3400 പട്ടികജാതി കുടുംബങ്ങൾക്ക് ഉടൻ ഭൂമി: മന്ത്രി ഒ ആർ കേളു

തിരുവനന്തപുരം: ഒമ്പത് വർഷത്തിനിടെ 34,218 പട്ടികജാതി കുടുംബങ്ങൾക്ക് ഭൂമി ലഭ്യമാക്കിയതായി മന്ത്രി ഒ ആർ കേളു നിയമസഭയിൽ പറഞ്ഞു. ഈ സർക്കാർ വന്നശേഷം 13,531 പട്ടികജാതി വിഭാഗ കുടുംബങ്ങൾക്ക് 757 ഏക്കർ ഭൂമി വിതരണംചെയ്തിട്ടുണ്ട്. ഈ വർഷം 3400 പേർക്കുകൂടി വിതരണംചെയ്യും. ഒമ്പതുവർഷത്തിനുള്ളിൽ 8,278 പട്ടികവർഗ കുടുംബങ്ങൾക്കും ഭൂമി ലഭ്യമാക്കിയിട്ടുണ്ട്– കെ കെ രാമചന്ദ്രന്റെ ശ്രദ്ധക്ഷണിക്കലിന് മറുപടിയായി മന്ത്രി പറഞ്ഞു.
ലൈഫിൽ ഭൂരഹിതരായ പട്ടികജാതി വിഭാഗങ്ങൾക്ക് വീടുനിർമിക്കാൻ പഞ്ചായത്ത് പരിധിയിൽ അഞ്ചു സെന്റ് വാങ്ങാൻ 3.75 ലക്ഷവും നഗരസഭയിൽ മൂന്നു സെന്റിന് 4.50 ലക്ഷവും കോർപറേഷൻ പരിധിയിൽ ആറുലക്ഷവും നൽകുന്നുണ്ട്. ദുർബല വിഭാഗക്കാരായ പട്ടികജാതി വിഭാഗങ്ങൾക്ക് യഥാക്രമം അഞ്ച് ലക്ഷം, ആറു ലക്ഷം, 7.50 ലക്ഷം രൂപയും നൽകുന്നു. കൃഷിഭൂമി വാങ്ങാൻ 10 ലക്ഷം രൂപവരെ അനുവദിക്കുന്നു. ഈ സർക്കാർ വന്നശേഷം 4151 ഭൂരഹിതരായ പട്ടികവർഗ കുടുംബങ്ങൾക്ക് 4542.16 ഏക്കർ ഭൂമി അനുവദിച്ചു.
സ്ഥിരമായി മണ്ണിടിച്ചിൽ, ഉരുൾപൊട്ടൽ ഉണ്ടാകാറുള്ള അരേക്കാപ്പ്, -വീരാൻകുടി ഉന്നതികളിലുള്ളവരെ ചാലക്കുടി മാരാങ്കോട് കശുമാവിൻതോപ്പ് എന്ന സ്ഥലത്ത് പുനരധിവസിപ്പിക്കുകയാണ്. ഇവിടെ വനാവകാശരേഖ ലഭിച്ച 28 കുടുംബങ്ങളിലെ 130 ഓളം പേർ മാരാങ്കോട് കശുമാവിൽ തോപ്പിൽ ഷെഡ് കെട്ടി താമസിക്കുകയാണ്. വീരാൻകൂടിയിൽ കാട്ടുപോത്തിന്റേയും പുലിയുടേയും മറ്റ് വന്യമൃഗങ്ങളുടേയും ആക്രമണം രൂക്ഷമായതിനാൽ ഇവരെ അടിയന്തിരമായി പുനരധിവസിപ്പിക്കേണ്ടതുണ്ടെന്നും മന്ത്രി പറഞ്ഞു.









0 comments