print edition പുതിയ പോർമുഖം ; ഐതിഹാസികമായ സമരമുദ്ര ചാർത്തി രാഷ്‌ട്രീയ കേരളം

അതിജീവന പോരാട്ടങ്ങളുടെ ചരിത്രത്തിൽ ഐതിഹാസികമായ സമരമുദ്ര ചാർത്തി രാഷ്‌ട്രീയ കേരളം അണിനിരന്നു. ജനക്ഷേമപദ്ധതികളെയും നാടിന്റെ വികസനത്തെയും തകർക്കാനുള്ള ആസൂത്രിത നീക്കത്തിന് ശക്തമായ താക്കീത്. കേന്ദ്രസർക്കാർ കേരളത്തോടു കാട്ടുന്ന ക്രൂരമായ വിവേചനത്തിനും സാമ്പത്തിക ഉപരോധത്തിനുമെതിരെ സന്ധിയില്ലാത്ത സമരം തുടരുമെന്ന് പ്രതിജ്ഞ...
രാജ്യശ്രദ്ധ നേടിയ സത്യഗ്രഹം
കേന്ദ്ര സർക്കാരിന്റെ സാമ്പത്തിക ഉപരോധത്തിനെതിരെ മുഖ്യമന്ത്രിയുടെ നേതൃത്വത്തിൽ തലസ്ഥാനത്ത് നടത്തിയ സമരം രാജ്യശ്രദ്ധയാകർഷിച്ചു. മുഖ്യമന്ത്രി പിണറായി വിജയന്റെ നേതൃത്വത്തിൽ മന്ത്രിമാരും എൽഡിഎഫ് എംപിമാരും എംഎൽഎമാരും നടത്തിയ സത്യഗ്രഹം റിപ്പോർട്ട് ചെയ്യാൻ ദേശീയ മാധ്യമങ്ങളടക്കം എത്തി. ചാനലുകളും ഓൺലൈൻ മാധ്യമങ്ങളും സത്യഗ്രഹത്തെ ദേശീയ വാർത്തയാക്കി. ട്രിബ്യൂൺ, ഡെക്കാൺ ഹെറാൾഡ്, എൻഡിടിവി, ടൈംസ്, ദി ഹിന്ദു തുടങ്ങിയ പ്രധാന മാധ്യമങ്ങളിൽ കേന്ദ്രത്തിന്റെ അനീതിക്കെതിരെ കേരളത്തിന്റെ പ്രതിരോധം എന്ന നിലയിൽ വാർത്ത നൽകി. മുഖ്യമന്ത്രിയുടെ നേതൃത്വത്തിൽ മന്ത്രിസഭ ഒന്നാകെ നേരത്തെ ഡൽഹിയിൽ നടത്തിയ സമരവും വലിയ വാർത്താപ്രധാന്യം നേടിയിരുന്നു.
വരുമാനത്തിലെ കേന്ദ്രവിഹിതം ; ബിജെപി ഭരിക്കുന്നിടങ്ങളിൽ 75% കേരളത്തിന് 27%
അസം, ബിഹാർ, ത്രിപുര തുടങ്ങി പല ബിജെപി ഭരണസംസ്ഥാനങ്ങളുടെയും ആകെ റവന്യൂ വരുമാനത്തിന്റെ 75 ശതമാനവും കേന്ദ്ര സംഭാവനയാണെങ്കിൽ കേരളത്തിന്റെ ആകെ വരുമാനത്തിൽ കേന്ദ്രവിഹിതം 27 ശതമാനം മാത്രം. വികസനപ്രവർത്തനങ്ങൾക്കും സാമൂഹ്യസുരക്ഷാ പദ്ധതികൾക്കും ആവശ്യമായ വരുമാനത്തിന്റെ 73 ശതമാനവും കേരളം സ്വന്തം നിലയ്‌ക്ക് കണ്ടെത്തുകയാണ്. ഇടതുപക്ഷമാണ് ഭരണത്തിലെന്ന ഒറ്റക്കാരണത്താൽ കേന്ദ്രബിജെപി സർക്കാർ ഏതെല്ലാം വിധം മലയാളികളെ വേട്ടയാടുന്നുവെന്നതിന് മറ്റൊരു ഉദാഹരണമാണ് ആകെ വരുമാനത്തിലെ ശുഷ്‌ക്കമായ കേന്ദ്രവിഹിതം.

