print edition ഇ ഡി കെട്ടിച്ചമച്ച കേസ്; ജനാധിപത്യത്തിന് അപമാനം: കെ വി അബ്ദുൾഖാദർ

തൃശൂർ: സിപിഐ എമ്മിനെ പ്രതിയാക്കി ഇ ഡി കെട്ടിച്ചമച്ച കരുവന്നൂർ കേസ് ഇന്ത്യൻ ജനാധിപത്യത്തിനും നീതിന്യായ വ്യവസ്ഥക്കും അപമാനകരമാണെന്ന് സിപിഐ എം തൃശൂർ ജില്ലാ സെക്രട്ടറി കെ വി അബ്ദുൾഖാദർ പറഞ്ഞു. പ്രതിപക്ഷ സ്വരങ്ങളെ ഇല്ലാതാക്കാനാണ് ബിജെപി നേതൃത്വത്തിലുള്ള കേന്ദ്ര സർക്കാർ ശ്രമിക്കുന്നത്. കേന്ദ്ര അന്വേഷണ ഏജൻസിയായ ഇ ഡി രാഷ്ട്രീയ വിവേചനത്തോടെയാണ് പ്രവർത്തിക്കുന്നത്. കള്ളപ്പണം തടയാൻ പാർലമെന്റ് പാസാക്കിയ നിയമം രാഷ്ട്രീയ ദുഷ്ടലാക്കോടെ ദുരുപയോഗിക്കുകയാണ്. ഇഡി കേസിൽ ജാമ്യമെടുത്തശേഷം മാധ്യമപ്രവർത്തകരോട് പ്രതികരിക്കുകയായിരുന്നു അദ്ദേഹം.
വ്യക്തിപരമായി എന്തെങ്കിലും കുറ്റം ചെയ്തതിനല്ല, കേരള ചരിത്രത്തിലാദ്യമായി ഒരു രാഷ്ട്രീയ പാർടിയെ ക്രിമിനൽ കേസിൽ പ്രതിയാക്കിയ സംഭവത്തിലാണ് ജില്ലാ സെക്രട്ടറിയെന്ന നിലയിൽ ജാമ്യമെടുത്തത്. കോടികളുടെ കൊടകര കുഴൽപ്പണ ഇടപാട് ഇഡി ബിജെപിക്കുവേണ്ടി അട്ടിമറിച്ചു. കൊടുങ്ങല്ലൂരിലെ വൻ കള്ളനോട്ടടി സംഘത്തിലെ പ്രതികൾ ബിജെപിക്കാരായതിനാൽ ആ കേസ് അന്വേഷിക്കുന്നുപോലുമില്ല.
അതേസമയം സിപിഐ എമ്മിനെ തകർക്കാനാണ് പിഎംഎൽഎ നിയമം അനുസരിച്ച് കേസെടുത്തത്. ഇതിനെ നിയമപരവും രാഷ്ടീയപരവുമായി നേരിടും. നീതിക്കായി നിയമ പോരാട്ടം തുടരും. കള്ളക്കേസിനെ മാധ്യമങ്ങളും ശരിയായി വിലയിരുത്തണം. അധികാരത്തിലില്ലാത്ത പാർടിയെ കേന്ദ്രാധികാരം ഉപയോഗിച്ച് തകർക്കാനാണ് ബിജെപി ശ്രമിക്കുന്നത്. ഇതിനെതിരെ മുഴുവൻ ജനാധിപത്യവാദികളും ഒന്നിക്കണമെന്നും കെ വി അബ്ദുൾഖാദർ പറഞ്ഞു.










0 comments