ഇടതുപക്ഷത്തിന് രാഷ്‌ട്രീയ നേട്ടം ; നിലപാടുകളില്ലാത്ത യുഡിഎഫ് വിജയം


സി കെ ദിനേശ്
Published on Jun 24, 2025, 02:59 AM | 1 min read
തിരുവനന്തപുരം
നിലമ്പൂരിലെ വിജയം ഭരണവിരുദ്ധ വികാരമാണെന്നും സംസ്ഥാന ഭരണത്തിലേക്കുള്ള അടിത്തറയാണെന്നുമുള്ള യുഡിഎഫ് വാദം പൊളിച്ച് വോട്ട് കണക്ക്. ഒരു കാലത്ത് കുത്തകയായിരുന്ന മണ്ഡലത്തിൽ രാഷ്‌ട്രീയ നിലപാടുപോലും പറയാനാകാതെ എങ്ങനെയും വോട്ട് സമാഹരിച്ച് ജയിച്ചുകേറേണ്ട ഗതികേടിൽ യുഡിഎഫ് എത്തി. എൽഡിഎഫ് കൃത്യമായ നിലപാട് വ്യക്തമാക്കിയും രാഷ്‌ട്രീയ അന്തസ് വർധിപ്പിച്ചും വരുന്ന തെരഞ്ഞെടുപ്പുകളിലേക്ക് നിക്ഷേപമൊരുക്കി.
ഒരു രാഷ്ട്രീയ സത്യസന്ധതയും ഇല്ലാതെ മുസ്ലിം, ഹിന്ദുത്വ വർഗീയതകളുടെ സഹായത്തോടെയുള്ള വിജയമെന്ന് യുഡിഎഫും ഫലത്തിൽ സമ്മതിക്കുന്നുണ്ട്. എന്നിട്ടും 2021ൽ വി വി പ്രകാശ് നേടിയ 78,527 വോട്ട് നേടാൻ ആര്യാടൻ ഷൗക്കത്തിനായില്ല. ഷൗക്കത്ത് കാലുവാരിയെന്ന ആക്ഷേപമുള്ള തെരഞ്ഞെടുപ്പായിരുന്നു 2021ലേത്. ഇക്കുറി മൂവായിരത്തോളം വോട്ട് അധികം പോൾ ചെയ്തപ്പോഴും യുഡിഎഫിന് വോട്ട് കുറഞ്ഞു.
പി വി അൻവർ നേടിയ 19,760 വോട്ടിന്റെ അടിത്തറ ഒമ്പത് വർഷം എൽഡിഎഫ് സർക്കാരിന്റെ ഭാഗമായിനിന്ന എംഎൽഎ എന്ന നിലയിൽ ലഭിച്ചതാണ്. അതെല്ലാം ഭരണവിരുദ്ധ വോട്ടോ യുഡിഎഫിന് കിട്ടേണ്ട വോട്ടോ ആയിമാത്രം കാണാനാകില്ല.
രണ്ടാം പിണറായി സർക്കാർ വന്നശേഷം നടന്ന ഉപതെരഞ്ഞെടുപ്പുകളിൽ നാലുവർഷത്തിനിടെ യുഡിഎഫിന് സ്വന്തം സീറ്റുകൾ നിലനിർത്താനേ സാധിച്ചുള്ളൂ. നിലമ്പൂരും അതിന്റെ തുടർച്ച മാത്രം. എൽഡിഎഫ് നടത്തിയ സ്വതന്ത്ര പരീക്ഷണത്തിൽ രണ്ടുതവണയും അൻവർ യുഡിഎഫിന് കിട്ടേണ്ടിയിരുന്ന വോട്ടുകൾ നേടിയിട്ടുണ്ടെന്നതുതന്നെ കാരണം.
ഇത്തവണ സിപിഐ എം ചിഹ്നത്തിൽ മത്സരിച്ചപ്പോൾ അക്ഷരാർഥത്തിൽ മഴവിൽ സഖ്യമുണ്ടാക്കേണ്ടിവന്നു യുഡിഎഫിന്. എൽഡിഎഫ് മുന്നോട്ടുവച്ച വികസന രാഷ്‌ട്രീയത്തിനും വർഗീയ വിരുദ്ധ നിലപാടിനും അവർ മറുപടി പറഞ്ഞില്ല. മറിച്ച് വിവാദങ്ങൾ കുത്തിപ്പൊക്കി. തെറ്റിദ്ധരിപ്പിക്കുന്ന പ്രചാരത്തിന് മേൽക്കൈ നൽകി.
ചതുഷ്‌കോണ മത്സരത്തിലും അതിശക്ത രാഷ്‌ട്രീയ മത്സരം കാഴ്‌ചവച്ച എൽഡിഎഫ് മണ്ഡലത്തിലെ അടിസ്ഥാന വോട്ട് നിലനിർത്തി.
അൻവറിനെ കൂടെനിർത്തുന്നത് സംബന്ധിച്ച ചർച്ചയാകും ഇനി കോൺഗ്രസിൽ രൂക്ഷമാകുകയെന്നും ഫലം തെളിയിക്കുന്നു. അടച്ചവാതിൽ തുറക്കേണ്ടിവരുമെന്ന് കെപിസിസി പ്രസിഡൻറ് സണ്ണി ജോസഫ് സൂചിപ്പിച്ചതിനെ പ്രതിപക്ഷ നേതാവ് വി ഡി സതീശനോ വിജയിച്ച ആര്യാടൻ ഷൗക്കത്തോ അനുകൂലിച്ചിട്ടില്ല.









0 comments