Deshabhimani

നജീബ്‌ കാന്തപുരത്തിന്റെ വാദം പൊളിയുന്നു: മുദ്ര ഫൗണ്ടേഷൻ പണം വാങ്ങിയതിന് തെളിവ്

NAJEEB
avatar
സ്വന്തം ലേഖകൻ

Published on Feb 10, 2025, 12:57 AM | 1 min read

മലപ്പുറം: നജീബ്‌ കാന്തപുരം എംഎൽഎയുടെ നേതൃത്വത്തിലുള്ള ​മുദ്ര ചാരിറ്റബിൾ ഫൗണ്ടേഷൻ ലാപ്‌ടോപ്പും സ്കൂട്ടറും നൽകാൻ വിദ്യാർഥിയിൽനിന്ന് നേരിട്ട് പണം സ്വീകരിച്ചതിന്റെ തെളിവ്‌ പുറത്ത്‌. ബാങ്ക്‌ വഴി മാത്രമാണ്‌ പണം കൈപ്പറ്റിയതെന്ന നജീബിന്റെ വാദം ഇതോടെ പൊളിഞ്ഞു. പല വിദ്യാർഥികളിൽ നിന്നും ഫണ്ട്‌ പണമായി സ്വീകരിച്ചിരുന്നുവെന്ന്‌ വ്യക്തമാക്കുന്ന ക്യാഷ്‌ രസീറ്റുകൾ പുറത്ത്‌ വന്നു.


പെരിന്തൽമണ്ണ പൊന്ന്യാകുര്‍ശി സ്വദേശിനി നിരഞ്ജനയിൽ നിന്ന്‌ പണം നേരിട്ട് സ്വീകരിച്ച്‌, രസീതിൽ "ക്യാഷ്‌' എന്ന് ഇം​ഗ്ലീഷില്‍ എഴുതി നൽകിയിട്ടുണ്ട്‌ . പെരിന്തൽമണ്ണ പൊലീസിൽ ഇവര്‍ നൽകിയ പരാതിയിലും പണം നേരിട്ട് കൈമാറിയതായി പറയുന്നു. പണമടച്ചവര്‍ക്ക് നല്‍കിയ രസീതുകളില്‍ ഫൗണ്ടേഷന്റെ രജിസ്‌ട്രേഷൻ നമ്പരില്ലെന്നും പരാതിയുണ്ട്‌.


മുദ്ര ചാരിറ്റബിൾ ഫൗണ്ടേഷന്‍ ബാങ്ക് അക്കൗണ്ടുവഴിയല്ലാതെ ഒരുരൂപപോലും സ്വീകരിച്ചിട്ടില്ലെന്നാണ്‌ ശനിയാഴ്‌ച പെരിന്തൽമണ്ണയിൽ നടത്തിയ വാർത്താസമ്മേളനത്തിൽ എംഎൽഎ പറഞ്ഞത്. നാഷണൽ എൻജിയോസ്‌ കോൺഫെഡറേഷന്‌ ബാങ്കുവഴിയാണ് പണം നല്‍കിയതെന്നും എംഎല്‍എ അവകാശപ്പെട്ടിരുന്നു. മുദ്ര ചാരിറ്റബിള്‍ ഫൗണ്ടേഷന്‍ പണം വാങ്ങി വഞ്ചിച്ചെന്ന പരാതിയില്‍ നജീബ്‌ കാന്തപുരത്തിനെതിരെ അന്വേഷണം നടക്കുന്നുണ്ട്‌. മൂന്ന് വിദ്യാർഥികള്‍ വെള്ളിയാഴ്ച പരാതി നൽകിയിരുന്നു. കൂടുതൽ പരാതികൾ പുറത്തുവരാതിരിക്കാൻ എംഎൽഎ ഓഫീസ്‌ കേന്ദ്രീകരിച്ച്‌ ഇടപെടല്‍ നടത്തുന്നുണ്ട്.


1.80 കോടി രൂപയുടെ തട്ടിപ്പ്‌ പെരിന്തൽമണ്ണയിൽ നടന്നെന്ന്‌ എംഎൽഎ സമ്മതിക്കുന്നുണ്ട്‌. മൂന്നുകോടിയിലധികം രൂപയുടെ തട്ടിപ്പ് നടന്നിട്ടുണ്ടെന്നാണ്‌ കരുതുന്നത്‌. മുദ്ര ഫൗണ്ടേഷനടക്കം 18 ഏജൻസികളാണ് ജില്ലയിൽ പകുതിവില തട്ടിപ്പിന് ഇടനിലക്കാരായി പ്രവർത്തിച്ചത്.




deshabhimani section

Related News

View More
0 comments
Sort by

Deshabhimani
Home