കേരളദ്രോഹം കേന്ദ്രം അവസാനിപ്പിക്കണം: സിപിഐ എം
കേരളത്തെ പ്രതികാരബുദ്ധിയോടെ സാമ്പത്തികമായി ഞെരുക്കുന്നത് അടിയന്തരമായി അവസാനിപ്പിക്കണമെന്ന് സിപിഐ എം പൊളിറ്റ്‌ബ്യൂറോ ആവശ്യപ്പെട്ടു. നികുതി വിഹിതം വർധിപ്പിക്കുക, കടമെടുപ്പ് പരിധി ഉയർത്തുക തുടങ്ങി കേരളത്തിന്റെ ന്യായമായ ആവശ്യങ്ങൾ അംഗീകരിക്കാൻ കേന്ദ്രസർക്കാർ തയ്യാറാകണം. കേന്ദ്രദ്രോഹ നടപടികൾക്കെതിരായ കേരളത്തിന്റെ സത്യഗ്രഹത്തിനും ന്യായമായ അവകാശങ്ങളുടെ സംരക്ഷണത്തിനായുള്ള ഇടതുപക്ഷ സർക്കാരിന്റെ പോരാട്ടത്തിനും ഐക്യദാർഢ്യമേകുന്നു.
സാമ്പത്തിക വിവേചനത്താൽ അഞ്ചുവർഷത്തിനിടെ 57,000 കോടി രൂപയുടെ വരുമാന നഷ്‌ടമാണ് കേരളത്തിനുണ്ടായത്. നികുതിവിഹിതം, ഗ്രാന്റ്, കേന്ദ്രപദ്ധതി ഫണ്ട് എന്നിവയിലും വിഹിതം കുറഞ്ഞു. കടമെടുപ്പ് പരിധിയിലും നിയന്ത്രണം കൊണ്ടുവന്നു. പത്താം ധനകമീഷന്റെ ഘട്ടത്തിൽ ആകെ കേന്ദ്രനികുതിയിൽ കേരളത്തിന്റെ വിഹിതം 3.875 ശതമാനമായിരുന്നത് നിലവിൽ 15–ാം കമീഷന്റെ കാലത്ത് 1.925 ശതമാനമാക്കി. 2024–25ൽ ഇക്കാരണത്താൽ 27,000 കോടി രൂപ നഷ്‌ടമായി. മുഖ്യമന്ത്രിയുടെയും മന്ത്രിമാരുടെയും എംപിമാരുടെയും എംഎൽഎമാരുടെയും നേതൃത്വത്തിലുള്ള സത്യഗ്രഹത്തിൽ വലിയതോതിൽ പങ്കെടുക്കുന്ന എല്ലാ വിഭാഗം ജനവിഭാഗങ്ങൾക്കും ആശംസകൾ നേരുന്നു.
വർഗീയതയ്‌ക്കെതിരെ പോരാട്ടം ശക്തമാക്കും : എം വി ഗോവിന്ദൻ
വിശ്വാസികളുൾപ്പെടെയുള്ള മുഴുവൻ മനുഷ്യരെയും ചേർത്തുനിർത്തി വർഗീയയ്‌ക്കെതിരായ പോരാട്ടം ശക്തിപ്പെടുത്തണമെന്ന് സിപിഐ എം സംസ്ഥാന സെക്രട്ടറി എം വി ഗോവിന്ദൻ. മതനിരപേക്ഷ ഇന്ത്യ തുടരാൻ അത് അത്യാവശ്യമാണ്. വിശ്വാസികൾ ഒരിക്കലും വർഗീയവാദികളല്ല. ഹിന്ദുവർഗീയവാദവും ജാതീയമായ ചിന്ത അടിസ്ഥാനമാക്കിയുള്ള ഐഡൻഡിറ്റി പൊളിറ്റിക്‌സുമെല്ലാം ചേർന്ന് വർഗീയവൽക്കരിക്കാനുള്ള പ്രവർത്തനങ്ങൾ ശക്തിപ്പെടുത്തുന്ന കാലമാണിത്. ഇവിടെ ഇടതുപക്ഷ മുന്നേറ്റം രാജ്യത്തിന്റെ ഭാവികാര്യത്തിൽ നിർണായകമാണ്.
കാർഷിക ഭൂപരിഷ്‌കരണനിയമം, സാക്ഷരതാ പ്രസ്ഥാനം, ജനകീയാസൂത്രണപ്രസ്ഥാനം, ക്ഷേമപെൻഷൻ, സ്‌ത്രീസുരക്ഷാ പദ്ധതി, ചെറുപ്പക്കാർക്ക് ജോലി കണ്ടെത്താൻ നൽകുന്ന ഗ്രാൻഡ്, അതിദരിദ്രമുക്ത നേട്ടം എന്നിവയെല്ലാം കേരളത്തിലുണ്ടായ മൗലിക മാറ്റങ്ങളാണ്.
