ഗവ. സ്കൂള്‍ അടച്ചുപൂട്ടി ; ലക്ഷദ്വീപ് അഡ്മിനിസ്ട്രേഷനെതിരെ പ്രതിഷേധവുമായി രക്ഷിതാക്കള്‍

ആന്ത്രോത്തിൽ മേച്ചേരി സ്കൂളിലെ വിദ്യാർഥികൾക്ക് മുഹമ്മദ് ഷാഫി ഖുറേഷിയുടെ നേതൃത്വത്തിൽ തെരുവിൽ ക്ലാസെടുക്കുന്നു
ആന്ത്രോത്ത്
ലക്ഷദ്വീപ് ആന്ത്രോത്തിലെ മേച്ചേരി ഗവ. ജൂനിയർ ബേസിക് സ്കൂൾ അടച്ചുപൂട്ടിയതിനെതിരെ പ്രതിഷേധം ശക്തമാക്കി രക്ഷിതാക്കളും വിദ്യാർഥികളും. സ്കൂൾ മാനേജ്മെന്റ് കമ്മിറ്റിയോടോ പിടിഎയോടോ ചർച്ച നടത്താതെയാണ് ലക്ഷദ്വീപ് അഡ്മിനിസ്ട്രേഷൻ സ്കൂൾ അടച്ചുപൂട്ടിയത്. ഇതോടെ നൂറിൽപ്പരം വിദ്യാർഥികളുടെ പഠനം നിലച്ചു.
ഒരുമാസമായി വിദ്യാർഥികൾക്ക് ക്ലാസില്ല. കേരള സിലബസിലുള്ള ജെബിഎസ് സ്കൂൾ മറ്റൊരു സ്‌കൂളുമായി ലയിപ്പിക്കുകയായിരുന്നു. ലയിപ്പിച്ച പുതിയ സ്‌കൂൾ മൂന്നു കിലോമീറ്റർ അകലെയാണ്. ഇവിടേക്ക് യാത്രാസൗകര്യവും ഒരുക്കിയിട്ടില്ല.
അഗത്തി, ആന്ത്രോത്ത് എന്നിവിടങ്ങളിലെ രണ്ട് സ്കൂളുകളാണ് ലക്ഷദ്വീപ് അഡ്മിനിസ്ട്രേഷൻ മറ്റ് സ്കൂളുകളുമായി ലയിപ്പിച്ചത്. ലക്ഷദ്വീപ് സ്‌കൂളുകളിൽ ത്രിഭാഷാനയം അടിച്ചേൽപ്പിക്കാനുള്ള കേന്ദ്രസർക്കാർ ശ്രമത്തിനു പിന്നാലെയാണ് പുതിയ നീക്കം.
ഏകപക്ഷീയമായ അടച്ചുപൂട്ടലിനെതിരെ വിദ്യാർഥികൾ ഉൾപ്പെടെ നാടാകെ തെരുവിൽ പ്രതിഷേധം ശക്തമാക്കി. ദ്വീപിലെ അഭ്യസ്തവിദ്യരായ ചെറുപ്പക്കാരെ നിയോഗിച്ച് രക്ഷിതാക്കൾ കുട്ടികൾക്കായി പഠനക്ലാസുകൾ സംഘടിപ്പിക്കുകയാണിപ്പോൾ.
സ്കൂൾ പൂട്ടിയതിനെതിരെ രക്ഷിതാക്കൾ ഹൈക്കോടതിയിൽ ഹർജി നൽകി.
ലക്ഷദ്വീപിലെ പാഠ്യപദ്ധതിയിൽ മാറ്റംവരുത്തുന്നതിനു മുമ്പ് പഠനം നടത്തണമെന്നും അധ്യാപകർ, വിദ്യാർഥി പ്രതിനിധികൾ, വിദ്യാഭ്യാസവകുപ്പ് ഉദ്യോഗസ്ഥർ തുടങ്ങിയവരിൽനിന്ന് അഭിപ്രായം തേടണമെന്നും നേരത്തേ ഹൈക്കോടതി നിർദേശിച്ചിരുന്നു. ഇതെല്ലാം കാറ്റിൽപ്പറത്തിയാണ് സ്കൂൾ അടച്ചുപൂട്ടിയതെന്ന് രക്ഷിതാക്കൾ പറഞ്ഞു.








0 comments