ad
Deshabhimani

സീപോർട്ട്‌ എയർപോർട്ട് റോഡ്: എച്ച്എംടി ഭൂമിക്കായുള്ള 37.9 കോടി രൂപ കൈമാറി

Seaport Airport Road
വെബ് ഡെസ്ക്

Published on Jun 05, 2025, 03:05 PM | 2 min read

കളമശേരി: സീപോർട്ട്‌–എയർപോർട്ട്‌ റോഡ് നിർമാണം കടമ്പകൾ കടന്ന് പിണറായി സർക്കാർ യാഥാർഥ്യമാക്കുന്നു. റോഡിന്റെ രണ്ടാംഘട്ട നിർമ്മാണവുമായി ബന്ധപ്പെട്ട് എച്ച്എംടിയുടെ ഭൂമി ഏറ്റെടുക്കുന്നതിനുള്ള 37.9 കോടി രൂപ (37,90,90662) ബാങ്ക് അക്കൗണ്ടിലേക്ക് കൈമാറിയെന്ന് മന്ത്രി പി രാജീവ് അറിയിച്ചു.


ഭൂമി വില ഹൈക്കോടതിയിൽ കെട്ടിവയ്ക്കുന്നതിന് ഹൈക്കോടതി രജിസ്ട്രാറുടെ പേരിൽ ദേശസാൽകൃത ബാങ്കിൽ അക്കൗണ്ട് തുറന്നിരുന്നു. റോഡ് വികസനത്തിന് ആവശ്യമായ എച്ച്എംടി ഭൂമി ലഭ്യമാക്കുന്നതിന് ദേശസാൽകൃത ബാങ്കിൽ തുക കെട്ടിവെക്കുന്നതിനുള്ള സംസ്ഥാന സർക്കാരിൻ്റെ അപേക്ഷ സുപ്രീംകോടതി നേരത്തെ അനുവദിച്ചിരുന്നു. എറണാകുളം ജില്ലയിലെ ഫ്ളാഗ്ഷിപ്പ് പദ്ധതിയായി കണക്കാക്കി സീ പോർട്ട്-എയർപോർട്ട് റോഡ് നിർമ്മാണം പൂർത്തികരിക്കാനാണ് സർക്കാർ ശ്രമിക്കുന്നത്.


തുറമുഖത്തെയും വിമാനത്താവളത്തെയും എളുപ്പത്തിൽ ബന്ധിപ്പിക്കാനായി 25 വർഷംമുമ്പ് നായനാർ സർക്കാർ രൂപകൽപ്പന ചെയ്ത സീപോർട്ട്‌–എയർപോർട്ട്‌ റോഡാണ് യാഥാർഥ്യമാകുന്നത്. റോഡ് വികസനത്തിനായി എൻഎഡിയിൽനിന്ന് വിട്ടുകിട്ടേണ്ട 2.4967 ഹെക്ടർ ഭൂമിയുടെ വിലയും എൻഎഡി- തൊരപ്പ് റോഡ് വീതി കൂട്ടി നിർമിക്കുന്നതിനും ചുറ്റുമതിൽ നിർമാണത്തിനുമുള്ള തുകയായ 32.26 കോടി രൂപ അനുവദിക്കാൻ കഴിഞ്ഞദിവസം ചേർന്ന മന്ത്രിസഭായോഗം തീരുമാനിച്ചതോടെ നിർമാണത്തിനുള്ള തടസ്സങ്ങൾ മാറിയിരുന്നു.


എൻഎഡിയുടെയും എച്ച്എംടിയുടെയും കൈവശമുള്ള അരക്കിലോമീറ്റർവീതം നീളത്തിലുള്ള ഭൂമി വിട്ടുകിട്ടുന്നതിനായി നടത്തിയ ശ്രമങ്ങളൊന്നും ഫലം കണ്ടിരുന്നില്ല. സുപ്രീംകോടതി നടപടിയിലൂടെയാണ് എച്ച്എംടി ഭൂമി ലഭിച്ചത്. കളമശേരിയിൽനിന്ന് എച്ച്എംടി, എൻഎഡി, മഹിളാലയംവഴി വിമാനത്താവളത്തിലെത്തുന്ന തരത്തിൽ രണ്ടുഘട്ടമായി റോഡ് നിർമിക്കാനാണ് പദ്ധതി. ഒന്നാംഘട്ടം ഇരുമ്പനംമുതൽ എച്ച്എംടി റോഡുവരെയാണ്. നാലു ഭാഗമുള്ള രണ്ടാംഘട്ടത്തിൽ ആദ്യത്തേത്‌ എച്ച്എംടിയുടെ ഭൂമിയാണ്. 500 മീറ്റർ വരുന്ന ഈ ഭാഗം വിട്ടുകിട്ടാൻ 18.77 കോടി രൂപ സുപ്രീംകോടതിയിൽ കെട്ടിവയ്‌ക്കാനായി സർക്കാർ അനുവദിച്ച് തുടർപ്രവർത്തനങ്ങൾ ആരംഭിച്ചു.


രണ്ടാംഭാഗം എച്ച്എംടി കോളനി പ്രദേശത്ത് 2.7 കിലോമീറ്ററിലുള്ള ഭൂമി വ്യക്തികളിൽനിന്ന് ഏറ്റെടുത്ത് റോഡ് നിർമാണം പൂർത്തിയാക്കി. തുടർന്നുള്ള ഭാഗമാണ് എൻഎഡിയുടെ കൈവശമുള്ള 500 മീറ്റർ ഭൂമി.നാലാമത്തെ ഭാഗം എൻഎഡിമുതൽ മഹിളാലയംവരെയും. ഇത് 6.5 കിലോമീറ്റർ വരും. ഈ ഭാഗത്ത് ഭൂമി ഏറ്റെടുക്കുന്നതിന് 619.15 കോടിയും റോഡ് നിർമാണത്തിന് 102.88 കോടി രൂപയും കിഫ്ബിയിൽനിന്ന് അനുവദിച്ച് പ്രവർത്തനം മുന്നേറുകയാണ്. തുടർന്നുള്ള മഹിളാലയംമുതൽ വിമാനത്താവളംവരെയുള്ള 4.5 കിലോമീറ്ററാണ്. ഇതിൽ ചൊവ്വരവരെയുള്ള ഭാഗത്ത് രണ്ടു പാലവും റോഡും പൂർത്തിയായി. തുടർന്നുള്ള ഭാഗം പൂർത്തിയാക്കാൻ 210 കോടി രൂപയുടെ പദ്ധതി സമർപ്പിച്ചു.



deshabhimani section

Related News

View More
0 comments
Sort by

Deshabhimani
Home