നവകേരള സൃഷ്‌ടിക്കുള്ള പ്രവർത്തനങ്ങളിലാണ് ശ്രദ്ധ കേന്ദ്രീകരിക്കുന്നത്. അത്തരം പ്രവർത്തനങ്ങൾ അനുവദിക്കില്ലെന്ന തരത്തിൽ കേന്ദ്രം സാന്പത്തിക ഉപരോധവുമായി മുന്നോട്ടുവന്നാൽ ശക്തമായി ചെറുക്കണം. കേരളത്തിന്റെ പൊതുവായ താൽപ്പര്യത്തെ നമുക്ക് മുന്നോട്ടു നയിക്കാനാകണമെന്നും എം വി ഗോവിന്ദൻ പറഞ്ഞു.
അനീതിക്ക് മുന്നിൽ തലകുനിക്കില്ല : ബിനോയ് വിശ്വം
കേന്ദ്ര ബിജെപി സര്‍ക്കാരിന്റെ അനീതിക്ക് മുന്നില്‍ കേരളം പരാജയപ്പെട്ട് തലകുനിക്കില്ലെന്ന് സിപിഐ സംസ്ഥാന സെക്രട്ടറി ബിനോയ് വിശ്വം. ബിജെപി–കോണ്‍ഗ്രസ് ചങ്ങാത്തത്തിന്റെ എല്ലാ നീചനീക്കങ്ങളെയും തോല്‍പ്പിച്ച പാരമ്പര്യമാണ് കേരളത്തിന്റേത്. ഇന്ത്യ ഒന്നാണെന്ന ചിന്ത മാറ്റിവച്ച്, സംസ്ഥാനം ഭരിക്കുന്ന പാര്‍ടികളെ നോക്കി നയങ്ങള്‍ തീരുമാനിക്കുന്ന ബിജെപി സര്‍ക്കാരിന്റെ നീക്കം തെറ്റാണെന്ന് പ്രഖ്യാപിക്കാനാണ് ഈ സത്യഗ്രഹം. കോണ്‍ഗ്രസും ബിജെപിയും യുഡിഎഫും ഒന്നിച്ചുവന്നാലും കേരളത്തെ തകര്‍ക്കാനാവില്ലെന്ന് ഇവിടുത്തെ ജനങ്ങള്‍ ഇന്നും നാളെയും പറയും.
കേരളം എല്ലാത്തരത്തിലും വ്യത്യസ്തമാണ്. അതിനെ ബിജെപി സര്‍ക്കാർ ഭയക്കുന്നു. ദേശീയ പ്രസ്ഥാനത്തിന്റെ ആശയങ്ങളാണ് ഇന്ന് ഇന്ത്യക്ക് വേണ്ടത്. ആ പാഠങ്ങള്‍ കോണ്‍ഗ്രസ് മറന്നു. കോണ്‍ഗ്രസ് മറന്ന പരിപാടികള്‍ നടപ്പാക്കാന്‍ ഇടതുപക്ഷ സര്‍ക്കാര്‍ ശ്രമിക്കുമെന്ന് ആദ്യ മന്ത്രിസഭ അധികാരമേറ്റശേഷം ഇ എം എസ് പറഞ്ഞു. ആ സര്‍ക്കാരിന്റെ തുടര്‍ച്ചയാണ് ഈ സര്‍ക്കാരെന്നും ബിനോയ് വിശ്വം പറഞ്ഞു.
കേന്ദ്രത്തിനെതിരെ യോജിച്ച സമരം വേണ്ടെന്ന് കോൺഗ്രസും ലീഗും : ടി പി രാമകൃഷ്‌ണൻ
കേന്ദ്ര സർക്കാരിന്റെ തൊഴിലാളിവിരുദ്ധ നയങ്ങൾക്കെതിരായ യോജിച്ച സമരത്തിൽ ഐഎൻടിയുസിയും എസ്‌ടിയുവും പങ്കെടുക്കരുതെന്നാണ് കോൺഗ്രസും മുസ്ലിംലീഗും പറയുന്നതെന്ന് എൽഡിഎഫ് കൺവീനർ ടി പി രാമകൃഷ്‌ണൻ പറഞ്ഞു. കേന്ദ്ര സർക്കാർ സമീപകാലത്ത് കൊണ്ടുവന്ന കരിനിയമങ്ങൾ കർഷകരെയും തൊഴിലാളികളെയും കടന്നാക്രമിക്കുന്നതാണ്. ദാരിദ്ര്യ ലഘൂകരണത്തിൽ വലിയ പങ്കുവഹിച്ച തൊഴിലുറപ്പ് നിയമത്തെ തകർത്തു. സംസ്ഥാനത്തിന് ലഭിക്കേണ്ട ആനുകൂല്യങ്ങൾപോലും നിഷേധിക്കുകയാണെന്നും അദ്ദേഹം പറഞ്ഞു.
