പകുതിയിലധികം ജനങ്ങൾക്കും നേരിട്ട് പ്രയോജനം
print edition ക്ഷേമപദ്ധതികൾ നാളെമുതൽ പ്രാബല്യത്തിൽ ; വരവേറ്റ് കേരളം

ഒ വി സുരേഷ്
Published on Oct 31, 2025, 03:57 AM | 1 min read
തിരുവനന്തപുരം
പുതുവഴിയിലേക്ക് നാടിനെ നയിക്കാനുള്ള എൽഡിഎഫ് സർക്കാരിന്റെ പുതിയ പ്രഖ്യാപനങ്ങൾ ഹൃദയത്തിലേറ്റി കേരളം. രാജ്യം അതിശയത്തോടെ ഉറ്റുനോക്കുന്ന പദ്ധതികൾ അടങ്ങുന്ന പ്രഖ്യാപനമാണ് മുഖ്യമന്ത്രി പിണറായി വിജയൻ നടത്തിയത്. സംസ്ഥാനത്തെ പകുതിയിലധികം ജനങ്ങൾക്കും നേരിട്ട് ഇതിന്റെ പ്രയോജനം ലഭിക്കും. സർക്കാരിന്റെ കരുതലിൻ വാക്കുകൾ കേട്ടറിഞ്ഞ ആ ജനത അതിയായ ആഹ്ലാദമാണ് പ്രകടിപ്പിച്ചത്. തെരുവുകളിൽ പ്രകടനങ്ങളും മധുരവിതരണവും നടത്തിയും സംഘടനകൾ അതിനെ വരവേറ്റു. സമൂഹ്യ മാധ്യമങ്ങളിൽ പ്രതികരണങ്ങളായും മനസറിഞ്ഞ വാക്കുകളായും അത് പ്രതിഫലിച്ചു.
62 ലക്ഷം പേർക്ക് ക്ഷേമ പെൻഷനായും 32 ലക്ഷത്തോളം വനിതകൾക്ക് സുരക്ഷാ പെൻഷനായും അഞ്ചു ലക്ഷം യുവജനങ്ങൾക്ക് സ്‌കോളർഷിപ്പായും സഹായം കൈകളിലെത്തും. ഇതിനൊപ്പം എല്ലാ വിഭാഗം ജനങ്ങൾക്കും കരുതലാകുന്ന പ്രഖ്യാപനങ്ങളും ഇടംപിടിച്ചു. ജീവനക്കാരും പെൻഷൻകാരും തൊഴിലാളികളും വിദ്യാർഥികളും പുതിയ പ്രഖ്യാപനങ്ങളുടെ ഗുണഭോക്താക്കളിലുണ്ട്.
എല്ലാ വിഭാഗം ജനങ്ങളുടെയും ചേർത്തുപിടിച്ച് എങ്ങനെ പ്രവർത്തിക്കാനാകും എന്ന് തെളിയിക്കുകയാണ് എൽഡിഎഫ് സർക്കാർ വീണ്ടും. എല്ലാ വികസന പദ്ധതികളെയും എതിർക്കുമെന്നും ക്ഷേമപെൻഷൻ കൈക്കൂലിയാണെന്നും പ്രകടനപത്രികയിൽ പറഞ്ഞത് നടപ്പാക്കണമെന്ന വാശിവേണ്ടെന്നും പറയുന്ന പ്രതിപക്ഷ നിലപാടുകളെ തള്ളിയാണ് സർക്കാരിന്റെ സുപ്രധാന പ്രഖ്യാപനങ്ങളുണ്ടായത്. സംസ്ഥാനത്തെ സാമ്പത്തികമായി വരിഞ്ഞുമുറുക്കുന്ന കേന്ദ്രനയത്തെയും അതിനെ പിന്തുണയ്‌ക്കുന്ന യുഡിഎഫിന്റെയും നിലപാടുകളെ അതിജീവിച്ചാണ് തീരുമാനം.
പ്രഖ്യാപനങ്ങളെല്ലാം മാസങ്ങൾക്കപ്പുറം നീട്ടിവയ്‌ക്കാതെ കേരളപ്പിറവിദിനമായ നവംബർ ഒന്നിന് നിലവിൽവരും. വാഗ്‌ദാനം നൽകി പോകുന്ന സർക്കാരല്ലിത് എന്നും ധനവകുപ്പിന് നല്ല ആത്മവിശ്വാസമുണ്ടെന്നും ധനമന്ത്രി കെ എൻ ബാലഗോപാൽ വ്യക്തമാക്കിയിട്ടുണ്ട്. ഭരണത്തുടർച്ചയിലൂടെ ജനങ്ങൾ നൽകിയ ധൈര്യത്തിലാണ് ഏതു പ്രതിസന്ധിയേയും മറികടക്കുന്നതെന്ന് മുഖ്യമന്ത്രിയും വ്യക്തമാക്കി.
ക്ഷേമപെൻഷൻകാർ, സ്‌ത്രീകൾ, യുവജനങ്ങൾ, ആശമാർ, അങ്കണവാടി ജീവനക്കാർ, സ്‌കൂൾ പാചകത്തൊഴിലാളികൾ, പ്രി– പ്രൈമറി അധ്യാപകർ, ഗസ്‌റ്റ് ലക്‌ചറർമാർ, സംസ്ഥാന ജീവനക്കാരും പെൻഷൻകാരും തുടങ്ങി എല്ലാവിഭാഗത്തിനും സന്തോഷംനിറഞ്ഞ കേരളപ്പിറവിദിനമാണ് വരുന്നത്.









0 comments