽ ആവിഷ്‌കരിച്ച കാരുണ്യസ്‌പർശം -പദ്ധതിവഴി നൽകിയ 172 മരുന്നും ജനറിക്കാണ്. കമ്പനികളോട് ചർച്ച നടത്തി ബൾക്ക് ഓർഡറിലൂടെ 96 ശതമാനംവരെ വിലക്കുറവിലാണ് പലതും ലഭ്യമാക്കിയത്. ഡോക്‌ടർമാർ രോഗികൾക്ക് ജനറിക് മരുന്ന് കുറിച്ചുനൽകണമെന്ന് 2022 ഒക്‌ടോബറിൽ കർശന നിർദേശവും നൽകി. അനിയന്ത്രിമായി ബ്രാൻഡഡ് മരുന്നുകൾ എഴുതുന്നത് തടയാൻ കാരുണ്യ ഫാർമസികളിൽ ജീവനക്കാരെയും നിയമിച്ചു.
ജനറിക് മരുന്നുകൾക്ക് ഗുണനിലവാരമില്ലെന്നും ഇതേ മരുന്ന് വൻകിട കമ്പനികളിൽനിന്ന് നേരിട്ട് വാങ്ങുമെന്നും പ്രഖ്യാപിച്ചയാളാണ് ആരോഗ്യമന്ത്രി കെ മുരളീധരൻ. കെഎംഎസ്‌സിഎൽ വഴിയുള്ള ടെൻഡർ നടപടികൾ അട്ടിമറിക്കുകയുംചെയ്‌തു. ഓരോ മരുന്നിന്റെയും ജനറിക് നാമം, സാങ്കേതിക വശം, സവിശേഷത എന്നിവയുടെ അടിസ്ഥാനത്തിലാണ് ടെൻഡർ ക്ഷണിക്കുന്നത്. പ്രത്യേക ബ്രാൻഡിന്റെ പേര് പരാമർശിക്കാറില്ല. പങ്കെടുക്കുന്ന കമ്പനികളിൽനിന്ന് വില, ഗുണനിലവാരം എന്നിവയുടെ അടിസ്ഥാനത്തിൽ ഓർഡർ നൽകും. ഇൗ ചട്ടങ്ങൾ അപ്പാടെ ലംഘിച്ചാണ് യുഡിഎഫ് സർക്കാർ എസ്‌എംഎ രോഗികൾക്ക് കെഎംഎസ്‌സിഎൽ മുദ്രയില്ലാത്ത ക്ലിനിക്കൽ ട്രയൽ എന്ന് രേഖപ്പെടുത്തിയ മരുന്ന് നൽകിയത്. ഇതിന് ചട്ടങ്ങൾ നിഷ്‌കർഷിക്കുന്ന ഷെൽഫ് ലൈഫും ഇല്ല. ഇതടക്കമുള്ള രോഗികളുടെ ആശങ്ക പങ്കുവച്ചതിനും ക്രമക്കേടുകളെ വിമർശിച്ചതിനുമാണ് പ്രതിപക്ഷം ജനറിക് മരുന്നിന് എതിരാണെന്ന യുഡിഎഫ് പ്രചാരണം.
ഇന്ത്യന്‍ പേറ്റന്റ് നിയമഭേദഗതിയിലും നൊവാര്‍ട്ടിസ് കേസിലും ജീവന്‍രക്ഷാ മരുന്ന് സാധാരണക്കാര്‍ക്ക് ലഭ്യമാക്കുന്നതിലും നിർണായക പങ്ക് വഹിച്ച പാർടിയാണ് സിപിഐ എം. മരുന്നുകളുടെ ‘എവര്‍ഗ്രീനിങ്' തടയുന്ന സെക്‌ഷന്‍ 3(ഡി) ഇന്ത്യന്‍ പേറ്റന്റ് നിയമത്തില്‍ ഉള്‍പ്പെടുത്താൻ ശക്തമായ ഇടപെടൽ നടത്തി. രക്താർബുദ മരുന്നായ ഗ്ലിവെക്കിന് പേറ്റന്റ് നേടാൻ നോവാർട്ടിസ് നടത്തിയ നീക്കം ഇതേ സെക്‌ഷൻ ഉപയോഗിച്ചാണ് തടഞ്ഞത്.









0 comments