കേന്ദ്രത്തിന് കേരളം മുന്നോട്ടുപോകരുതെന്ന ചിന്ത : കെ രാജൻ
കേരളം ഒരു കാരണവശാലും മുന്നോട്ടുപോകാന്‍ പാടില്ലെന്ന നിലപാടാണ് കേന്ദ്ര സർക്കാരിനെന്ന് റവന്യൂ മന്ത്രി കെ രാജൻ പറഞ്ഞു. സത്യഗ്രഹ സമരത്തില്‍ അധ്യക്ഷ പ്രസംഗം നടത്തുകയായിരുന്നു അദ്ദേഹം.
കേരളത്തെ കഴുത്തുഞെരിച്ച് കൊല്ലാനുള്ള എല്ലാ ശ്രമങ്ങളും നടക്കുമ്പോള്‍തന്നെ പെന്‍ഷന്‍തുക വര്‍ധിപ്പിച്ചു, സ്ത്രീസുരക്ഷാ പെന്‍ഷനായി ആയിരം രൂപ നല്‍കാന്‍ തീരുമാനിച്ചു. കണക്ട് ടു വർക്ക് യുവാക്കാള്‍ക്കായി നടപ്പാക്കി. കേന്ദ്രത്തിന്റെ സാമ്പത്തിക ഉപരോധത്തില്‍ കേരളം കുലുങ്ങില്ല. ജനങ്ങളാണ് സര്‍ക്കാരിന്റെ ആത്മവിശ്വാസമെന്നും മന്ത്രി പറഞ്ഞു.
കേന്ദ്രത്തിന് കുട പിടിച്ച് കോൺഗ്രസ് : മാത്യു ടി തോമസ്
കേന്ദ്രം സംസ്ഥാനത്തോട് കാണിക്കുന്ന സാന്പത്തിക അവഗണനയ്‌ക്കെതിരെ കോൺഗ്രസ് ഒരക്ഷരം മിണ്ടുന്നില്ലെന്ന് ജെഡിഎസ് സംസ്ഥാന പ്രസിഡന്റ് മാത്യു ടി തോമസ്. നികുതിവരുമാനമുൾപ്പെടെ കേന്ദ്രം കുറച്ചിട്ടും എല്ലാ മേഖലകളിലും നന്പർ വൺ ആയി പത്ത് വർഷത്തിനിടെ കേരളം മാറി. തനതുവരുമാന സ്രോതസ്സുകളെ ഇല്ലാതാക്കുന്നതിന് കോൺഗ്രസിന്റെ മൗനാനുവാദമുണ്ടെന്നും മാത്യു ടി തോമസ് പറഞ്ഞു.
കോണ്‍ഗ്രസിന് മൗനം : റോഷി അഗസ്റ്റിൻ
ഭരണഘടനപരമായി ലഭിക്കേണ്ടവ ഔദാര്യമല്ല, അവകാശമാണെന്ന് മന്ത്രി റോഷി അഗസ്റ്റിൻ. സാമ്പത്തിക ഉപരോധംകൊണ്ട് സംസ്ഥാനത്തിന്റെ വികസനം തടയാൻ സാധിക്കാത്തതിനാല്‍ കേന്ദ്രം വീണ്ടും അവകാശപ്പെട്ട ആനുകൂല്യങ്ങള്‍ നിഷേധിച്ച് സംസ്ഥാനത്തെ ശ്വാസംമുട്ടിക്കുന്നു. സമ്പൂര്‍ണ കുടിവെള്ള പദ്ധതിയെ തകർക്കുന്നു. സംസ്ഥാനത്തെ എല്ലാവിധത്തിലും ബുദ്ധിമുട്ടിക്കുമ്പോൾ കോണ്‍ഗ്രസ് മൗനം പാലിക്കുന്നുവെന്നും അദ്ദേഹം പറഞ്ഞു.
