എൽഡിഎഫ് 3.0: ഇടതുപക്ഷ സ്ഥാനാർഥികൾ പത്രിക നൽകി

പി രാജീവ് പത്രിക സമർപ്പിക്കുന്നു|ഫോട്ടോ: വി കെ അഭിജിത്
തിരുവനന്തപുരം: നിയമസഭാ തെരഞ്ഞെടുപ്പിൽ ജനവിധി തേടുന്ന എൽഡിഎഫ് സ്ഥാനാർഥികള്‍ പത്രിക സമര്‍പ്പിച്ചു. മന്ത്രിമാരായ വി ശിവൻകുട്ടി, പി രാജീവ്, പി എ മുഹമ്മദ് റിയാസ് തുടങ്ങിയവർ ഉൾപ്പെടെയാണ് ശനിയാഴ്ച രാവിലെ പത്രിക സമർപ്പിച്ചത്. നേമം മണ്ഡലത്തിലെ സ്ഥാനാർഥി വി ശിവൻകുട്ടി വികാസ് ഭവനിലെ തൊഴിൽ ഭവനിലാണ് പത്രിക സമർപ്പിച്ചത്. മുഹമ്മദ് റിയാസ് ബേപ്പൂർ മണ്ഡലത്തിലും പി രാജീവ് കളമശേരിയിലുമാണ് ജനവിധി തേടുന്നത്. തിങ്കളാണ് പത്രിക നൽകാനുള്ള അവസാന ദിവസം.
പി എ മുഹമ്മദ് റിയാസ് പത്രിക സമർപ്പിക്കുന്നു| ഫോട്ടോ: മുഥുൻ അനില മിത്രിൻ
കോഴിക്കോട് ജില്ലയിലെ എൽഡിഎഫ് സ്ഥാനാർഥികളായ ടി പി രാമകൃഷ്ണൻ, കെ പി കുഞ്ഞമ്മദ്‌കുട്ടി, എം കെ ഭാസ്കരൻ, കെ ദാസൻ, തോട്ടത്തിൽ രവീന്ദ്രൻ, ലിന്റോ ജോസഫ്, പി ടി എ റഹീം, സലീം മടവൂർ, കെ എം സച്ചിൻദേവ്, പി വസന്തം എന്നിവരും പത്രിക നൽകും.
അമ്പലപ്പുഴ മണ്ഡലം എൽഡിഎഫ് സ്ഥാനാർഥി എച്ച് സലാം ഉൾപ്പെടെയുള്ള ആലപ്പുഴ ജില്ലയിലെ മുഴുവൻ മണ്ഡലങ്ങളിലെയും സ്ഥാനാർഥികൾ പത്രിക സമർപ്പിച്ചു. ആലപ്പുഴ മണ്ഡലം സ്ഥാനാർഥി പി പി ചിത്തരഞ്‌ജൻ നേരത്തേ പത്രിക സമർപ്പിച്ചിരുന്നു.
അമ്പലപ്പുഴ മണ്ഡലം എൽഡിഎഫ് സ്ഥാനാർഥി എച്ച് സലാം പത്രിക സമർപ്പിക്കുന്നു| ഫോട്ടോ: കെ എസ് ആനന്ദ്
നിയമസഭാ തെരഞ്ഞെടുപ്പിലെ ധർമ്മടത്ത് നിന്നുള്ള എൽഡിഎഫ് സ്ഥാനാർത്ഥിയായി മുഖ്യമന്ത്രി പിണറായി വിജയൻ കഴിഞ്ഞ ദിവസം നാമനിർദേശപത്രിക സമർപ്പിച്ചിരുന്നു. പിണറായി വിജയന് തെരഞ്ഞെടുപ്പിൽ കെട്ടിവയ്‌ക്കാനുള്ള തുക പത്തനാപുരം ഗാന്ധിഭവൻ ഭാരവാഹികളായ ഡോ. പുനലൂർ സോമരാജൻ, കെ വരദരാജൻ എന്നിവർ കൈമാറി. ഗാന്ധിഭവനിലെ അമ്മമാർ നൽകിയ തുകയാണിത്.
കഴിഞ്ഞ രണ്ടു തവണയും ഗാന്ധിഭവനിലെ അമ്മമാർതന്നെയാണ് പിണറായിക്ക് കെട്ടിവയ്‌ക്കാനുള്ള തുക നൽകിയത്. ഇവർ നിർമിക്കുന്ന കരകൗശലവസ്തുക്കളും മറ്റും വിറ്റുകിട്ടിയ തുകയുടെ ഒരുപങ്കാണ് നൽകിയത്.










0 comments