print edition ക്രമസമാധാനം തകർന്നു: എം വി ഗോവിന്ദൻ

തിരുവനന്തപുരം: പൊലീസ് കടന്നാക്രമങ്ങളും ഗുണ്ടാ ആക്രമണങ്ങളും കേരളത്തിൽ തുടർക്കഥയാവുകയാണെന്ന് സിപിഐ എം സംസ്ഥാന സെക്രട്ടറി എം വി ഗോവിന്ദൻ. കൊലപാതകങ്ങൾ സംസ്ഥാനത്ത് വ്യാപിക്കുകയാണ്. ഗുണ്ടാസംഘങ്ങളെ നിലയ്‌ക്കുനിർത്താൻ കഴിയാത്ത പൊലീസ് പാവപ്പെട്ടവരെ തല്ലിക്കൊല്ലുകയാണ്. കുണ്ടറയിലെ സിയാദ് പൊലീസ് കസ്റ്റഡി മർദനമേറ്റ് വാരിയെല്ലൊടിഞ്ഞ് മരിച്ചത് ഇതിന് ഒടുവിലത്തെ ഉദാഹരണമാണ് –അദ്ദേഹം വാർത്താസമ്മേളനത്തിൽ പറഞ്ഞു.
പത്തുവർഷം ജനാധിപത്യ സംവിധാനത്തിന്റെ ഭാഗമായി പൊലീസിനെ നിയന്ത്രിച്ച് ഗുണ്ടാവിളയാട്ടങ്ങളെ ഫലപ്രദമായി നേരിടാൻ സാധിച്ചിരുന്നു. അതിനാൽ ഇത്തരം അതിക്രമങ്ങളുണ്ടായില്ല. തികച്ചും വ്യത്യസ്‌തമായ സാഹചര്യമാണിപ്പോൾ. ഗുണ്ടാസംഘങ്ങളുടെ ആക്രമണങ്ങൾ വ്യാപകമായി. അതിനോടൊപ്പം പൊലീസും ഗുണ്ടകളെ പോലെ പെരുമാറുകയാണ്. കുടുംബാംഗങ്ങൾ കേണുപറഞ്ഞിട്ടും നിരപരാധിയായ സിയാദിനെ അറസ്റ്റുചെയ്‌ത് ക്രൂരമായി മർദിച്ചു.
സ്റ്റേഷനിൽ സിസിടിവിയുള്ളതിനാൽ വഴിയിലാണ് നട്ടെല്ലൊടിയുംവിധം മർദിച്ചത്. കുട്ടിയെ കാണാനില്ലെന്ന് പരാതി നൽകിയ കുടുംബം തന്നെ സിയാദ് നിരപരാധിയെന്നു പറഞ്ഞിട്ടും കള്ളക്കേസിൽ കുടുക്കി മർദിച്ച് കൊലപ്പെടുത്തുകയായിരുന്നു. മഞ്ഞപ്പിത്തം ബാധിച്ചാണ് മരണമെന്നാണ് ആഭ്യന്തരമന്ത്രി പറയുന്നത്.
എന്നാൽ നട്ടെല്ലു പൊട്ടി അണുബാധയുണ്ടായതാണ് കാരണമെന്നാണ് ആശുപത്രിരേഖ. കസ്റ്റഡിമരണമെന്ന നിലയിൽ കേസ് സിബിഐ അന്വേഷിക്കണമെന്നാണ് എൽഡിഎഫിന്റെ ആവശ്യം. കാരണക്കാരായ പൊലീസുകാർക്കെതിരെ കർശന നടപടിയെടുക്കണം. സിയാദിന്റെ കുടുംബത്തിന് നഷ്‌ടരിഹാരം നൽകണം.
സർക്കാരിന്റെ നയമനുസരിച്ചാണ് പൊലീസ് പ്രവർത്തിക്കുക. വ്യാപകമായ സ്ഥലംമാറ്റത്തിലൂടെ ക്രിമിനൽ റെക്കോർഡുള്ളവരെ പ്രധാനപ്പെട്ട സ്ഥാനങ്ങളിൽ നിയോഗിക്കുകയാണ് സർക്കാർ. കുണ്ടറയിലെ ഉദ്യോഗസ്ഥനെതിരെ നേരത്തെയും പരാതികളുണ്ടായിരുന്നതായി യുഡിഎഫ് മന്ത്രിമാർക്കുപോലും പറയേണ്ടിവന്നെന്നും എം വി ഗോവിന്ദൻ പറഞ്ഞു.










0 comments