print edition വിജയത്തുടർച്ചയ്ക്ക് എൽഡിഎഫ് ; തർക്കത്തിൽ മുങ്ങി യുഡിഎഫ്

തിരുവാർപ്പിലെ അനുപമ ടെക്-സ്റ്റെെൽസിൽ ചിഹ്നംപതിച്ച മുണ്ടുകൾ വിൽപ്പനയ്ക്കായി എത്തിയപ്പോൾ
മുഹമ്മദ് ഹാഷിം
Published on Nov 26, 2025, 03:00 AM | 1 min read
കോട്ടയം
കഴിഞ്ഞ തദ്ദേശതെരഞ്ഞെടുപ്പിൽ ത്രസിപ്പിക്കുന്ന വിജയവുമായി മധ്യകേരളത്തിൽ ഇടതുകോട്ടയായി മാറിയതാണ് കോട്ടയം. സീറ്റുവിഭജനവും സ്ഥാനാർഥിനിർണയവും പൂർത്തിയാക്കി പ്രചാരണത്തിൽ കുതിക്കുന്ന എൽഡിഎഫ് ജില്ലയിൽ വിജയത്തുടർച്ചയാണ് പ്രതീക്ഷിക്കുന്നത്. തെരഞ്ഞെടുപ്പ് പ്രഖ്യാപനത്തിനുമുന്പേ എൽഡിഎഫ് മുന്നൊരുക്കം തുടങ്ങിയിരുന്നു. 1431 വാർഡുകളിലും നടന്ന ജനകീയ സദസ്സുകളിൽ ആയിരങ്ങൾ പങ്കെടുത്തു.
തദ്ദേശ ഭരണസമിതികൾ നടത്തിയ വികസന, ക്ഷേമപദ്ധതികളും ഭൂപതിവ് ചട്ട ദേദഗതി നിയമം, വന്യജീവി സംരക്ഷണ നിയമഭേദഗതി, റബറിന് താങ്ങുവില 200 രൂപയാക്കിയത്, നെല്ല് സംഭരണത്തിനുള്ള നടപടി, കിടങ്ങൂരിൽ പൊതുമേഖലയിൽ ആധുനിക റൈസ് മിൽ എന്നിങ്ങനെ സർക്കാരിന്റെ വികസന നേട്ടങ്ങൾ എൽഡിഎഫിന് കരുത്തേകുന്നു. ജില്ലാപഞ്ചായത്തിൽ എൽഡിഎഫിൽ സിപിഐ എമ്മും കേരള കോൺഗ്രസ് എമ്മും ഒന്പതുവീതം ഡിവിഷനുകളിൽ മത്സരിക്കുന്നു. സിപിഐ നാലിടത്തും ഒരിടത്ത് പൊതുസ്വതന്ത്രയും മത്സരിക്കുന്നു.

യുഡിഎ-ഫിലെ സീറ്റ് വിഭജന തർക്കവും നേതാക്കളുടെയടക്കം കൊഴിഞ്ഞുപോക്കും മുതിർന്ന നേതാക്കളായ തിരുവഞ്ചൂർ രാധാകൃഷ്‌ണനും കെ സി ജോസഫിനും കൈകാര്യം ചെയ്യാനാകുന്നില്ല. പുതുപ്പള്ളിയിൽ സീറ്റ് നിഷേധിക്കപ്പെട്ടവർ വെല്ലുവിളി ഉയർത്തുന്നു. ദിവസങ്ങൾ നീണ്ട സമ്മർദത്തിനൊടുവിൽ ജില്ലാപഞ്ചായത്തിൽ മുസ്ലിംലീഗിന് വൈക്കം സീറ്റ് നൽകിയെങ്കിലും തോൽവി ഉറപ്പായ ഡിവിഷൻ വേണ്ടെന്നുപറഞ്ഞ് കൈയൊഴിഞ്ഞു.
മുണ്ടക്കയം അല്ലെങ്കിൽ എരുമേലി സീറ്റാണ് മുസ്ലിംലീഗ് ചോദിച്ചത്. വെള്ളൂർ സീറ്റ് നൽകിയതിൽ പ്രതിഷേധിച്ച് കേരള കോൺഗ്രസ് ജോസഫ് വിഭാഗം മത്സരിക്കുന്നില്ലെന്ന് അറിയിച്ചു. ഇരുസീറ്റുകളിലും കോൺഗ്രസ് മത്സരിക്കും. ഇൗരാറ്റുപേട്ട നഗരസഭ, കാഞ്ഞിരപ്പള്ളി പഞ്ചായത്ത് എന്നിവിടങ്ങളിൽ യുഡിഎഫ് പിന്തുണയിൽ വെൽഫെയർ പാർടി മത്സരിക്കുന്നുണ്ട്. കോട്ടയം, ഏറ്റുമാനൂർ, ഇൗരാറ്റുപേട്ട, വൈക്കം നഗരസഭകളിലെ യുഡിഎഫ് ഭരണത്തിലെ അഴിമതിയും കെടുകാര്യസ്ഥതയും നാടാകെ ചർച്ചയാണ്. എൻഡിഎ ക്യാന്പിൽ സ്ഥാനാർഥിനിർണയത്തിൽ തുടങ്ങിയ ബിജെപി, ബിഡിജെഎസ് തർക്കം തുടരുകയാണ്. ചങ്ങനാശേരി നഗരസഭയിലും പള്ളിക്കത്തോട് പഞ്ചായത്തിലും കൂടുതൽ സീറ്റുകൾ അനുവദിക്കാത്തതിനാൽ ബിഡിജെഎസ് വിട്ടുനിൽക്കുന്നു.
നിരവധി നേതാക്കളും പ്രവർത്തകരും കോൺഗ്രസും ബിജെപിയും വിട്ടു. ബിജെപി ജില്ലാകമ്മിറ്റി അംഗമായ മായ നായർ, കോൺഗ്രസ് നേതാവ് ജിം അലക്‌സ്, കേരള കോൺഗ്രസ് യൂത്ത് ഫ്രണ്ട് ജെ ജനറൽ സെക്രട്ടറി ജോമോൻ ഇരുപ്പക്കാട്ട്, മഹിളാ കോൺഗ്രസ് നേതാവ് ഷാർലറ്റ് ജോസഫ് തുടങ്ങി നിരവധി പ്രമുഖർ എൽഡിഎഫിലെത്തി.










0 comments