ചോദിക്കുന്നത് ഒൗദാര്യമല്ല, അവകാശം: മുഖ്യമന്ത്രി
print edition തോൽക്കില്ല കേരളം ; കേന്ദ്ര ഉപരോധം ചെറുക്കാൻ ഒറ്റക്കെട്ട്

തിരുവനന്തപുരം
സാമ്പത്തിക ഉപരോധത്തിലൂടെ തകർക്കാൻ നോക്കുന്ന കേന്ദ്ര ബിജെപി സർക്കാരിനെതിരെ മൂന്നരക്കോടി മലയാളികളുടെ അവകാശങ്ങൾക്കായി പുതിയ പോർമുഖം തുറന്ന് കേരളം. സ്വാതന്ത്ര്യസമര പോരാട്ടത്തിന്റെ വീറുറ്റ ഓർമകൾ തുടിക്കുന്ന പാളയം രക്തസാക്ഷി മണ്ഡപത്തിനു മുന്നിൽ മുഖ്യമന്ത്രിയുടെ നേതൃത്വത്തിൽ നടത്തിയ സത്യഗ്രഹസമരം അവകാശം നിഷേധിക്കുന്നവർക്കൊപ്പം അതിന് ഏറാൻമൂ ളുന്നവർക്കും എതിരായ സമരകാഹളമായി. ഡൽഹിയിൽ മുഖ്യമന്ത്രിയുടെ നേതൃത്വത്തിൽ മന്ത്രിസഭ ഒന്നാകെ നടത്തിയ പ്രക്ഷോഭത്തിന്റെയും സുപ്രീംകോടതിയിൽ നടത്തുന്ന നിയമ പോരാട്ടത്തിന്റെയും തുടർച്ചയായി ഇത് മാറി.
മുഖ്യമന്ത്രി പിണറായി വിജയന്റെ നേതൃത്വത്തിൽ മന്ത്രിമാരും എംഎൽഎമാരും എംപിമാരും മറ്റ് ജനപ്രതിനിധികളും എൽഡിഎഫ് നേതാക്കളും നടത്തിയ സത്യഗ്രഹത്തിന് പിന്തുണയുമായി ആയിരങ്ങൾ ഒഴുകിയെത്തി.