ജനങ്ങളുടെ കഴുത്ത് ഞെരിക്കുന്നു : കെ ബി ഗണേഷ് കുമാർ
കേന്ദ്രം കേരളത്തിലെ ജനങ്ങളുടെ കഴുത്ത് ഞെരിക്കുന്നെന്ന് മന്ത്രി കെ ബി ഗണേഷ് കുമാർ. തൊഴിലുറപ്പ് പദ്ധതിയിൽനിന്ന് ഗാന്ധിജിയുടെ പേര് വെട്ടി മാറ്റി, സംസ്ഥാന വിഹിതം കൂടി പിടിച്ചുവാങ്ങുന്നു. പ്രതിസന്ധിയിലും നാടിനെ നയിക്കാൻ എൽഡിഎഫിന് കരുത്തുണ്ടെന്ന് ജനങ്ങളെ ബോധ്യപ്പെടുത്തണം. ആവർത്തിച്ച് നുണ പ്രചരിപ്പിച്ച് ജനങ്ങളെ വിശ്വസിപ്പിക്കാനാണ് ശ്രമിക്കുന്നത്. സർക്കാർ സുതാര്യമായാണ് മുന്നോട്ടുപോകുന്നത്. വർഗീയത, ജാതി എന്നിവയുടെ പേരിൽ വോട്ട് പിടിച്ചവരെ ജനത്തിന് ബോധ്യപ്പെട്ടിട്ടുണ്ട്. ഇതിന് നിയമസഭാതെരഞ്ഞെടുപ്പിൽ മറുപടി ലഭിക്കും.
ജനകീയ മുന്നേറ്റത്തിന്റെ വിളംബരം : എ പി അബ്‌ദുൾ വഹാബ്
കേന്ദ്ര അവഗണനയ്‌ക്കെതിരെയുള്ള സത്യഗ്രഹ സമരം ജനകീയ മുന്നേറ്റത്തിന്റെ വിളംബരമെന്ന് നാഷണൽ ലീഗ് നേതാവ് എ പി അബ്‌ദുൾ വഹാബ്. ഭരണഘടനാമൂല്യങ്ങളെ പരസ്യമായി ചവിട്ടിമെതിക്കുന്നു. സംസ്ഥാനത്തിനോട് സാന്പത്തിക വിവേചനം കാണിക്കുകയാണ്. ഇച്ഛാശക്തിയോടെ കേരളം ഇതിനെ നേരിടും.
കേരളത്തെ നശിപ്പിക്കാൻ ഗവേഷണം : കാസിം ഇരിക്കൂർ
നാഗ്‌പുരിലെ ആർഎസ്‌എസ് ഭവനിൽ കേരളത്തിലെ ഇടതുപക്ഷത്തെ നശിപ്പിക്കാനുള്ള മാർഗങ്ങളെന്തെന്ന് ഗവേഷണം നടത്തുകയാണെന്ന് ഐഎൻഎൽ ജനറൽ സെക്രട്ടറി കാസിം ഇരിക്കൂർ. എസ്‌ഐആർ ഇതിന്റെ ഫലമാണ്. പൗരത്വം നഷ്‌ടപ്പെടുന്ന ഒരുവിഭാഗം ജനങ്ങൾ മുഖ്യധാരയിൽനിന്ന് വലിച്ചെറിയപ്പെടുന്ന ഗൂഢാലോചനയാണിത്.
സംസ്ഥാനങ്ങൾക്ക് യാചിക്കേണ്ടിവരുന്നു : വർഗീസ് ജോർജ്
കേന്ദ്രത്തിന് മുന്നിൽ സംസ്ഥാനങ്ങൾക്ക് യാചിക്കേണ്ടിവരുന്നെന്ന് ആർജെഡി സെക്രട്ടറി ജനറൽ വർഗീസ് ജോർജ്. എല്ലാ ചെലവുകളും സംസ്ഥാനം വഹിക്കുന്പോൾ വരുമാനം മുഴുവൻ കേന്ദ്രത്തിനാണ്. ധനകാര്യങ്ങൾ കോർപറേറ്റുകൾ തീരുമാനിക്കുന്നു. ഇവർക്ക് നികുതിയില്ല. പല സംസ്ഥാനങ്ങളും കടക്കെണിയിലാണ്.
സംരക്ഷിക്കുന്നത് കോർപ്പറേറ്റുകളെ : ബിനോയ് ജോസഫ്
സാധാരണക്കാരെ സംസ്ഥാനസർക്കാർ ചേർത്തുപിടിക്കുന്പോൾ അദാനിയും അംബാനിയുമടക്കമുള്ള കോർപ്പറേറ്റുകളെയാണ് കേന്ദ്രം സംരക്ഷിക്കുന്നതെന്ന് കേരള കോൺഗ്രസ് സ്‌കറിയ തോമസ് നേതാവ് ബിനോയ് ജോസഫ്. പ്രതിസന്ധിയിലും സംസ്ഥാനസർക്കാർ കിഫ്‌ബി പദ്ധതിയിലൂടെ പണം കണ്ടെത്തി നിരവധി വികസനങ്ങൾ നടപ്പാക്കാനായി.











0 comments