പ്രതിസന്ധികൾ മറികടന്നുള്ള കുതിപ്പ്
തുടരാം കരുത്തോടെ ; സർക്കാരിന് ജനങ്ങളുടെ അടിയുറച്ച പിന്തുണ

കോഴിക്കോട്
കേരളത്തിന് ആവശ്യമായതും ജനങ്ങൾ ആഗ്രഹിക്കുന്നതുമായ കാര്യങ്ങൾ മികച്ച രീതിയിൽ തുടരാൻ എല്ലാവരും ഒറ്റക്കെട്ടായി നിൽക്കുന്ന മുഹൂർത്തമാണിതെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ. ഈ കൂട്ടായ്‌മയും ആത്മസമർപ്പണവും കൂടുതൽ കരുത്തോടെ തുടരാം. പ്രതിസന്ധികളിൽ ഉലയാതെ നാടിനായി നിലകൊള്ളാൻ എൽഡിഎഫ് സർക്കാരിന് കഴിഞ്ഞു. ആ നിശ്ചയദാർഢ്യത്തിന്റെ ഫലമാണ് പത്താംവർഷത്തിലേക്ക് കടക്കുമ്പോൾ ജനങ്ങൾക്ക് മുന്നിൽ നിരത്താനുള്ള നേട്ടങ്ങൾ. ഒട്ടും അനായാസമല്ലാത്ത യാത്രയിൽ അനേകം പ്രതിബന്ധങ്ങൾ പ്രളയങ്ങളായും മഹാമാരികളായും അലയടിച്ചപ്പോൾ സ്ഥൈര്യപൂർവം നേരിടാനായി.
കേന്ദ്രനയങ്ങൾ സൃഷ്‌ടിച്ച സാമ്പത്തിക വിഷമത്തിനിടയിലും തനത് വരുമാനം വർധിപ്പിക്കാൻ ഫലപ്രദമായ നടപടികൾ സ്വീകരിക്കാനായി. തനത് നികുതി വരുമാന വളർച്ച 71.66 ശതമാനം ആയി ഉയർന്നു. പ്രതിസന്ധികളെല്ലാം മറികടന്ന് കേരളം കുതിക്കുകയാണ്. സാമ്പത്തിക പുരോഗതിയും സാമൂഹ്യനീതിയും ഉറപ്പാക്കി വികസിത രാജ്യങ്ങൾക്ക് സമാനമായ നിലയിലേക്ക് കേരളത്തെ ഉയർത്തുകയെന്ന ലക്ഷ്യമാണ് സർക്കാർ ഏറ്റെടുത്തിട്ടുള്ളത്. സുസ്ഥിരവും സമത്വപൂർണവുമായ വിജ്ഞാന സമ്പദ്‌വ്യവസ്ഥയിലേക്ക് നാം മുന്നേറുകയാണ്. ആ നവകേരളം യാഥാർഥ്യമാക്കാൻ കേരള ജനത അടിയുറച്ച പിന്തുണയാണ് സർക്കാരിന് നൽകുന്നത്– മുഖ്യമന്ത്രി പറഞ്ഞു. വാർത്താസമ്മേളനത്തിൽ മന്ത്രിമാരായ പി എ മുഹമ്മദ് റിയാസ്, രാമചന്ദ്രൻ കടന്നപ്പള്ളി, എ കെ ശശീന്ദ്രൻ എന്നിവരും പങ്കെടുത്തു.
പ്രോഗ്രസ് കാർഡ് 23ന്
പ്രകടനപത്രികയിലെ വാഗ്‌ദാനങ്ങൾ നടപ്പാക്കുന്നതിലെ പുരോഗതി പൊതുസമൂഹത്തിന് മുന്നിൽ സമർപ്പിക്കുന്ന പ്രോഗ്രസ് റിപ്പോർട്ട് വെള്ളിയാഴ്‌ച തിരുവനന്തപുരത്ത് വാർഷികാഘോഷ സമാപന റാലിയിൽ പ്രകാശിപ്പിക്കും
പ്രതിസന്ധികൾ മറികടന്നുള്ള കുതിപ്പ്
നിരവധി മേഖലയിൽ ഒന്നാമതായ കേരളം പ്രതിസന്ധികൾ മറികടന്ന് കുതിക്കുകയാണെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ. 2021ലെ പബ്ലിക് അഫയേഴ്‌സ് ഇൻഡെക്‌സ്, കേന്ദ്ര വിദ്യാഭ്യാസ മന്ത്രാലയത്തിന്റെ മികവിന്റെ സൂചിക, നിതി ആയോഗിന്റെ ആരോഗ്യസൂചിക, ഏറ്റവും കൂടുതൽ സൗജന്യ ചികിത്സ നൽകിയ സംസ്ഥാനം, ഇന്ത്യ ടുഡേയുടെ ഹാപ്പിനെസ് ഇൻഡക്‌സ് സർവേ എന്നിവയിലെല്ലാം ഒന്നാമതെത്താൻ കേരളത്തിനായി.
രാജ്യത്തെ ആദ്യ സൂപ്പർ ഫാബ് ലാബ്, ഡിജിറ്റൽ സർവകലാശാല, ഗ്രഫീൻ സെന്റർ, ഡിജിറ്റൽ സയൻസ് പാർക്ക്, വാട്ടർ മെട്രോ എന്നിവയെല്ലാം ഒമ്പതുവർഷത്തിൽ കേരളം നേടിയതാണ്– മുഖ്യമന്ത്രി പറഞ്ഞു.









0 comments