സത്യഗ്രഹം ആരംഭിച്ച രാവിലെ 10 മുതൽതന്നെ വിവിധ സംഘടനകളും എൽഡിഎഫിലെ കക്ഷികളും സഹകരിക്കുന്ന പാർടികളും വർഗബഹുജന സംഘടനകളും അഭിവാദ്യവുമായി എത്തിക്കൊണ്ടിരുന്നു. സമരം അവസാനിച്ച വൈകിട്ട് അഞ്ചുവരെയും ഇത് തുടർന്നു.കേന്ദ്രത്തിന്റെ കടുത്ത അവഗണനയിലും ജനപക്ഷ ബദൽ ഉയർത്തി, ക്ഷേമ–വികസന പദ്ധതികളുമായി മുന്നോട്ടുപോകുമ്പോഴും അതിന് തടയിടാനുള്ള അശ്രാന്ത പരിശ്രമമാണ് കേന്ദ്ര സർക്കാർ നടത്തുന്നത്. ഏറ്റവുമൊടുവിൽ ജനുവരി മുതൽ മാർച്ചുവരെ കേരളത്തിനു നൽകേണ്ട വിഹിതത്തിലും കടുംവെട്ടാണ് നടത്തിയത്. ഇൗ സാഹചര്യത്തിലാണ് മുഖ്യമന്ത്രിയുടെ നേതൃത്വത്തിൽ സത്യഗ്രഹ സ മരം.
സമരം മുഖ്യമന്ത്രി പിണറായി വിജയൻ ഉദ്‌ഘാടനം ചെയ്‌തു. റവന്യു മന്ത്രി കെ രാജൻ അധ്യക്ഷനായി. എൽഡിഎഫ് നേതാക്കളായ എം വി ഗോവിന്ദൻ, ബിനോയ് വിശ്വം, ടി പി രാമകൃഷ്‌ണൻ, മാത്യു ടി തോമസ്, എ പി അബ്‌ദുൾ വഹാബ്, തോമസ് കെ തോമസ്, ബിനോയ് ജോസഫ്, ഡോ. വർഗീസ് ജോർജ്, കാസിം ഇരിക്കൂർ, മന്ത്രിമാരായ കെ എൻ ബാലഗോപാൽ, റോഷി അഗസ്റ്റിൻ, രാമചന്ദ്രൻ കടന്നപ്പള്ളി, എ കെ ശശീന്ദ്രൻ, കെ ബി ഗണേഷ്‌കുമാർ, എംപിമാരായ ജോൺ ബ്രിട്ടാസ്, പി സന്തോഷ്‌കുമാർ, കെ കെ ശൈലജ എംഎൽഎ എന്നിവർ സംസാരിച്ചു.
ചോദിക്കുന്നത് ഒൗദാര്യമല്ല, അവകാശം: മുഖ്യമന്ത്രി
കേരളത്തിന് ലഭിക്കേണ്ട വിഹിതം ആരുടെയും ഒൗദാര്യമല്ല, ഭരണഘടനാപരമായ അവകാശമാണെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ. കേരളം മുന്നോട്ടുപോകാതിരിക്കാനുള്ള ബോധപൂർവമായ നിലപാടാണ് കേന്ദ്രത്തിന്റേത്. അനർഹമായതൊന്നും കേരളം ആവശ്യപ്പെടുന്നില്ല. അവകാശപ്പെട്ട കാര്യങ്ങൾ നിഷേധിക്കരുത് എന്നതാണ് ആവശ്യം. ഇതിനായി കേരളത്തോട് താൽപ്പര്യമുള്ള എല്ലാവരും ഒന്നിച്ചുനിന്ന് ശബ്‌ദമുയർത്തണം. എന്നാൽ, ചില വിഭാഗങ്ങൾ അതിന് തയ്യാറാകുന്നില്ല. എൽഡിഎഫ് അധികാരത്തിലുള്ളപ്പോൾ നാട് മുന്നേറാൻ പാടില്ലെന്ന ഹീനബുദ്ധിയാണ് പ്രതിപക്ഷത്തിനെന്നും കേന്ദ്ര അവഗണനയ്‌ക്കെതിരെ പാളയം രക്തസാക്ഷി മണ്ഡപത്തിന് മുന്നിൽ സംഘടിപ്പിച്ച സത്യഗ്രഹസമരം ഉദ്‌ഘാടനംചെയ്‌ത് മുഖ്യമന്ത്രി പറഞ്ഞു.
ഭരണഘടനാപരമായി അർഹതപ്പെട്ടത് തട്ടിപ്പറിച്ചെടുക്കുന്നത് ജനാധിപത്യ രാഷ്‌ട്രത്തിൽ നടക്കേണ്ടതല്ല. എന്നാൽ, സ്വന്തം കൈയിലുള്ളത് അമിതാധികാരമാണെന്ന് നടിക്കുന്ന കേന്ദ്ര സർക്കാർ വിവേചനപരമായി കേരളത്തിന്റെ അവകാശങ്ങൾ കവരുന്നു. ജനുവരി മുതൽ മാർച്ചുവരെ സംസ്ഥാനത്തിന് ലഭിക്കേണ്ട വിഹിതത്തിന്റെ പകുതിയിലധികമാണ് വെട്ടിക്കുറച്ചത്. ഇത് പിടിച്ചുപറിയാണ്. സർക്കാരിനെയോ എൽഡിഎഫിനെയോ മാത്രം ഉന്നംവച്ചുള്ളതല്ല, കേരളത്തെയാകെ ലക്ഷ്യമിട്ടുള്ളതാണിത്. നാടിനെ പുരോഗതിയിലേക്കും ക്ഷേമത്തിലേക്കും നയിക്കാനാണ് ആസൂത്രണം വേണ്ടത്. ഇവിടെ ഏതെല്ലാം വിധത്തിൽ നാടിനെ തകർക്കാമെന്ന ആസൂത്രണമാണ് കേന്ദ്രം നടത്തുന്നത്. ക്ഷേമപദ്ധതികളോട് കേന്ദ്രത്തിന് വിപ്രതിപത്തിയാണ്. എന്തിനാണ് ഇങ്ങനെ ക്ഷേമാനുകൂല്യങ്ങൾ നൽകുന്നതെന്ന് പലവട്ടം ചോദിച്ചു.
ഏറ്റവുമൊടുവിൽ ക്ഷേമാനുകൂല്യങ്ങൾ കേരളം വർധിപ്പിച്ചതാണ് കേന്ദ്രത്തെ പ്രകോപിപ്പിച്ചത്. അതിനാണ് പിന്നിൽനിന്ന് കുത്തുന്നത്. അതിന് കേരളത്തിലെ കോൺഗ്രസ് കൂട്ടുനിൽക്കുന്നു. അമിത് ഷായുടെ സ്വപ്‌നമൊന്നും കേരളത്തിൽ നടക്കാൻ പോകുന്നില്ല. അതുകൊണ്ട് സ്വപ്‌നലോകത്തുനിന്ന് ഇറങ്ങിവന്ന് തെറ്റായ നീക്കങ്ങൾ അവസാനിപ്പിക്കുകയാണ് വേണ്ടത് –മുഖ്യമന്ത്രി പറഞ്ഞു.










0 comments