print edition പ്രതിസന്ധിക്ക് കാരണം ഏകോപനമില്ലായ്‌മ: മാവേലി സ്റ്റോറിൽ അരിയില്ല; തലവടിയിൽ ക്യാമ്പുകളിൽ കഞ്ഞികുടി മുട്ടി

അരി വാങ്ങാൻ നീരേറ്റുപുറത്തുള്ള മാവേലി സ്റ്റോറിനുമുന്നിൽ കാത്തുനിൽക്കുന്നവർ
മങ്കൊമ്പ്: മാവേലി സ്റ്റോറിൽ അരി ശേഖരം തീർന്നതോടെ പ്രളയം രൂക്ഷമായ കുട്ടനാട്ടെ തലവടിയിൽ ദുരിതാശ്വാസക്യാമ്പിലും കഞ്ഞിവീഴ്‌ത്തൽ കേന്ദ്രങ്ങളിലും കഞ്ഞികുടി പ്രതിസന്ധിയിലായി. തലവടി പഞ്ചായത്തിൽ മാത്രം 12 ദുരിതാശ്വാസ ക്യാമ്പുണ്ട്.
ക്യാമ്പുകളിൽ മാത്രം 800ഓളം പേരുണ്ട്. കൂടാതെ 14 വാർഡുള്ള ഇവിടെ ഓരോ വാർഡിലും 10ഉം 12ഉം കഞ്ഞിവീഴ്ത്തൽ കേന്ദ്രങ്ങളുമുണ്ട്. ഇവിടെ ഭക്ഷണത്തിന് ആശ്രയിക്കുന്നവർ 9000ത്തിലേറെ വരും. വെള്ളപ്പൊക്കം ബാധിച്ച് വേലയും കൂലിയും ഇല്ലാതായ പതിനായിരത്തോളം പട്ടിണിപ്പാവങ്ങളുടെ കഞ്ഞിയിലാണ് സർക്കാരിന്റെ അനാസ്ഥ മണ്ണുവാരിയിട്ടത്.
ഇൗ കേന്ദ്രങ്ങളിലേക്ക് നീരേറ്റുപുറം മാവേലിസ്‌റ്റോറിൽ നിന്നാണ് അരി നൽകേണ്ടിയിരുന്നത്.
ബുധനാഴ്ച കുറച്ചുപേർക്ക് നൽകിയപ്പോൾതന്നെ അരി തീർന്നു. വ്യാഴാഴ്ച രാവിലെ ക്യാമ്പുകളിലേക്കും ഗ്രുവൽ സെന്ററുകളിലേക്കും അരി വാങ്ങാൻ എത്തിയപ്പോൾ മാത്രമാണ് സ്‌റ്റോക്കില്ലെന്ന് അറിയുന്നത്. അരി വരുമെന്ന് കരുതി മണിക്കൂറുകളാണ് മാവേലി സ്റ്റോറിനു മുന്നിൽ ആളുകൾ കാത്തുകിടന്നത്. എന്നിട്ടും എത്തിയില്ല.
നിലവിൽ സന്നദ്ധ സംഘടനകളുടെയും വ്യക്തികളുടെയും സംഭാവനകളെ ആശ്രയിച്ചാണ് പല കേന്ദ്രങ്ങളിലും ഭക്ഷണ വിതരണം മുന്നോട്ടുപോകുന്നത്. മുൻ വർഷങ്ങളിലേതുപോലെ ക്യാമ്പ് നടത്തിപ്പിൽ സർക്കാർ ഏകോപനമില്ലാത്തതാണ് വീഴ്‌ചയ്‌ക്ക് കാരണമായത്. ഇത്തവണ ക്യാമ്പ് നടത്തിപ്പിന്റെ പ്രധാന ചുമതല പഞ്ചായത്തിനാണ്.
ക്യാമ്പുകളുടെയും കഞ്ഞിവീഴ്ത്തൽ കേന്ദ്രങ്ങളുടെയും പ്രവർത്തനം തടസ്സപ്പെടാതിരിക്കാൻ അടിയന്തരമായി അരി ലഭ്യമാക്കണമെന്ന് പഞ്ചായത്ത് അധികൃതരും ജനപ്രതിനിധികളും ആവശ്യപ്പെട്ടു.










0 comments