print edition ലോ കോളേജ് അസി.പ്രൊഫസർ നിയമനം; ക്രെഡിറ്റടിക്കാൻ ഉത്തരവ് കെെമാറൽച്ചടങ്ങ്

പ്രതീകാത്മക ചിത്രം
തിരുവനന്തപുരം: എൽഡിഎഫ് സർക്കാരിന്റെ സമയത്ത് പരീക്ഷയെഴുതി പിഎസ്‌സി റാങ്ക് ലിസിറ്റിൽ ഉൾപ്പെട്ട ലോ കോളേജ് അസിസ്‌റ്റന്റ് പ്രൊഫസർമാർക്ക് സെക്രട്ടറിയറ്റ് ദർബാർ ഹാളിൽ ചടങ്ങ് സംഘടിപ്പിച്ച് നിയമന ഉത്തരവ് കൈമാറി യുഡിഎഫ് സർക്കാർ. മാർച്ച് 19ന് പ്രസിദ്ധീകരിച്ച റാങ്ക് പട്ടികയിലെ 35 പേർക്കാണ് നിയമന ഉത്തരവ് നൽകിയത്. മുഖ്യമന്ത്രി വി ഡി സതീശൻ ഉദ്‌ഘാടനം ചെയ്‌തു. ഉന്നതവിദ്യാഭ്യാസ മന്ത്രി റോജി എം ജോൺ അധ്യക്ഷനായി. വകുപ്പ് പ്രിൻസിപ്പൽ സെക്രട്ടറി ബി അശോക്, ജോയിന്റ് സെക്രട്ടറി എം നിത എന്നിവർ സംസാരിച്ചു.
റാങ്ക് പട്ടിക പ്രസിദ്ധീകരിച്ച അന്നുമുതൽ പിഎസ്‌സി അഡ്വൈസ് മെമ്മോ അയച്ചുതുടങ്ങിയിരുന്നു. അതത് വകുപ്പുകൾ നിയമന ഉത്തരവ് ഉദ്യോഗാർഥികൾക്ക് നൽകുന്നതാണ് കീഴ്‌വഴക്കം. നിയമന ഉത്തരവുകൾ പൊതുചടങ്ങിൽവച്ച് കൈമാറുന്ന മോദി സർക്കാരിന്റെ റോസ്‌ഗർ മേളകളെ അനുകരിച്ചാണ് ഉന്നതവിദ്യാഭ്യാസ വകുപ്പിന്റെ ആഭിമുഖ്യത്തിൽ പരിപാടി സംഘടിപ്പിച്ചത്. സെക്രട്ടറിയറ്റ് മതിൽക്കെട്ടിന് പുറത്ത് 24 ദിവസമായി സമരം തുടരുന്ന എൽപിഎസ്‌ടി റാങ്ക് ഹോൾഡർമാരുടെ പ്രശ്‌നത്തിൽ പരിഹാരം കാണാൻ തയ്യാറാകാതിരിക്കുന്പോഴാണ് സർക്കാരിന്റെ പിആർ കസർത്ത്. നിയമനം ആവശ്യപ്പെട്ട് കല്ലുപ്പിൽ കുത്തിയിരുന്നും മണ്ണുവാരിത്തിന്നുമെല്ലാം പ്രതിഷേധിച്ചിട്ടും ഉറപ്പ് നൽകാൻ സർക്കാർ തയ്യാറായിട്ടില്ല.
പരീക്ഷയും പട്ടികയും എൽഡിഎഫ് സമയത്ത്
ലോ കോളേജ് അസിസ്‌റ്റന്റ് പ്രൊഫസർ പരീക്ഷ പിഎസ്‌സി നടത്തിയതും പട്ടിക പ്രസിദ്ധീകരിച്ചതും എൽഡിഎഫ് സർക്കാരിന്റെ കാലത്താണെന്ന് മുൻ ഡെപ്യൂട്ടി സ്‌പീക്കർ ചിറ്റയം ഗോപകുമാർ ദേശാഭിമാനിയോട് പറഞ്ഞു. ലോ കോളേജ് അസിസ്‌റ്റന്റ് പ്രൊഫസർ നിയമന ഉത്തരവ് ഏറ്റുവാങ്ങിയ മകൾ എസ് ജി അനുജയ്‌ക്കൊപ്പം ചിറ്റയം ഗോപകുമാറും എത്തിയിരുന്നു. അതത് വകുപ്പുകൾ നിയമന ഉത്തരവ് അയക്കുന്ന കീഴ്‌വഴക്കമാണ് എൽഡിഎഫ് സർക്കാരുകൾ പിന്തുടർന്നിരുന്നതെന്നും അദ്ദേഹം പറഞ്ഞു.










0 comments