തദ്ദേശസ്ഥാപനങ്ങളെ ശാക്തീകരിച്ചത് എൽഡിഎഫ്
print edition ക്ഷേമം, വികസനം സമാധാനം ; കുതിക്കാൻ എൽഡിഎഫ്


സി കെ ദിനേശ്
Published on Nov 11, 2025, 03:52 AM | 2 min read
തിരുവനന്തപുരം
തദ്ദേശ തെരഞ്ഞെടുപ്പിന് ഒൗദ്യോഗിക പ്രഖ്യാപനം വന്നു. ഇനി 30 ദിവസം കേരളം തെരഞ്ഞെടുപ്പ് പ്രചാരണങ്ങളിലേക്ക് ഇറങ്ങും. വിവിധ മുന്നണികൾ സ്ഥാനാർഥികളെ നിശ്‌ചയിക്കുന്ന തിരക്കിലാണ്. ഇനി ജനങ്ങളിലേക്ക്.
എൽഡിഎഫ് തികഞ്ഞ ആത്മവിശ്വാസത്തിലാണ് ജനങ്ങളെ സമീപിക്കുന്നത്.
ജനങ്ങളുടെ ഭാവിക്കായി പ്രദേശിക അധികാരം കാര്യക്ഷമമായി വിനിയോഗിക്കാൻ കഴിഞ്ഞുവെന്നതാണ് പ്രധാനനേട്ടം. ഭൂരിപക്ഷം പ്രദേശങ്ങളിലും എൽഡിഎഫ് സ്ഥാനാർഥികൾ രംഗത്തിറങ്ങിക്കഴിഞ്ഞു. ചിലയിടങ്ങളിൽ ഒൗദ്യോഗിക പ്രഖ്യാപനം മാത്രം ബാക്കി. യുവാക്കളും പരിചയസന്പന്നരും സ്‌ത്രീകളും ഉൾപ്പെടെ മികച്ച നിരയാണ് എൽഡിഎഫ് മുന്നോട്ടുവയ്‌ക്കുന്നത്.
ത്രിതല പഞ്ചായത്തുകളെ ജനകീയമാക്കുന്ന പ്രക്രിയ ഏറ്റവും കരുത്താർജിച്ചത് എൽഡിഎഫ് ഭരിക്കുന്പോഴാണ്. നിലവിലുള്ള 1200 തദ്ദേശ സ്ഥാപനങ്ങളിൽ 755ലും എൽഡിഎഫ് ഭരണം. ഗ്രാമ, നഗരമേഖലകൾ ഇടതോരം ചേർന്ന കാഴ്‌ചയാണ് കഴിഞ്ഞ രണ്ട് തദ്ദേശ തെരഞ്ഞെടുപ്പിലും കണ്ടത്. പ്രാദേശികതലത്തിലുണ്ടായ വികസനക്കുതിപ്പുകൾ ഇൗ തരംഗത്തെ കൂടുതൽ ശക്തമാക്കുന്നു.
സർക്കാർ എങ്ങനെയാണ് തദ്ദേശ സ്ഥാപനങ്ങളെ കാണുന്നത് എന്നതിന് ഉദാഹരണമാണ് 2011 –16 കാലത്തെയും കഴിഞ്ഞ ഒന്പതര വർഷത്തെയും സമീപനത്തിലെ വ്യത്യാസം. പിണറായി സർക്കാർ ശരാശരി ലക്ഷം കോടിരൂപയാണ് തദ്ദേശ സ്ഥാപനങ്ങൾക്ക് അനുവദിച്ചത്. ഇതിന്റെ നാലിലൊന്നുമാത്രമായിരുന്നു ഉമ്മൻ ചാണ്ടി സർക്കാരിന്റെ കാലത്ത്.
രാജ്യത്തിന് മാതൃകയായി എന്ന് കേന്ദ്ര ഏജൻസികൾ അംഗീകരിച്ച ഒട്ടനവധി പദ്ധതികളോടൊപ്പം ജനങ്ങൾക്ക് നൽകിയ വാഗ്‌ദാനം പാലിച്ചുമാണ് നിലവിലെ ഭരണം മുന്നേറുന്നത്. പശ്ചാത്തല വികസനം, വ്യാവസായിക വികസനം, പൊതു–ഉന്നത വിദ്യാഭ്യാസ മേഖലയിലെ പുരോഗതി എന്നിങ്ങനെ ചരിത്രത്തിൽത്തന്നെ അടയാളപ്പെടുത്തിയ മാറ്റങ്ങളാണുണ്ടായത്. ക്ഷേമ പെൻഷൻ വർധനയും സ്‌കീം തൊഴിലാളികളടക്കം എല്ലാ സേവന മേഖലയിലുമുള്ളവർക്ക് ശമ്പള വർധനയും നടപ്പാക്കി. അവശർക്കും നിരാശ്രയർക്കും പാവങ്ങൾക്കും ഒപ്പം സർക്കാരുണ്ട് എന്നത് ജനങ്ങളുടെ അനുഭവതലത്തിലുള്ളതാണ്. അതിദരിദ്രരില്ലാത്ത സംസ്ഥാനം എന്ന നേട്ടം ലോകംതന്നെ ഉറ്റുനോക്കുന്നു. ഏറ്റവും മികച്ച ക്രമസമാധാനം ഉറപ്പുവരുത്തിയ കാലഘട്ടം കൂടിയാണിത്.
