ad
Deshabhimani

സർക്കാർ- കാരുണ്യ ഫാർമസികൾ കാലി: മരുന്നുകൾ വാങ്ങാതെ അനാസ്ഥ; സ്വകാര്യമാഫിയയെ സഹായിക്കാനെന്ന് ആക്ഷേപം

mediciene
വെബ് ഡെസ്ക്

Published on Sep 23, 2026, 02:39 PM | 1 min read

തിരുവനന്തപുരം: സംസ്ഥാനത്തെ സർക്കാർ ആശുപത്രികളിലും കാരുണ്യ ഫാർമസികളിലും ജീവൻരക്ഷാ മരുന്നുകൾപോലും കിട്ടാതെ രോഗികൾ വലയുന്നു. ആന്റിബയോട്ടിക്കുകളോ കഫ് സിറപ്പുകളോ പോലുമുള്ള പ്രാഥമിക മരുന്നുകൾ പോലും ലഭ്യമല്ല. ഈ വർഷത്തെ മരുന്നുകളുടെ പർച്ചേസ് നടത്താൻ ഇതുവരെ സർക്കാരിന് കഴിഞ്ഞിട്ടില്ല. വിഷയം അതീവ ഗുരുതരമായിട്ടും യാതൊരുവിധ ആലോചനയോ അടിയന്തര തീരുമാനങ്ങളോ എടുക്കാതെ തികഞ്ഞ അനാസ്ഥയാണ് സർക്കാർ പുലർത്തുന്നത്.


പൊതുമേഖലയിലെ മരുന്നുവിതരണ സംവിധാനം തകർക്കുകയും അതിനോടൊപ്പം സ്വകാര്യ മരുന്നുമാഫിയകൾക്ക് കോടികളുടെ കൊള്ളലാഭമുണ്ടാക്കിക്കൊടുക്കുകയുമാണ് സർക്കാരെന്ന ആക്ഷേപം ശക്തമാണ്. മുൻപ് മരുന്നുകളുടെ ഗുണനിലവാരം പരിശോധിക്കുന്ന ക്വാളിറ്റി കൺട്രോൾ വിഭാഗം നിർത്തലാക്കാനുള്ള തീരുമാനം വലിയ മരുന്നുക്ഷാമത്തിന് വഴിതെളിക്കുമെന്ന് വിമർശനമുയർന്നിട്ടും ആരോഗ്യവകുപ്പ് ഒരു നടപടിയും സ്വീകരിച്ചില്ല.


യുഡിഎഫ് സർക്കാരിന്റെ ജനവിരുദ്ധ നയങ്ങളും കെടുകാര്യസ്ഥതയും കാരണം സാധാരണക്കാർക്ക് ആശ്വാസമാകേണ്ട പൊതുജനാരോഗ്യ മേഖല തകർന്ന് തരിപ്പണമാവുകയാണ്. പ്രാഥമിക മരുന്നുകൾ പോലും ലഭ്യമാകാതെ പാവപ്പെട്ട രോഗികൾ ദുരിതത്തിലായിട്ടും ആരോഗ്യവകുപ്പ് തിരിഞ്ഞുനോക്കുന്നില്ല. യുഡിഎഫ് അധികാരത്തിലെത്തിയതോടെ മരുന്നുവിതരണ സംവിധാനത്തിന്റെ താക്കോൽസ്ഥാനങ്ങളിൽ നിന്ന് ഉദ്യോഗസ്ഥരെ മാറ്റി. ഇതാണ് കേരള മെഡിക്കൽ സർവീസസ് കോർപറേഷൻ ലിമിറ്റഡിന്റെ (കെഎംഎസ്‌സിഎൽ) പ്രവർത്തനം താളംതെറ്റിച്ചത്.


ആശുപത്രികളിൽ ആവശ്യമുള്ള മരുന്നുകളുടെ പട്ടിക തയ്യാറാക്കാനോ സ്റ്റോക്ക്‌ കണ്ടെത്താനോ പല ജില്ലയിലും മാനേജർ തസ്തികയിലുൾപ്പെടെ ആളില്ല. തസ്‌തിക ഒഴിഞ്ഞുകിടക്കുന്നതിനുപുറമേ ക്വാളിറ്റി കൺട്രോൾ വിഭാഗം നിർത്തലാക്കിയതും സ്ഥിതി വഷളാക്കി. ദേശീയതലത്തിൽ ഇ–ടെണ്ടർ വിളിച്ചാണ്‌ കെഎംഎസ്‌സിഎൽ ആശുപത്രികളിലേക്ക്‌ മരുന്ന്‌ സംഭരിക്കുന്നത്‌. ക്വാളിറ്റി കൺട്രോൾ വിഭാഗമാണ്‌ കമ്പനികളിൽ ബാച്ച്‌ പരിശോധന നടത്തി മരുന്നുകൾക്ക്‌ ഓർഡർ നൽകുക. ഇ‍ൗ പ്രവർത്തനങ്ങൾ താറുമാറായി.




deshabhimani section

Related News

View More
0 comments
Sort by

Deshabhimani
Home