print edition ദേശീയപാതയോരത്തെ ഭൂമി ഉപയോഗ വിലക്ക്, ലക്ഷങ്ങൾ ദുരിതത്തിലാകും: നിലപാടില്ലാതെ സർക്കാർ


സി കെ ദിനേശ്
Published on Sep 03, 2026, 01:11 AM | 1 min read
തിരുവനന്തപുരം : ദേശീയപാതയ്‌ക്ക് അരികിലെ ഭൂമി ഉപയോഗിക്കുന്നത് വിലക്കിയ സുപ്രീംകോടതിയുടെ ഉത്തരവിൽ സംസ്ഥാന സർക്കാർ തുടരുന്ന നിസ്സംഗത ലക്ഷക്കണക്കിന് വ്യാപാരികളെയും കുടുംബങ്ങളെയും ദോഷകരമായി ബാധിക്കും. ദേശീയപാതയുടെ മധ്യത്തിൽനിന്ന് ഇരുവശത്തേക്കും 40 മീറ്ററിനുള്ളിൽ പാർപ്പിട ആവശ്യത്തിനും 75 മീറ്ററിനുള്ളിൽ വാണിജ്യാവശ്യത്തിനും ഭൂമി ഉപയോഗിക്കുന്നതാണ് വിലക്കിയത്.
വിധിയുടെ പുനപരിശോധനയ്‌ക്കോ ഇളവിനോ കോടതിയെ സമീപിക്കാതെ വിധി നടപ്പാക്കാൻ തദ്ദേശ വകുപ്പ് ഇറക്കിയ ഉത്തരവ് കൂടുതൽ ആശങ്ക സൃഷ്‌ടിക്കുന്നു. സംസ്ഥാനത്ത് നാലര മീറ്റർ ദൂരപരിധിയിൽ നിർമിച്ച സ്ഥാപനങ്ങൾ ഉത്തരവനുസരിച്ച് പൂട്ടേണ്ടിവരും. പുതിയതിന് ലൈസൻസും ലഭിക്കില്ല. ജനസാന്ദ്രത കൂടുതലുള്ള സംസ്ഥാനത്ത് വിധി നടപ്പാക്കിയാൽ ലക്ഷക്കണക്കിന് വ്യാപാരികളെയും കുടുംബങ്ങളെയും പ്രതികൂലമായി ബാധിക്കും. വിധിയുടെ പ്രത്യാഘാതം പഠിക്കാതെയാണ് തദ്ദേശവകുപ്പ് ജൂണിൽ നോട്ടീസിറക്കിയത്.
രാജസ്ഥാനിലും തെലങ്കാനയിലുമുണ്ടായ വാഹനാപകടങ്ങളെത്തുടർന്ന് ഏപ്രിലിൽ കോടതി സ്വമേധയാ എടുത്ത കേസിലാണ് ഇടക്കാല ഉത്തരവ്.
സുപ്രീംകോടതിയെ സമീപിക്കുമെന്ന് പൊതുമരാമത്ത് മന്ത്രി പി കെ ബഷീർ ആഗസ്‌ത് 20ന് പ്രസ്‌താവിച്ചെങ്കിലും കഴിഞ്ഞ ദിവസം കോടതി വിഷയം പരിഗണിച്ചപ്പോഴും സത്യവാങ്‌മൂലം നൽകിയില്ല. വ്യാഴാഴ്‌ച കേസ് വീണ്ടും പരിഗണിക്കുന്നുണ്ട്. സത്യവാങ്‌മൂലം നൽകാൻ ചീഫ് സെക്രട്ടറിയുടെ നിർദേശമുണ്ടെങ്കിലും സർക്കാർ നിലപാട് അഭിഭാഷകരെ അറിയിച്ചിട്ടില്ല.










0 comments