എൽഡിഎഫ് പൂർണ സജ്ജം : എം വി ഗോവിന്ദൻ
തദ്ദേശ തെരഞ്ഞെടുപ്പ് നേരിടാൻ എൽഡിഎഫ് പൂർണസജ്ജമെന്ന് സിപിഐ എം സംസ്ഥാന സെക്രട്ടറി എം വി ഗോവിന്ദൻ. എല്ലാ ജില്ലകളിലും സ്ഥാനാർഥികളെ നിശ്ചയിച്ചുകഴിഞ്ഞു. എൽഡിഎഫ് ഏകോപിതമായി മത്സരിക്കും.
എല്ലായിടത്തും എൽഡിഎഫ് സ്വാധീനം വർധിപ്പിക്കും. മികച്ച സ്ഥാനാർഥികളാണ് രംഗത്തുള്ളത്. കഴിഞ്ഞതവണത്തേക്കാൾ സീറ്റും തദ്ദേശസ്ഥാപനങ്ങളും ഇക്കുറി എൽഡിഎഫ് നേടും. യുഡിഎഫിൽ പ്രശ്‌നങ്ങളാണ്. എൽഡിഎഫിൽ അത്തരം തർക്കങ്ങളോ പ്രശ്‌നങ്ങളോ ഇല്ല. ആരോഗ്യമേഖലയ്‌ക്കെതിരായ ആരോപണങ്ങൾ കനുഗോലു സിദ്ധാന്തമാണ്. അതിനനുസരിച്ചാണ് ആക്ഷേപങ്ങൾ ഉന്നയിക്കുന്നത്. ഏതു ചെറിയ കാര്യവും ഉൗതിപ്പെരുപ്പിക്കുകയാണ്.
വിജയം സുനിശ്‌ചിതം : ബിനോയ് വിശ്വം
എൽഡിഎഫ് വിജയം സുനിശ്‌ചിതമാണെന്ന് സിപിഐ സംസ്ഥാന സെക്രട്ടറി ബിനോയ് വിശ്വം. സിപിഐയും എൽഡിഎഫും പൂർണസജ്ജമാണ്. പ്രവർത്തകർ ഏറ്റവും താഴെത്തലംവരെ ഒരേ മനസ്സോടെയാണ് പ്രവർത്തിക്കുന്നത്. അധികാര വികേന്ദ്രീകരണത്തിന്റെ രാഷ്‌ട്രീയം ആരെക്കാളും ഉൾക്കൊണ്ടതും പ്രാവർത്തികമാക്കിയതും ഇടതുപക്ഷമാണ്.
കേരളത്തിന്റെ നേട്ടം ചർച്ചയാകും : ടി പി രാമകൃഷ്‌ണൻ
സർക്കാർ ചെയ്‌ത കാര്യങ്ങൾ ജനം വിലയിരുത്തുമെന്ന് എൽഡിഎഫ് കൺവീനർ ടി പി രാമകൃഷ്‌ണൻ. തെരഞ്ഞെടുപ്പിന് എൽഡിഎഫ് സജ്ജമാണ്. കേരളം കൈവരിച്ച നേട്ടം ഉയർത്തിക്കാട്ടി തെരഞ്ഞെടുപ്പിനെ നേരിടും. നേട്ടങ്ങൾ ചർച്ചയാകും. കേരളത്തിന്റെ നല്ല ഭാവിക്ക് എൽഡിഎഫ് വീണ്ടും അധികാരത്തിൽ വരണം.
ആരുമായും രഹസ്യധാരണയില്ല, അന്തർധാരയുമില്ല. മതനിരപേക്ഷ കക്ഷികളുമായി മാത്രം ബന്ധം. ഘടകകക്ഷികളുമായി തർക്കമില്ല. വർഗീയകക്ഷികളോട് സന്ധിയില്ല. വെൽഫെയർ പാർടിക്കും എസ്‌ഡിപിഐക്കും യുഡിഎഫുമായാണ് ബന്ധം. മറ്റ് പാർടികളിൽനിന്നെത്തുവർ എൽഡിഎഫ് നയം അംഗീകരിച്ചാൽ സഹകരിപ്പിക്കും. എസ്‌ഐആറിനോടുള്ള നിലപാടിൽ മാറ്റമില്ല അദ്ദേഹം പറഞ്ഞു.
എൽഡിഎഫ് അനുകൂല ജനതരംഗമുണ്ടാകും : ജോസ് കെ മാണി
എൽഡിഎഫിന് അനുകൂലമായ ജനതരംഗം ഉണ്ടാകുമെന്ന് കേരള കോൺഗ്രസ് എം ചെയർമാൻ ജോസ് കെ മാണി എംപി. സംസ്ഥാന സർക്കാർ വികസനവും സാമൂഹ്യസുരക്ഷയും ഉറപ്പുവരുത്തിയതിനാൽ വിജയം സുനിശ്ചിതമാണ്. ആഴ്‌ചകൾമുമ്പേ ആരംഭിച്ച വികസന സദസ്സുകൾ ഈ സന്ദേശമാണ് കേരളത്തിന് നൽകിയത്. തികഞ്ഞ കെട്ടുറപ്പോടെയും ഐക്യത്തോടെയുമാണ് എൽഡിഎഫ് തെരഞ്ഞെടുപ്പിനെ നേരിടുന്നത്. 80 ശതമാനം സീറ്റിലും ഘടകകക്ഷികൾ ധാരണയായി. ചില സീറ്റുകളിൽ ചർച്ചകൾ നടക്കുകയാണ്– ജോസ് കെ മാണി പറഞ്ഞു.









0 comments