ൽഡിഎഫിനെ ഹൃദയത്തിലേറ്റി ഉരുൾ അതിജീവിതർ
print edition കണ്ണീരൊപ്പിയവർക്കൊപ്പം ചൂരൽമല

മേപ്പാടി പഞ്ചായത്തിൽ വിജയിച്ച എൽഡിഎഫ് സ്ഥാനാർഥികളായ സി സീനത്ത് (പുത്തുമല), ഷൈജ ബേബി (അട്ടമല), കെ കെ സഹദ് (ചൂരൽമല) എന്നിവർക്ക് ചൂരൽമല അങ്ങാടിയിൽ നൽകിയ സ്വീകരണം

അജ്‌നാസ് അഹമ്മദ്
Published on Dec 14, 2025, 03:22 AM | 1 min read
ചൂരൽമല
ഉരുളിൽ ചിന്നിച്ചിതറിയ ജീവിതങ്ങളെ പൊന്നുപോലെ കാത്തുരക്ഷിച്ച ഹൃദയപക്ഷത്തെ ദുരന്തം അതിജീവിച്ച മനുഷ്യർ ചേർത്തണച്ചു. ദുരന്തം അപ്പാടെ ഉലച്ച മേപ്പാടി പഞ്ചായത്തിലെ ചൂരൽമല, അട്ടമല, പുത്തുമല വാർഡുകളിലാണ് എൽഡിഎഫ് വിജയക്കൊടി പറത്തിയത്. മുന്പ് യുഡിഎഫ് വിജയിച്ച വാർഡുകളാണിവ. കോൺഗ്രസിന്റെയും കേന്ദ്രസർക്കാരിന്റെയും വഞ്ചനയ്‌ക്കെതിരെ ദുരന്തബാധിത പ്രദേശങ്ങളിലെ ജനത വിധിയെഴുതി. മേപ്പാടി പഞ്ചായത്തിൽ ഭരണം യുഡിഎഫ് നിലനിർത്തി.
‘വീടിന്റെ അടിത്തറവരെ ഒലിച്ചുപോയ ഞങ്ങൾക്ക് ടൗൺഷിപ്പ് ഒരുക്കുന്നവരാണ്. ജീവനോപാധി തന്ന് സംരക്ഷിക്കുന്നവരാണ്. ഇപ്പോഴും സർക്കാരാണ് വാടക നൽകി താമസിപ്പിക്കുന്നത്. ഇവരെയല്ലാതെ ഞങ്ങൾ ആരെ ജയിപ്പിക്കണം’–ചൂരൽമലയിലെ ആഹ്ലാദ പ്രകടനത്തിൽ വിജയിച്ച സ്ഥാനാർഥികൾക്ക് മുത്തം നൽകി, മുണ്ടക്കൈയിലെ ജിതിക പറഞ്ഞു.
രക്ഷാപ്രവർത്തനം മുതൽ താങ്ങും തണലുമായി മുന്നിൽനിന്ന പഞ്ചായത്ത് മുൻ പ്രസിഡന്റും സിപിഐ എം കൽപ്പറ്റ ഏരിയാ കമ്മിറ്റി അംഗവുമായ കെ കെ സഹദാണ് മുണ്ടക്കൈ, ചൂരൽമല വാർഡുകൾ ഒന്നിച്ചാക്കിയ ചൂരൽമല 11–ാം വാർഡിൽ വിജയിച്ചത്. ദുരന്തത്തിൽ ഉറ്റവരും നാട്ടുകാരും നഷ്‌ടമായിട്ടും പതറാതെ, മോർച്ചറിയിൽ സേവനം നൽകിയ ഷൈജാ ബേബിയെ അട്ടമലയും സിപിഐ എം ചൂരൽമല ലോക്കൽ കമ്മിറ്റി അംഗം സി സീനത്തിനെ പുത്തുമലയും നെഞ്ചേറ്റി.
മണ്ണിൽനിന്നെടുത്ത തിരിച്ചറിയാനാകാത്ത മൃതദേഹങ്ങളുടെയും ശരീരഭാഗങ്ങളുടെയും ഇൻക്വസ്റ്റിനും പോസ്റ്റുമോർട്ടത്തിനും സഹായം നൽകാൻ തുടർച്ചയായി 11 ദിവസമാണ് ഷൈജയും സീനത്തും മേപ്പാടിയിലെ കുടുംബാരോഗ്യ കേന്ദ്രത്തിൽ തുടർന്നത്. ദുരന്ത സമയത്തെ സേവനം പരിഗണിച്ച് ഷൈജയ്‌ക്ക് സർക്കാർ കേരളശ്രീ പുരസ്‌കാരം നൽകി.
മേപ്പാടി പഞ്ചായത്തിന്റെ 2015–20 ഭരണസമിതിയിൽ സഹദ് പഞ്ചായത്ത് പ്രസിഡന്റും ഷൈജ വൈസ് പ്രസിഡന്റും സീനത്ത് സ്ഥിരംസമിതി അംഗവുമായിരുന്നു. പുത്തുമലയിൽ 2019ൽ ഉരുൾ പൊട്ടിയപ്പോൾ ദുരന്തവ്യാപ്‌തി കുറയ്‌ക്കുന്നതിൽ ഇവർ നേതൃത്വം നൽകിയ ഭരണസമിതിയുടെ ഇടപെടൽ നിർണായകമായിരുന്നു. ദുരന്തകാലത്ത് വിവാഹം ലളിതമാക്കി മുഖ്യമന്ത്രിയുടെ ദുരിതാശ്വാസനിധിയിലേക്ക് ലക്ഷം രൂപ നൽകിയ എൽഡിഎഫിന്റെ എം ജിതിൻ തൊട്ടടുത്ത വാർഡായ ചുളുക്കയിലും ചെങ്കൊടി പാറിച്ചു.










0 comments