ad
Deshabhimani

print edition കുന്നത്തുകാൽ ബഡ്സ് സ്കൂളിലെ അമ്മമാർ ഹാപ്പി

Buds school.jpg

കുന്നത്തുകാൽ ബഡ്സ് സ്കൂളിൽ പുതുതായി നിർമ്മിച്ച സെൻസറി റൂം

വെബ് ഡെസ്ക്

Published on Jun 02, 2026, 01:14 AM | 1 min read

വെള്ളറട: കുന്നത്തുകാൽ ബഡ്സ് സ്കൂളിലെ വിദ്യാർഥികളുടെ അമ്മമാർക്ക്‌ ഇപ്പോൾ മക്കളെക്കുറിച്ചോർത്ത്‌ ആധിയില്ല. അത്യാധുനിക തെറാപ്പി മെഷീനുകളാണ്‌ കഴിഞ്ഞ എൽഡിഎഫ്‌ സർക്കാർ സജ്ജമാക്കിയത്‌. ഗ്രാമീണ മേഖലയിലെ ഭിന്നശേഷി കുട്ടികളുടെ പുനരധിവാസത്തിലും പരിചരണത്തിലും വിപ്ലവകരമായ കുതിച്ചുചാട്ടത്തിനൊരുങ്ങുകയാണ് കുന്നത്തുകാൽ ബിആർസിക്കുകീഴിലുള്ള ബഡ്സ് റീഹാബിലിറ്റേഷൻ സെന്റർ.


വികസിത രാജ്യങ്ങളിലെ വൻകിട ആശുപത്രികളിൽമാത്രം ലഭ്യമായിരുന്ന അത്യാധുനിക തെറാപ്പി സൗകര്യങ്ങളാണ് ഈ ഗ്രാമത്തിൽ യാഥാർഥ്യമായിരിക്കുന്നത്. കുടുംബശ്രീ പ്ലാൻ ഫണ്ടിൽനിന്ന്‌ 21.56 ലക്ഷം രൂപ വിനിയോഗിച്ചാണ് അന്താരാഷ്ട്ര നിലവാരത്തിലുള്ള സെൻസറി റൂമും വെർച്വൽ തെറാപ്പി യൂണിറ്റും സജ്ജീകരിച്ചിരിക്കുന്നത്.


ശാരീരിക–-മാനസിക വെല്ലുവിളികളെ ശാസ്ത്രീയമായി മറികടക്കാൻ സഹായിക്കുന്ന പ്രത്യേക ലോകമാണ് സെൻസറി റൂം. കുട്ടികളിലെ അമിത ഉൽക്കണ്ഠയും ആകുലതകളും നിയന്ത്രിക്കാൻ ഈ മുറിയിലെ ശാന്തമായ പ്രകാശവിന്യാസങ്ങൾക്കും പ്രത്യേക ശബ്ദക്രമീകരണങ്ങൾക്കും സാധിക്കും.


വെർച്വൽ റിയാലിറ്റിയുടെ സഹായത്തോടെയാണ് വെർച്വൽ തെറാപ്പി യൂണിറ്റ് പ്രവർത്തിക്കുന്നത്‌. വ്യായാമങ്ങളോടും ശാരീരിക തെറാപ്പികളോടും വിമുഖത കാണിക്കുന്ന കുട്ടികൾക്ക് ഒരു കൃത്രിമ പരിസ്ഥിതി സൃഷ്ടിച്ച്, കളിരൂപത്തിൽ തെറാപ്പി നൽകാൻ ഇതിലൂടെ സാധിക്കുന്നു.


ഹോർട്ടികൾച്ചറൽ തെറാപ്പി ഗാർഡൻ


"പ്രകൃതിയിലൂടെ സുസ്ഥിതിയിലേക്ക്’ ആശയത്തിലൂന്നി വലിയൊരു ഹോർട്ടികൾച്ചറൽ തെറാപ്പി ഗാർഡൻ ഇവിടെ ഒരുക്കിയിട്ടുണ്ട്. പൂർണമായും വീൽചെയർ സൗഹൃദപാതകളും തണൽ കേന്ദ്രങ്ങളും നിറഞ്ഞ ഈ തോട്ടത്തിൽ കുട്ടികൾ നേരിട്ട് വിത്തുപാകാനും ബോൺസായ് മരങ്ങൾ ഒരുക്കാനും മണ്ണ് പുതയിടാനും കമ്പോസ്റ്റിങ്ങിനുമെല്ലാം പരിശീലനം നേടുന്നുണ്ട്‌.


വൊക്കേഷണൽ ട്രെയിനിങ്ങും നൽകുന്നുണ്ട്‌. തുണിസഞ്ചികൾ, പരിസ്ഥിതി സൗഹൃദ നോട്ട്പാഡുകൾ, മെഴുകുതിരികൾ, ഫ്ലോർ ക്ലീനറുകൾ എന്നിവയെല്ലാം വിദ്യാർഥികൾ നിർമിക്കുന്നുണ്ട്‌. ഇവർ നിർമിക്കുന്ന ‘ബട്ടർഫ്ലൈസ് ജൈവവളം' വിപണിയിൽ ഏറെ ശ്രദ്ധനേടിയിട്ടുണ്ട്‌.


​അമ്മമാർക്കും 
വരുമാനം ഉറപ്പ്‌


കുട്ടികളുടെ പുനരധിവാസം മാത്രമല്ല, അവരെ പരിചരിക്കുന്ന അമ്മമാരുടെ മാനസികവും സാമ്പത്തികവുമായ സുരക്ഷിതത്വംകൂടി ഉറപ്പാക്കുന്നതിന്‌ സെന്ററിനോട് ചേർന്ന് ഒരു കോഫി ഷോപ്പും ആരംഭിച്ചിട്ടുണ്ട്‌.

തദ്ദേശ സ്വയംഭരണവകുപ്പ്, കുടുംബശ്രീ എന്നിവയുടെ പിന്തുണയും പദ്ധതികൾക്കുണ്ട്‌. സ്പെഷ്യൽ എഡ്യൂക്കേറ്റർ എസ് ആർ അംബികാകുമാരിക്കാണ്‌ ചുമതല.




deshabhimani section

Related News

View More
0 comments
Sort by

deshabhimani section

Dont Miss it

deshabhimani section

Recommended

Deshabhimani
Home