print edition സ്‌കൂൾ തുറക്കുംമുമ്പ് പാഠപുസ്‌തകം എത്തും; അച്ചടി പൂർത്തിയായി

തിരുവനന്തപുരം: സ്‌കൂൾ തുറക്കും മുമ്പ് കുട്ടികളുടെ കൈയിൽ പാഠപുസ്‌തകം എത്തുമെന്ന എൽഡിഎഫ് സർക്കാരിന്റെ ഉറപ്പ് ഇത്തവണയും പാലിച്ചു. സ്കൂൾ പാഠപുസ്തകങ്ങളുടെ അച്ചടി പൂർത്തിയായി. വിതരണം അവസാനഘട്ടത്തിൽ.
ഒന്ന് മുതൽ 10 വരെ ക്ലാസുകളിലേക്ക് 2026–-27 അധ്യയനവർഷം രണ്ട് ഘട്ടങ്ങളിലായി 5,59,00,000 പുസ്തകങ്ങളാണ് അച്ചടിക്കേണ്ടത്. ഇ തിൽ ആദ്യ വോള്യമായി വിതരണം ചെയ്യേണ്ടത് 3,57,00,000 പുസ്തകങ്ങളാണ്. സ്കൂൾ തുറന്ന് രണ്ട് മാസ ശേഷം ആവശ്യമുള്ള പ്രവർത്തന പാഠപുസ്തകങ്ങളും കൂടി ഒന്നാം വോള്യത്തിൽ ഉൾപ്പെടും.
തമിഴ്, കന്നഡ ഭാഷകളിൽ അടക്കമുള്ള 2,86,00,000 പുസ്തകങ്ങളുടെ അച്ചടിയാണ് പൂർത്തീകരിച്ചത്. ഒരാഴ്ചയ്ക്കകം വിതരണം പൂർത്തിയാകും വിധമാണ് ക്രമീകരണം. ജില്ലാ കേന്ദ്രങ്ങളിൽ നിന്ന് സ്കൂൾ സൊസൈറ്റികൾക്കുള്ള വിതരണം കുടുംബശ്രീ മുഖേനയാണ് നടക്കുന്നത്.
പ്രവൃത്തിപരിചയ പുസ്തകങ്ങളുടെയും അച്ചടി പുരോഗമിക്കുകയാണ്. ഇത് പൂർത്തിയായാൽ ഒക്ടോബർ മുതൽ കുട്ടികൾക്ക് ആവശ്യമായ രണ്ടാം വോള്യം പുസ്തക അച്ചടിയാരംഭിക്കും. അവധി ദിവസങ്ങളിലും വാരാന്ത്യങ്ങളിലും ഉൾപ്പെടെ ജീവനക്കാർ ജോലി ചെയ്താണ് നേട്ടം കൈവരിച്ചതെന്ന് കേരള ബുക്‌സ് ആൻഡ് പ ബ്ലിക്കേഷൻസ് സൊസൈറ്റി എം ഡി സുനിൽ ചാക്കോ പറഞ്ഞു.
പുസ്‌തക അച്ചടിയിൽ പ്രതിസന്ധിയുണ്ടാകാതിരിക്കാൻ വേണ്ട നടപടികൾ എൽഡിഎഫ് സർക്കാർ സമയബന്ധിതമായി സ്വീകരിച്ചിരുന്നു. 2025 ഡിസംബർ മൂന്നാം വാരത്തോടെയാണ് അച്ചടി ജോലികൾ ആരംഭിച്ചത്. തുടർന്ന് ഫെബ്രുവരി 13-ന് മുൻമുഖ്യമന്ത്രി പിണറായി വിജയൻ പാഠപുസ്തക വിതരണത്തിന്റെ സംസ്ഥാനതല ഉദ്ഘാടനം നിർവഹിച്ചിരുന്നു.










0 comments